മുന്‍വിധിയോടെ എന്റെ മക്കളെ കാണരുത്! മകളെ അധിക്ഷേപിക്കുന്നവര്‍ക്ക് വായയടപ്പിക്കുന്ന മറുപടിയുമായി നടന്‍ അജയ്‌ദേവ്ഗണ്‍

മകളുടെ ശരീര പ്രകൃതത്തെ അപമാനിക്കുന്നവര്‍ക്ക് വായയടപ്പിക്കുന്ന മറുപടിയുമായി
ബോളിവുഡ് താരം അജയ്‌ദേവ്ഗണ്‍ രംഗത്ത്. കൗമാരപ്രായക്കാരിയായ മകളെ വേദനിപ്പിക്കുന്ന തരത്തിലുള്ള ട്രോളുകള്‍ പ്രചരിച്ചതാണ് അജയ്‌ദേവ്ഗണിനെ ചൊടിപ്പിച്ചത്.

അടുത്തിടെ ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭുമുഖത്തിലാണ് ട്രോളുകളോടുള്ള തന്റെ മനോഭാവവും അത് തന്റെ കുടുംബത്തെ എത്രത്തോളം മോശമായി ബാധിക്കുന്നുണ്ടെന്ന കാര്യവും അദ്ദേഹം വ്യക്തമാക്കിയത്.

കജോള്‍ അജയ് ദേവ്ഗണ്‍ ദമ്പതികള്‍ക്ക് രണ്ടു മക്കളാണുള്ളത്. 15 വയസ്സുകാരിയായ നൈസയും 8 വയസ്സുകാരന്‍ യുഗും. ബിടൗണിലെ സെലിബ്രിറ്റി കിഡ്‌സിനു കിട്ടുന്ന ശ്രദ്ധയും പ്രശസ്തിയും ഇരുവര്‍ക്കും ലഭിക്കുന്നുമുണ്ട്. പക്ഷേ അടുത്തിടെയായി പ്രചരിക്കുന്ന ചില ട്രോളുകള്‍ കൗമാരക്കാരിയായ മകളുടെ ശരീരപ്രകൃതിയെ അപഹസിക്കുന്ന രീതിയിലാണെന്നും ഒരു അച്ഛനെന്ന നിലയില്‍ അതു തന്നെ വളരെ മോശമായി ബാധിക്കുന്നുണ്ടെന്നും അജയ് ദേവ്ഗണ്‍ പറയുന്നു.

താനും ഭാര്യ കജോളും ആര്‍ട്ടിസ്റ്റുകളായതുകൊണ്ട് തങ്ങളെ ട്രോളുന്നത് മനസ്സിലാക്കാമെന്നും എന്തിനാണ് അതിലേയ്ക്ക് മക്കളെ വലിച്ചിഴയ്ക്കുന്നതെന്നും അജയ് ചോദിക്കുന്നു.” മുന്‍വിധിയോടെ എന്നെക്കുറിച്ച് സംസാരിച്ചോളൂ, പക്ഷേ എന്റെ കുട്ടികളെ വിധിക്കരുത്.

ഞാനും കജോളും അഭിനേതാക്കള്‍ ആയി എന്നൊരൊറ്റ കാരണം കൊണ്ടാണ് ഞങ്ങളുടെ മക്കള്‍ എപ്പോഴും ശ്രദ്ധിക്കപ്പെടുന്നത്. ഒരാളെക്കുറിച്ച് മുന്‍വിധിയോടെ സംസാരിക്കുന്നത് ശരിയല്ല. ഞാന്‍ ഒരാളെക്കുറിച്ച് മുന്‍വിധിയോടെ സംസാരിക്കുകയാണെങ്കില്‍ തീര്‍ച്ചയായും അയാള്‍ക്ക് അത് മോശമായിട്ടായിരിക്കും ഫീല്‍ ചെയ്യുക. അതുകൊണ്ട് ദയവു ചെയ്ത് ഞങ്ങളുടെ കുഞ്ഞുങ്ങളെ ഇതില്‍ നിന്നൊഴിവാക്കുക.

ചിലര്‍ക്ക് ഇതൊന്നും ഒരു പ്രശ്‌നമേയല്ലായിരിക്കാം. എന്നാല്‍ സത്യസന്ധമായിപ്പറയട്ടെ, എന്റെ കുഞ്ഞുങ്ങളെക്കുറിച്ച് ഇത്തരം ക്രൂരമായ കമന്റുകള്‍ കേള്‍ക്കുന്നത് എനിക്ക് സഹിക്കാനാവില്ല’.

എയര്‍പോര്‍ട്ടില്‍ നില്‍ക്കുന്ന നൈസയുടെ ചിത്രം കണ്ടാണ് പലരും ആ പെണ്‍കുട്ടിയെ ബോഡിഷെയ്മിങ്ങിന് ഇരയാക്കിയത്. ഇത് ആദ്യമായല്ല ആ പെണ്‍കുട്ടി സൈബര്‍ ആക്രമണത്തിന് ഇരയാകുന്നത്. പരിഹസിക്കുന്ന ട്രോളുകളോട് മകളുടെ പ്രതികരണം ആരാഞ്ഞവരോട് അജയ് പറഞ്ഞതിങ്ങനെ:- ”ആദ്യമൊക്കെ ട്രോളുകള്‍ കാണുമ്പോള്‍ അവള്‍ വല്ലാതെ സങ്കടപ്പെടുമായിരുന്നു. പിന്നീട് അതൊന്നും ശ്രദ്ധിക്കേണ്ട കാര്യമില്ലെന്ന് അവള്‍ പഠിച്ചു. നമ്മള്‍ എന്തു തന്നെ ചെയ്താലും മുന്‍വിധിയോടെ സമീപിക്കാന്‍ കുറേ ആളുകളുണ്ടെന്നു മനസ്സിലായപ്പോള്‍ ഇത്തരം കാര്യങ്ങളെയോര്‍ത്ത് സങ്കടപ്പെടുന്ന ശീലം അവള്‍ ഉപേക്ഷിച്ചു”.

ട്രോളുകളെ എങ്ങനെയാണ് നേരിടുകയെന്ന ചോദ്യത്തിന് അജയ് മറുപടി പറഞ്ഞതിങ്ങനെ :- ‘അവഗണിക്കുക. നമ്മള്‍ പ്രതികരിക്കാന്‍ പോകുമ്പോഴാണ് അതിന്റെ ചുവടുപിടിച്ച് കൂടുതല്‍ ട്രോളുകളെത്തുന്നത്. ട്രോളുന്നവരോട് യുദ്ധം ചെയ്യുന്നതൊഴിവാക്കുക.’

Exit mobile version