റഷ്യന്‍ അന്താരാഷ്ട്ര ചലച്ചിത്രമേളയിലും താരം; വീണ്ടും പുരസ്‌കാര തിളക്കത്തില്‍ ‘സുഡാനി ഫ്രം നൈജീരിയ’

സംവിധായകന്‍ സക്കറിയ ഫേസ്ബുക്കിലൂടെയാണ് പുരസ്‌കാര വിവരം അറിയിച്ചത്

സക്കറിയ മുഹമ്മദ് സംവിധാനം ചെയ്ത സുഡാനി ഫ്രം നൈജീരിയയ്ക്ക് വീണ്ടും പുരസ്‌കാരം. റഷ്യന്‍ അന്താരാഷ്ട്ര ചലച്ചിത്രമേളയിലാണ് ചിത്രത്തിന് വീണ്ടും പുരസ്‌കാരം ലഭിച്ചിരിക്കുന്നത്. റഷ്യയില്‍ നടന്ന ഹീറോ ആന്‍ഡ് ടൈം അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ പ്രേക്ഷക അവാര്‍ഡാണ് ചിത്രം കരസ്ഥമാക്കിയത്. സംവിധായകന്‍ സക്കറിയ ഫേസ്ബുക്കിലൂടെയാണ് പുരസ്‌കാര വിവരം അറിയിച്ചത്.

സൗബിന്‍ ഷാഹിര്‍ കേന്ദ്രകഥാപാത്രമായെത്തിയ ചിത്രത്തിന് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങളടക്കം നിരവധി പുരസ്‌കാരങ്ങള്‍ ഇതിനകം ലഭിച്ചു കഴിഞ്ഞു. മലപ്പുറത്തിന്റെ നന്മയെയും ഫുട്‌ബോള്‍ ആവേശത്തെയും ആവോളം പകര്‍ത്തിയ ചിത്രം കൂടിയായിരുന്നു ഇത്. ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരം സൗബിന് ലഭിച്ചിരുന്നു.

ഇതിന് പുറമെ മികച്ച നവാഗത സംവിധായകനുള്ള പുരസ്‌കാരം ലഭിച്ചത് സംവിധായകന്‍ സക്കറിയക്കാണ്. സുഡാനിയിലെ മജീദിന്റെ ഉമ്മയായി മികച്ച അഭിനയം കാഴ്ച വെച്ച സാവിത്രി ശ്രീധരനും ഉമ്മയുടെ കൂട്ടുകാരിയായി തകര്‍പ്പന്‍ പ്രകടനം കാഴ്ച വെച്ച സരസ ബാലുശ്ശേരിയും മികച്ച സ്വഭാവ നടിമാര്‍ക്കുമുള്ള പുരസ്‌കാരം നേടിയെടുത്തു. മികച്ച ജനപ്രീതിയും കലാമേന്മയുമുള്ള ചിത്രത്തിനുള്ള പ്രത്യേക പുരസ്‌കാരവും സുഡാനിക്ക് ലഭിച്ചിരുന്നു. 23ാമത് രാജ്യാന്തര ചലച്ചിത്രമേളയില്‍ മികച്ച ചിത്രത്തിനുള്ള പുരസ്‌കാരവും സുഡാനി ഫ്രം നൈജീരിയയ്ക്ക് ലഭിച്ചിരുന്നു.

Exit mobile version