‘പതിനെട്ടാംപടി മലയാള സിനിമകളിലെ മികച്ച ചിത്രങ്ങളില്‍ ഒന്നാകും’; ചിത്രത്തെ പ്രശംസിച്ച് അനൂപ് മേനോന്‍

നടനും എഴുത്തുകാരനുമായ ശങ്കര്‍ രാമകൃഷ്ണന്‍ ആണ് ചിത്രം സംവിധാനം ചെയ്തത്

മമ്മൂട്ടിയും പുതുമുഖങ്ങളും ഒരുമിച്ചെത്തിയ ‘പതിനെട്ടാംപടി’ കഴിഞ്ഞ ദിവസമാണ് തീയ്യേറ്ററുകളില്‍ എത്തിയത്. ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ച് കൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തെ പ്രശംസിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് നടന്‍ അനൂപ് മേനോന്‍. ഫേസ്ബുക്കിലൂടെ ആണ് അദ്ദേഹം ചിത്രത്തെ പ്രശംസിച്ചത്.

‘പതിനെട്ടാംപടി കണ്ടു. അതിരറ്റ സിനിമാനുഭവമാണിത്. ചിത്രത്തിലെ ഓരോ ചെറിയ അംശവും എനിക്ക് ഇഷ്ടപ്പെട്ടു.. ശങ്കര്‍ രാമകൃഷ്ണന്‍.. പ്രിയപ്പെട്ട ശങ്കൂ.. ഇന്നത്തെ ദിവസം നിന്റേതാണ്.. മലയാളത്തിലെ തന്നെ മികച്ച ചിത്രങ്ങളെടുത്താല്‍ അതിലൊന്നാകുമിത്.. ഈ ചിത്രമെടുക്കാന്‍ നീ നേരിട്ട വേദനയും അനുഭവിച്ച ഹീനമായ താഴ്ത്തിക്കെട്ടലുകളും ശകാരങ്ങളും ഞാന്‍ നേരിട്ട് കണ്ടിട്ടുള്ളതാണ്.. പുതിയ സിനിമാമോഹികള്‍ക്കും നവാഗതരായ സംവിധായകര്‍ക്കും മുകളില്‍ നീ പ്രചോദനമായി ഉയര്‍ന്നു നില്‍ക്കുകയാണ്. എത്ര ബൃഹത്തായ പരിശ്രമം.. എത്ര ഭംഗിയായി നിര്‍വഹിച്ചു.. നിങ്ങള്‍ ഓരോരുത്തരും ഈ സിനിമ കാണണം, ഈ കലര്‍പ്പില്ലാത്ത സിനിമാ സംവിധായകന് കൂടുതല്‍ കരുത്താര്‍ന്ന ചിറകുകള്‍ നല്‍കണം.. മനസില്‍ സ്നേഹവും അഭിമാനവും നിറയുന്നു’ എന്നാണ് അനൂപ് മേനോന്‍ ഫേസ്ബുക്കില്‍ കുറിച്ചത്.

നടനും എഴുത്തുകാരനുമായ ശങ്കര്‍ രാമകൃഷ്ണന്‍ ആണ് ചിത്രം സംവിധാനം ചെയ്തത്. ചിത്രത്തിലെ മമ്മൂട്ടി എബ്രഹാം പാലയ്ക്കല്‍ എന്ന കഥാപാത്രമായാണ് എത്തിയത്. ഗസ്റ്റ് റോളിലാണ് താരം എത്തിയത്. ചിത്രത്തിലെ മമ്മൂട്ടിയുടെ ലുക്കും വൈറലായിരുന്നു. പൃഥ്വിരാജ്, ഉണ്ണി മുകുന്ദന്‍, ആര്യ, മനോജ് കെ ജയന്‍, പ്രിയാമണി എന്നീ പ്രമുഖ താരങ്ങള്‍ക്കൊപ്പം നിരവധി പുതുമുഖ താരങ്ങളും ചിത്രത്തില്‍ അണിനിരന്നിരുന്നു.

Exit mobile version