സമൂഹമാധ്യമങ്ങളില്‍ മായാജാലം തീര്‍ത്ത് ഒടിയന്‍; 20 ദിവസം കൊണ്ട് ട്രെയിലര്‍ കണ്ടത് 6.5 മില്യണ്‍ ആളുകള്‍

മലയാള സിനിമയില്‍ ഒരു സൂപ്പര്‍താര ചിത്രത്തിനും നാളിതുവരെ ലഭിക്കാത്ത സ്വീകാര്യതയാണ് ഒടിയന്‍ റിലീസിന് മാസങ്ങള്‍ക്ക് മുന്നേ കൈവരിച്ചിരിക്കുന്നത്

മലയാള സിനിമാപ്രേമികള്‍ ഏറെ ആകാംഷയോടെ കാത്തിരുന്ന മോഹന്‍ലാല്‍ ചിത്രം ഒടിയന്റെ ട്രെയിലര്‍ സോഷ്യല്‍ മീഡിയയില്‍ തരംഗം സൃഷ്ഠിച്ചു മുന്നേറുകയാണ്. കൊച്ചു കുട്ടികള്‍ തൊട്ട് മുതിര്‍ന്നവര്‍ക്കിടയിലും ഇപ്പോള്‍ സംസാര വിഷയമാണ് ഒടിയന്‍. മലയാള സിനിമയില്‍ ഒരു സൂപ്പര്‍താര ചിത്രത്തിനും നാളിതുവരെ ലഭിക്കാത്ത സ്വീകാര്യതയാണ് ഒടിയന്‍ റിലീസിന് മാസങ്ങള്‍ക്ക് മുന്നേ കൈവരിച്ചിരിക്കുന്നത്.

ആരാധകരെ മാത്രമല്ല സിനിമാ പ്രേമികളെയും ഒരുപോലെ വിസ്മയിപ്പിച്ച ഒടിയന്റെ മാസ്സ് ട്രെയിലര്‍ 20 ദിവസം കൊണ്ട് കണ്ടത് 6.5 മില്യണ്‍ ആളുകളാണ്. മലയാള സിനിമ ഇതുവരെ കാണാത്ത ഒരു റെക്കോര്‍ഡാണിത്. മോഹന്‍ലാലിന്റെ രണ്ടു വ്യത്യസ്ത ഗെറ്റപ്പുകളും,കിടിലന്‍ ആക്ഷനും അടങ്ങിയ ട്രെയിലര്‍ പ്രേക്ഷകര്‍ ആവര്‍ത്തിച്ചു കണ്ടുവരുന്ന കാഴ്ച ആണ് നമ്മള്‍ കാണുന്നത്.

പരസ്യരംഗങ്ങളില്‍ തന്റെ പ്രാഗല്‍ഭ്യം തെളിയിച്ച വി എ ശ്രീകുമാര്‍ മേനോന്റെ ആദ്യ സംവിധാന സംരംഭമാണ് ഒടിയന്‍. റിലീസിന് മുന്നേ തന്നെ അദ്ദേഹം അവകാശപ്പെട്ട മാസ് ആക്ഷന്‍ രംഗങ്ങളും, തീപ്പൊരി ഡയലോഗുകളും ട്രെയിലറില്‍ കണ്ട ആഹ്ലാദത്തിലാണ് മോഹന്‍ലാല്‍ ആരാധകര്‍. മോഹന്‍ലാലിന്റെ കരിയറിലെ മാത്രമല്ല ഇത്രയും മികച്ചൊരു ട്രെയിലര്‍ മലയാള സിനിമയില്‍ ഈ അടുത്ത കാലത്തെങ്ങും കണ്ടിട്ടില്ല എന്ന അഭിപ്രായമാണ് ഒടിയന്‍ ട്രെയിലര്‍ കണ്ട ഓരോ സിനിമ പ്രേമികളും വിളിച്ചു പറയുന്നത്.

പ്രകാശ് രാജ് , മഞ്ജു വാര്യര്‍, ടോവിനോ തോമസ്, നരേയ്ന്‍, നന്ദു
എന്നിവരാണ് ചിത്രത്തിലെ മറ്റുതാരങ്ങള്‍. അഭിനയിക്കുന്നു. മലയാളത്തിലെ ഏറ്റവും മുതല്‍ മുടക്കുള്ള ചിത്രമായി ഒരുക്കിയിരിക്കുന്ന ഒടിയന്റെ രചന വി ഹരികൃഷ്ണന്‍ ആണ്. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ ആണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്‌. ഡിസംബര്‍ 14ന് ലോകമെമ്പാടും ഉള്ള തീയ്യേറ്ററുകളില്‍ ചിത്രം എത്തും.

Exit mobile version