മോഹന്‍ലാലിന് രാഷ്ട്രീയ നിലപാടുകളുണ്ടാകാം, എന്നാല്‍ മത്സരിക്കില്ലെന്ന് ഉറപ്പാണ്; സുരേഷ് കുമാര്‍

അതേ സമയം മോഹന്‍ലാലിനെ ബിജെപി സ്ഥാനാര്‍ത്ഥിയാക്കാനുള്ള നീക്കത്തെ എതിര്‍ക്കുമെന്ന് ഫാന്‍സ് അസോസിയേഷന്‍ നേതൃത്വവും വ്യക്തമാക്കിയിരുന്നു

ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി സീറ്റില്‍ മോഹന്‍ലാല്‍ മത്സരിക്കില്ലെന്നത് സിനിമ നിര്‍മ്മാതാവും സുഹൃത്തുമായ സുരേഷ് കുമാര്‍ വ്യക്തമാക്കി. മോഹന്‍ലാലിന് തന്റേതായ രാഷ്ട്രീയ നിലപാടുകളുണ്ടാകാം. എന്നാല്‍ അദ്ദേഹത്തിന് സിനിമയില്‍ തുടരാനാണ് താല്‍പര്യമെന്നും സുരേഷ് കുമാര്‍ പറഞ്ഞു. ഒരു ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കവെയാണ് സുരേഷ് കുമാര്‍ ഇക്കാര്യം വ്യക്തമാക്കിയത്.

താന്‍ മോഹന്‍ലാലുമായി സംസാരിച്ചിരുന്നു. തല്‍കാലം രാഷ്ട്രീയത്തിലേക്കില്ലെന്ന നിലപാടാണ് ലാലിനുള്ളത്. സിനിമയാണ് അദ്ദേഹത്തിന് എല്ലാം. അദ്ദേഹം സിനിമാ അഭിനയം തുടര്‍ന്നുകൊണ്ട് പോകുന്നതാണ് നല്ലതെന്നും സുരേഷ് കുമാര്‍ പറഞ്ഞു.

തിരുവനന്തപുരത്ത് മത്സരിക്കാന്‍ മോഹന്‍ലാലിനെ പരിഗണിക്കുന്നുണ്ടെന്ന ഒ രാജഗോപാല്‍ എംപി ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തോടും സുരേഷ് കുമാര്‍ പ്രതികരിച്ചു. ‘ മോഹന്‍ലാല്‍ മത്സരിക്കുമെന്ന് ആരെങ്കിലും രാജേട്ടനോട് പറഞ്ഞ് കാണും. എല്ലാവരും നോക്കുമല്ലോ. മോഹന്‍ലാലിനെപ്പോലെ ഒരു സ്ഥാനാര്‍ത്ഥിയെ കിട്ടാന്‍ ആരായാലും നോക്കുമല്ലോ ‘- സുരേഷ് കുമാര്‍ പറഞ്ഞു.

അതേ സമയം മോഹന്‍ലാലിനെ ബിജെപി സ്ഥാനാര്‍ത്ഥിയാക്കാനുള്ള നീക്കത്തെ എതിര്‍ക്കുമെന്ന് ഫാന്‍സ് അസോസിയേഷന്‍ നേതൃത്വവും വ്യക്തമാക്കിയിരുന്നു. മോഹന്‍ലാലിനെ മത്സരിപ്പിക്കാന്‍ ശ്രമിച്ചാല്‍ കേരളമൊട്ടാകെ ആരാധകരുടെ പ്രതിഷേധം കാണേണ്ടി വരുമെന്നും ഫാന്‍സ് നേതാവ് വിമല്‍ പറഞ്ഞു.

Exit mobile version