‘തള്ള് ഭീകരനായി’ ശ്രീനിവാസന്‍; ‘കുട്ടിമാമ’ ട്രെയിലര്‍ പുറത്തുവിട്ടു

ശ്രീനിവാസനും മകന്‍ ധ്യാന്‍ ശ്രീനിവാസനും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണ് 'കുട്ടിമാമ'

ശ്രീനിവാസന്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘കുട്ടിമാമ’ എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടു. നടന്‍ പൃഥ്വിരാജ് തന്റെ ഫേസ്ബുക്കിലൂടെയാണ് ചിത്രത്തിന്റെ ട്രെയിലര്‍ റിലീസ് ചെയ്തത്. ശ്രീനിവാസന്‍ വിരമിച്ച പട്ടാളക്കാരന്റെ വേഷത്തിലാണ് ചിത്രത്തില്‍ എത്തുന്നത്. ശ്രീനിവാസന്റെ കഥാപാത്രം പറയുന്ന ‘തള്ളുകളാണ്’ ട്രെയിലറില്‍ സൂചിപ്പിച്ചിരിക്കുന്നത്. ഹാസ്യത്തിന് പ്രാധ്യാനം കൊടുത്തിട്ടുള്ള ചിത്രമാണിതെന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന.

ശ്രീനിവാസനും മകന്‍ ധ്യാന്‍ ശ്രീനിവാസനും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണ് ‘കുട്ടിമാമ’. മീര വാസുദേവും ദുര്‍ഗ്ഗ കൃഷ്ണയുമാണ് ചിത്രത്തിലെ നായികമാര്‍. പ്രേം കുമാര്‍, വിനോദ് കോവൂര്‍, ശശി കലിംഗ, ഭീമന്‍ രഘു, വിശാഖ്, നിര്‍മ്മല്‍ പാലാഴി, മഞ്ജു, ജനാര്‍ദ്ദനന്‍ എന്നിങ്ങനെ വന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരന്നിരിക്കുന്നത്.

വിഎം വിനുവാണ് ചിത്രത്തിന്റെ സംവിധായകന്‍. മനാഫ് ആണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഗോകുലം ഗോപാലനാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. മെയ് രണ്ടിന് ചിത്രം തീയ്യേറ്ററുകളിലെത്തും.

Exit mobile version