ഒരു നേരം കണ്ടില്ലെങ്കില്‍ വിഷമിക്കും, സദാസമയവും ഫോണ്‍വിളി! അവര്‍ ഞങ്ങളെ പോലും കടത്തിവെട്ടുന്ന യുവദമ്പതികള്‍; മാതാപിതാക്കളുടെ പ്രണയത്തെ കുറിച്ച് ദുല്‍ഖര്‍

അങ്ങോട്ടും ഇങ്ങോട്ടും കണ്ടില്ലെങ്കില്‍ വിഷമിച്ചിരിക്കുക, അമ്പത് പ്രാവശ്യമെങ്കിലും ഒരു ദിവസം വിളിക്കുക അങ്ങനെ പോകുന്നുവെന്ന് ദുല്‍ഖര്‍ പറയുന്നു.

ദുല്‍ഖര്‍ സല്‍മാന്‍ നായകനായ ‘ഒരു യമണ്ടന്‍ പ്രേമകഥ’ മികച്ച പ്രതികരണം നേടി തീയ്യേറ്ററുകളില്‍ നിറഞ്ഞു മുന്നേറുകയാണ്. നിഖില വിമലാണ് ചിത്രത്തിലെ നായിക. കഴിഞ്ഞ ദിവസം നടത്തിയ ഒരു അഭിമുഖത്തില്‍ താന്‍ കണ്ട ഒരു യമണ്ടന്‍ പ്രേമകഥ വെളിപ്പെടുത്തിയിരിക്കുകയാണ് താരം. അത് വേറെ ആരുമല്ല, സ്വന്തം മാതാപിതാക്കളുടേത് ആണ്.

വീട്ടില്‍ താനും അമാലുമാണ് യുവദമ്പതികളെങ്കിലും വാപ്പച്ചിയും ഉമ്മച്ചിയും ഞങ്ങളെ പോലും കടത്തിവെട്ടുന്ന ദമ്പതികളാണെന്ന് ദുല്‍ഖര്‍ വെളിപ്പെടുത്തി. എന്റെ മാതാപിതാക്കളുടെ പ്രണയമാണ് ജീവിതത്തില്‍ എക്സ്ട്രാ ഓര്‍ഡിനറി ലവ് സ്റ്റോറിയായി തോന്നിയിട്ടുള്ളത്. വീട്ടില്‍ ഞാനും അമാലും അതുപോലെ സഹോദരിയും ഭര്‍ത്താവുമാണ് യുവ ദമ്പതികളായിട്ടുള്ളത്. എന്നാല്‍ വാപ്പച്ചിയും ഉമ്മച്ചിയും ഇപ്പോഴും യുവദമ്പതികളെപ്പോലെയാണ്. അങ്ങോട്ടും ഇങ്ങോട്ടും കണ്ടില്ലെങ്കില്‍ വിഷമിച്ചിരിക്കുക, അമ്പത് പ്രാവശ്യമെങ്കിലും ഒരു ദിവസം വിളിക്കുക അങ്ങനെ പോകുന്നുവെന്ന് ദുല്‍ഖര്‍ പറയുന്നു.

എന്റെ ഭാര്യ എന്നെ ഫോണ്‍ വിളിക്കുന്നതിനേക്കാള്‍ കൂടുതലായിരിക്കും അവര്‍ തമ്മിലുള്ള ഫോണ്‍വിളി. ഒന്നാമത് അമാല്‍ കുഞ്ഞിന്റെ കാര്യങ്ങള്‍ നോക്കുന്നതില്‍ തിരക്കായിരിക്കും. അതിനിടയ്ക്ക് സമയം കിട്ടുമ്പോള്‍ കോള്‍ ചെയ്യും. കുഞ്ഞ് വന്നതിന് ശേഷം ഫോണ്‍വിളി കുറഞ്ഞു. പക്ഷേ എന്റെ മാതാപിതാക്കള്‍ ഫുള്‍ടൈം ബിസിയാണ്. വാപ്പച്ചി സംസാരിച്ച് ഫോണ്‍വെയ്ക്കുമ്പോഴേക്കും അടുത്ത കോള്‍ വരും. സെറ്റില്‍ ഫുള്‍ടൈം ഫോണിലാണ്. ഉമ്മച്ചിയായിരിക്കും അപ്പുറത്തെന്ന് ദുല്‍ഖര്‍ കൂട്ടിച്ചേര്‍ത്തു.

Exit mobile version