വൈറസിലെ ശ്രീനാഥ് ഭാസി തകര്‍പ്പനാക്കിയ ആ കഥാപാത്രത്തെ എന്തുകൊണ്ട് കാളിദാസ് ജയറാം ഒഴിവാക്കി?

എന്തു കൊണ്ട് കാളിദാസ് വൈറസ് ഒഴിവാക്കി?

ആദ്യഘട്ടത്തില്‍ കേരളത്തെ ആശങ്കയിലാഴ്ത്തി ഭയപ്പെടുത്തിയ നിപ്പാ വൈറസ് ബാധയെ ആസ്പദമാക്കി ആഷിക്ക് അബു തയ്യാറാക്കിയ വൈറസ് ചിത്രം മികച്ച പ്രേക്ഷക പ്രതികരണത്തോടെ തീയ്യേറ്ററുകളില്‍ നിറഞ്ഞോടുകയാണ്. ഇതിനിടെയാണ് സമൂഹമാധ്യമങ്ങളില്‍ എന്തു കൊണ്ട് കാളിദാസ് വൈറസ് ഒഴിവാക്കി? എന്ന വളരെ പ്രസക്തമായ ചോദ്യം ഉയരുന്നത്. യുവ താരനിരയിലെ പ്രമുഖരെല്ലാം തന്നെ അഭിനയിച്ച ചിത്രത്തില്‍ കാളിദാസിനായും ഒരുകഥാപാത്രത്തെ നീക്കി വെച്ചിട്ടുണ്ടായിരുന്നു. എന്നാല്‍ പിന്നീട് കാളിദാസിനു പകരം ആ റോളില്‍ എത്തിയത് ശ്രീനാഥ് ഭാസിയാണ്.

മെഡിക്കല്‍ കോളജ് വിദ്യാര്‍ത്ഥിയായ ഡോ. ആബിദ് എന്ന കഥാപാത്രമായിരുന്നു ശ്രീനാഥ് അവതരിപ്പിച്ചത്. ഇത് കാളിദാസ് ചെയ്യേണ്ടിയിരുന്നതായിരുന്നു. കാളിദാസ് പിന്മാറിയതോടെയാണ് ആബിദ് ശ്രീനാഥ് ഭാസിയെ തേടിയെത്തിയത്. അദ്ദേഹം ആ കഥാപാത്രത്തെ മികവുറ്റതാക്കിയിട്ടുമുണ്ട്.

അതേസമയം, ജീത്തു ജോസഫിന്റെ മിസ്റ്റര്‍ ആന്‍ഡ് മിസ്സ് റൗഡി, മിഥുന്‍ മാനുവലിന്റെ അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍ക്കടവ് എന്നീ ചിത്രങ്ങളുടെ ഷൂട്ടിങ് തിരക്കിലായിരുന്നതിനാലാണ് കാളിദാസ് വൈറസ് ചിത്രം ഒഴിവാക്കാന്‍ തീരുമാനിച്ചതെന്നാണ് വിവരം. എന്നാല്‍ ചിത്രത്തില്‍ ഉടനീളം നിറഞ്ഞു നില്‍ക്കുന്ന ആബിദ് എന്ന കഥാപാത്രത്തെ കാളിദാസ് ഒഴിവാക്കേണ്ടിയിരുന്നില്ല എന്നാണ് ആരാധകര്‍ പറയുന്നത്.

നിലവില്‍ സന്തോഷ് ശിവന്‍ സംവിധാനം ചെയ്യുന്ന ജാക്ക് ആന്‍ഡ് ജില്‍ എന്ന ചിത്രത്തില്‍ അഭിനയിക്കുകയാണ് കാളിദാസ്. മഞ്ജു വാര്യര്‍ ആണ് ഈ ചിത്രത്തില്‍ മറ്റൊരു പ്രധാനവേഷം ചെയ്യുന്നത്.

Exit mobile version