‘ഇവിടെ ഒരു സ്ഫടികം മതി, ടൈറ്റില്‍ അങ്ങ് മാറ്റിയേക്ക്’; ടീസറിന് വിമര്‍ശനവുമായി ആരാധകര്‍

ചിത്രത്തിന്റെ ടീസര്‍ ഇന്നാണ് പുറത്തുവിട്ടത്

സ്ഫടികം 2 ഇരുമ്പന്‍ എന്ന ചിത്രത്തിന്റെ ടീസറിനെതിരെ വിമര്‍ശനവുമായി ആരാധകര്‍ രംഗത്തെത്തി. സ്ഫടികത്തിലെ ആടുതോമയുടെ മകന്‍ ഇരുമ്പന്‍ ജോണിയുടെ കഥ പറയുന്ന ചിത്രം ബിജു ജെ കട്ടക്കല്‍ ആണ് സംവിധാനം ചെയ്തിരിക്കുന്നത്. ചിത്രത്തിന്റെ ടീസര്‍ ഇന്നാണ് പുറത്തുവിട്ടത്. യൂട്യൂബില്‍ റിലീസ് ചെയ്ത ടീസറിന് ഇതിനകം രണ്ടായിരത്തി മുന്നൂറിലധികം ഡിസ് ലൈക്കുകളാണ് ലഭിച്ചിരിക്കുന്നത്.

സ്ഫടികത്തിന്റെ സംവിധായകന്‍ ഭദ്രന്റേയും ആരാധകരുടേയും എതിര്‍പ്പിനെ വകവെയ്ക്കാതെയാണ് സംവിധായകന്‍ ബിജു ജെ കട്ടക്കല്‍ ചിത്രവുമായി മുന്നോട്ട് പോയത്. ‘കഴിഞ്ഞ പത്തിരുപത്തിനാല് കൊല്ലായി ഇവിടെ ഒരു സ്ഫടികമേ ഉള്ളൂ… ഇനിയങ്ങോട്ടും അങ്ങനെ തന്നെ മതി ‘, ‘മോനേ ബിജു … സ്ഫടികം എന്ന പേരില്‍ ഒരു സിനിമ ഇനി വേണ്ട.. ഞങ്ങളുടെ മനസ്സില്‍ ഇന്നും ഒരു ആവേശമായി കാത്തുസൂക്ഷിക്കുന്ന തോമച്ചായന്റ സ്ഫടികത്തിന് രണ്ടാം ഭാഗം ആവശ്യമില്ല. അതുകൊണ്ട് ആ ടൈറ്റില്‍ അങ്ങോട്ട് മാറ്റിക്കോണം’ എന്നിങ്ങനെയാണ് ചിത്രത്തിന്റെ ടീസറിന് താഴെ വന്നിരിക്കുന്ന കമന്റുകള്‍.

1995 ല്‍ ഭദ്രന്‍ സംവിധാനം ചെയ്ത സൂപ്പര്‍ ഹിറ്റ് ചിത്രമാണ് സ്ഫടികം. മോഹന്‍ലാല്‍, തിലകന്‍, ഉര്‍വശി, കെപിഎസി ലളിത, ചിപ്പി, രാജന്‍ പി ദേവ്, നെടുമുടി വേണു, സില്‍ക്ക് സ്മിത, മണിയന്‍പിള്ള രാജു എന്നിങ്ങനെ വമ്പന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരന്നത്.

Exit mobile version