അന്ന് ജയസൂര്യ കാലുപിടിച്ചു; ഇന്നാകട്ടെ മോഹന്‍ലാലും ജയസൂര്യയും തിരിഞ്ഞുനോക്കുന്നില്ല; ചിലര്‍ സിനിമകളുടെ സാറ്റലൈറ്റ് അവകാശം തട്ടിയെടുത്തു; ആരോപണങ്ങളുമായി പികെആര്‍ പിള്ളയുടെ കുടുംബം

കൈപിടിച്ചുയര്‍ത്തിയ മോഹന്‍ലാലും ജയസൂര്യയും ഉള്‍പ്പെടെ മലയാള സിനിമയിലുള്ള മുതിര്‍ന്നവര്‍ തിരിഞ്ഞു നോക്കാത്ത സ്ഥിതിയാണ് ഇപ്പോള്‍.

സിനിമയില്‍ വലിയ താരങ്ങളാക്കി ഉയര്‍ത്തിയ നടന്മാരായ മോഹന്‍ലാലും ജയസൂര്യയും ദുരിതകാലത്ത് തങ്ങളെ തിരിഞ്ഞുനോക്കിയില്ലെന്ന ആരോപണവുമായി പ്രശസ്ത നിര്‍മ്മാതാവ് പികെആര്‍ പിള്ളയുടെ ഭാര്യ രമ. കൈപിടിച്ചുയര്‍ത്തിയ മോഹന്‍ലാലും ജയസൂര്യയും ഉള്‍പ്പെടെ മലയാള സിനിമയിലുള്ള മുതിര്‍ന്നവര്‍ തിരിഞ്ഞു നോക്കാത്ത സ്ഥിതിയാണ് ഇപ്പോള്‍. സ്വന്തമായി നിര്‍മ്മിച്ച 24 സിനിമകളുടെ സാറ്റലൈറ്റ് റൈറ്റ് ചുളുവില്‍ സ്വന്തമാക്കിയവര്‍ പോലും കൈയ്യൊഴിഞ്ഞു. വെറും 12 ലക്ഷം രൂപയ്ക്ക് ഇത് സ്വന്തമാക്കിയ ആള്‍ അതു വെച്ച് കോടികള്‍ കൊയ്യുകയാണെന്നും അവര്‍ കുറ്റപ്പെടുത്തി.

നിര്‍മ്മിച്ച മുഴുവന്‍ ചിത്രങ്ങളുടെയും സാറ്റലൈറ്റ് റൈറ്റ് പോലും ആരുടെയോ കൈകളിലാണ്. ഈ സിനിമകളുടെ സാറ്റലൈറ്റ് കൈവശമുള്ളവര്‍ സ്വന്തമാക്കിയത് കോടികളാണ്. ഈ സാറ്റലൈറ്റ് മാത്രമുണ്ടെങ്കില്‍ ഞങ്ങള്‍ക്ക് ഈ ഗതി വരുമായിരുന്നില്ല. 24 പടങ്ങളുടെ സാറ്റലൈറ്റ് റൈറ്റ് വെറും 12 ലക്ഷം രൂപയ്ക്ക് താന്‍ സ്വന്തമാക്കി എന്നാണ് സിനിമാരംഗത്തുള്ള ഒരാള്‍ പറയുന്നത്. ഇത് തന്നെ തട്ടിപ്പല്ലേ? ഇതിലൊക്കെ ചതി മണക്കുകയാണ്. നിര്‍മ്മിച്ച സൂപ്പര്‍ഹിറ്റ് സിനിമകളുടെ ഒരു പൈസ പോലും ലഭിക്കുന്നില്ല. റൈറ്റിന് പിറകെ പോകാന്‍ കഴിയുന്നുമില്ല. പക്ഷെ ഇപ്പോഴത്തെ കഷ്ടസ്ഥിതിയില്‍ നിയമനടപടികള്‍ ഞങ്ങള്‍ ആലോചിച്ചു കൊണ്ടിരിക്കുകയാണെന്നും രമ പറയുന്നു.

മോഹന്‍ലാല്‍ ഇത്ര വലിയ താരമായതിനു പിന്നില്‍ പികെആര്‍പിള്ള എന്ന വ്യക്തിക്ക് പങ്കുണ്ട്. പികെആര്‍ പിള്ളയില്ലെങ്കില്‍ ജയസൂര്യ സിനിമാലോകം പോലും കാണുമായിരുന്നില്ല. അവരൊക്കെ പിള്ളസാറിനെ മറക്കരുതായിരുന്നു. ഒന്നു വന്നു കാണേണ്ടതായിരുന്നു എന്നും രമ പറയുന്നു. കാലുപിടിച്ചാണ് ഊമപ്പെണ്ണിന് ഉരിയാടാപ്പയ്യനില്‍ ജയസൂര്യ നായകനായത്. ജയസൂര്യ നായകനായി വന്ന ഊമപ്പെണ്ണിനു ഊരിയാടാപ്പയ്യന്‍ ഞങ്ങളുടെ സിനിമയാണ്. ഊമപ്പെണ്ണു വിജയിച്ചിരുന്നില്ലെങ്കില്‍ ഇന്നത്തെ ജയസൂര്യ ഉണ്ടാവുമായിരുന്നില്ല. ജയസൂര്യയുടെ അടുത്ത സിനിമ പ്രണയമണിത്തൂവലും ഞങ്ങളുടെയായിരുന്നുവെന്നും രമ പറഞ്ഞു. മോഹന്‍ലാലിന്റെ വന്ദനം, ചിത്രം തുടങ്ങിയ ഒട്ടനവധി ഹിറ്റ് ചിത്രങ്ങള്‍ നിര്‍മ്മിച്ചത് പികെആര്‍ പിള്ളയാണ്.

Exit mobile version