എന്റെ അമ്മൂമ്മ, എന്റെ സുബ്ബു, എന്റെ കുഞ്ഞ്; എനിക്ക് മുത്തശ്ശിയെ നഷ്ടമായി; ആർ സുബ്ബലക്ഷ്മിയുടെ വിയോഗത്തിൽ വേദന പങ്കിട്ട് സൗഭാഗ്യ

നടിയും സംഗീതജ്ഞയുമായ ആർ സുബ്ബലക്ഷ്മി വിടവാങ്ങിയതിന്റെ നോവിലാണ് കലാലോകം. വ്യാഴാഴ്ച രാത്രി തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു സുബ്ബലക്ഷ്മിയുടെ അന്ത്യം. ബാല്യകാലം മുതൽ കലാരംഗത്ത് സജീവമായിരുന്ന കലാകാരിയുടെ വിയോഗത്തിൽ ദുഃഖം പങ്കിടുകയാണ് പ്രിയപ്പെട്ടവർ.

ഇതിനിടെ സുബ്ബലക്ഷ്മിയെ കുറിച്ചുള്ള ഓർമകൾ പങ്കുവെച്ച് കൊച്ചുമകൾ സൗഭാഗ്യ വെങ്കിടേഷ് രംഗത്തെത്തിയിരിക്കുകയാണ്. മുത്തശ്ശിയുടെ ആശുപത്രിയിൽ നിന്നുള്ള ചിത്രം പങ്കുവെച്ചുകൊണ്ടാണ് നർത്തകിയും അഭിനേത്രിയുമായ സൗഭാഗ്യ നോവ് പങ്കിടുന്ന കുറിപ്പ് സോഷ്യൽമീഡിയയിൽ പോസ്റ്റ് ചെയ്തത്.

എല്ലാവരുടേയും പ്രാർഥനകൾക്ക് സൗഭാഗ്യ നന്ദിയും പറയുകയാണ്ു. സുബ്ബലക്അഷമിയുടെ മകളും നർത്തകിയുമായ താരാ കല്യാണിന്റെ മകളാണ് സൗഭാഗ്യ. ‘എനിക്ക് മുത്തശ്ശിയെ നഷ്ടമായി. എന്റെ ശക്തിയുടെയും സ്‌നേഹത്തിന്റെയും 30 വർഷങ്ങൾ. എന്റെ അമ്മൂമ്മ, എന്റെ സുബ്ബു, എന്റെ കുഞ്ഞ്. എല്ലാവരുടേയും പ്രാർത്ഥനകൾക്ക് നന്ദി’- എന്നാണ് സൗഭാഗ്യ കുറിച്ചിരിക്കുന്നത്.

ALSO READ- റോബിൻ ബസിന് ആശ്വാസം; ടൂറിസ്റ്റ് പെർമിറ്റ് റദ്ദാക്കിയ നടപടി ഹൈക്കോടതി താൽക്കാലികമായി റദ്ദാക്കി

ബാല്യകാലത്ത് തന്നെ സംഗീത ലോകത്തെത്തിയ സുബ്ബലക്ഷ്മി 1951-ൽ ഓൾ ഇന്ത്യ റേഡിയോയിലൂടെയാണ് ജോലി ആരംഭിച്ചത്. തെന്നിന്ത്യയിലെ തന്നെ ഓൾ ഇന്ത്യ റേഡിയോയിലെ ആദ്യ വനിതാ കംമ്പോസറായിരുന്നു.

പിന്നീട് ടെലിവിഷൻ രംഗത്തെത്തിയതോടെ അവിടേയും സജീവമായിരുന്നു സുബ്ബലക്ഷ്മി. ദൂരദർശനിൽ സംപ്രേഷണം ചെയ്തിരുന്ന വളയം, ഗന്ധർവയാമം തുടങ്ങി അറുപത്തിയഞ്ചോളം സീരിയലുകളിൽ അഭിനയിച്ചു. പതിനാലോളം പരസ്യചിത്രങ്ങളിലും വേഷമിട്ടു.

ജാക്ക് ഡാനിയേൽ, റോക്ക് ആന്റ് റോൾ തുടങ്ങിയ ചിത്രങ്ങൾക്ക് വേണ്ടി ഡബ്ബ് ചെയ്തിട്ടുണ്ട്. മേരിക്കുണ്ടൊരു കുഞ്ഞാട്, അമ്മിണി, രുദ്ര സിംഹാസനം, ജിമ്മി ഈ വീടിന്റെ ഐശ്വര്യം എന്നീ ചിത്രങ്ങളിൽ ഗാനം ആലപിക്കുകയും ചെയ്തു.

രഞ്ജിത്ത് സംവിധാനം ചെയ്ത നന്ദനം എന്ന ചിത്രത്തിലൂടെയാണ് സിനിമയിൽ അഭിനയിച്ച് തുടങ്ങിയത്. പിന്നീട് കല്യാണരാമൻ മുതൽ തമിഴിലെ ബീസ്റ്റിൽ ഉൾപ്പടെ നിരവധി ചിത്രങ്ങളുടെ ഭാഗമായി.

മലയാളത്തിന് പുറമെ, ഹിന്ദി, തെലുങ്ക്, കന്നട, തമിഴ്, സംസ്‌കൃതം, ഇംഗ്ലീഷ് തുടങ്ങിയ ഭാഷകളിലും വേഷമിട്ടു. പരേതനായ കല്യാണകൃഷ്ണനാണ് ഭർത്താവ്. നടിയും നർത്തകിയുമായ താരാ കല്യാൺ അടക്കം മൂന്ന് മക്കളുണ്ട്.

Exit mobile version