‘സോഷ്യല്‍ മീഡിയയ്ക്ക് ഒരു ചിത്രത്തെ തകര്‍ക്കാനാകുമെന്ന് വിശ്വസിക്കുന്നില്ല, എല്ലാവരും നിരൂപണം വായിച്ചും കേട്ടുമല്ല ചിത്രം കാണാന്‍ പോകുന്നത്’; ദുല്‍ഖര്‍ സല്‍മാന്‍

പടത്തിനൊരു നന്മയുണ്ടെങ്കില്‍ അത് തീര്‍ച്ചയായും വിജയിക്കും

ചെറിയ ഒരു ഇടവേളയ്ക്ക് ശേഷം ദുല്‍ഖര്‍ നായകനായി എത്തിയ മലയാള ചിത്രമാണ് ‘ഒരു യമണ്ടന്‍ പ്രേമകഥ’. ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചുക്കൊണ്ടിരിക്കുന്നത്. ദുല്‍ഖറിന്റെ തിരിച്ചുവരവ് ഗംഭീരമായെന്നാണ് ആരാധകര്‍ പറയുന്നത്. അതേസമയം ചിത്രത്തെ കുറിച്ച് മോശം അഭിപ്രായം പറഞ്ഞ് ചിലര്‍ സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ഈ അവസരത്തിലാണ് സോഷ്യല്‍ മീഡിയയ്ക്ക് ഒരു ചിത്രത്തെ തകര്‍ക്കാനാകുമെന്ന് വിശ്വസിക്കുന്നില്ലെന്നും പടത്തിന് ഒരു നന്മയുണ്ടെങ്കില്‍ അത് വിജയിച്ചിരിക്കുമെന്നാണ് ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി നടന്ന ഒരു പരിപാടിയില്‍ ദുല്‍ഖര്‍ പറഞ്ഞത്.

‘ഒരു ചിത്രത്തെ സോഷ്യല്‍ മീഡിയയ്ക്ക് തകര്‍ക്കാനാകുമെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. പടത്തിനൊരു നന്മയുണ്ടെങ്കില്‍ അത് തീര്‍ച്ചയായും വിജയിക്കും. എല്ലാ പ്രേക്ഷകരും ആദ്യം തന്നെ നിരൂപണം വായിച്ചും കേട്ടുമല്ല ചിത്രം കാണാന്‍ തീയ്യേറ്ററില്‍ പോകുന്നത്. പോസ്റ്റര്‍, ട്രെയിലര്‍, പാട്ട് എന്നിവ കാണുമ്പോള്‍ തന്നെ വലിയൊരു ശതമാനം പേരും ഒരു പടം കാണാന്‍ തീരുമാനിക്കാറുണ്ട്’ ദുല്‍ഖര്‍ പറഞ്ഞു.

നവാഗതനായ ബിസി നൗഫല്‍ സംവിധാനം ചെയ്ത ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് വിഷ്ണു ഉണ്ണികൃഷ്ണന്‍-ബിബിന്‍ ജോര്‍ജ് ടീമാണ്. നിഖില വിമലും സംയുക്ത മോനോനുമാണ് ചിത്രത്തിലെ നായികമാര്‍. സലീം കുമാര്‍, സൗബിന്‍, ധര്‍മ്മജന്‍, വിഷ്ണു ഉണ്ണികൃഷ്ണന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.

Exit mobile version