തെന്നിന്ത്യന്‍ സൂപ്പര്‍ സംവിധായകനും ബോളിവുഡ് സൂപ്പര്‍താരവും ആദ്യമായി ഒന്നിക്കുന്നു; ഹൃത്വിക്-ശങ്കര്‍ ചിത്രം വരുന്നു

തെന്നിന്ത്യയിലെ സൂപ്പര്‍ഹിറ്റ് സിനിമകളുടെ സംവിധായകനായ ശങ്കറും, ബോളിവുഡ് താരം ഹൃത്വിക് റോഷനും ആദ്യമായി ഒന്നിക്കുന്നു. സയന്‍സ് ഫിക്ഷന്‍ ചിത്രമായിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ചിത്രത്തിന്റെ അവസാനവട്ട ചര്‍ച്ചകള്‍ നടന്നുവരുകയാണ്. ഇന്ത്യന്‍-2 ന് ശേഷം ആയിരിക്കും ഈ ചിത്രം വരുന്നത്. ശങ്കര്‍ ചിത്രം ‘ഐ’ യിലേക് ആദ്യ നായകനായി ക്ഷണിച്ചത് ഹൃത്വിക്കിനെ ആയിരുന്നു. എന്നാല്‍ മറ്റ് സിനിമകളുടെ ചിത്രീകരണ തിരക്കിലായതിനാല്‍ ഹൃത്വിക്കിന് അത് നിരസിക്കേണ്ടി വന്നു.

അതേസമയം, തമിഴകം ഒന്നടങ്കം ശങ്കറിന്റെ ഇന്ത്യന്‍ 2ന് വേണ്ടി കാത്തിരിക്കുകയാണ്. 22 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇന്ത്യന്‍ എന്ന ഹിറ്റ് ചിത്രത്തിന് രണ്ടാം ഭാഗവുമായി അണിയറ പ്രവര്‍ത്തകര്‍ എത്തുന്നത്. ചിത്രത്തിലെ വില്ലന്‍ കഥാപാത്രം അവതരിപ്പിക്കുക അജയ് ദേവ്ഗണോ, അക്ഷയ് കുമാറോ ആയിരിക്കും. ചിത്രത്തില്‍ കാജല്‍ അഗര്‍വാള്‍ കമല്‍ഹാസന്റെ നായികാ വേഷത്തില്‍ എത്തുമെന്ന് റിപ്പോര്‍ട്ടുകള്‍.

തമിഴിനു പുറമെ ചിത്രം ഒരേസമയം തെലുങ്ക്, ഹിന്ദി ഭാഷകളിലും മൊഴിമാറ്റി പ്രദര്‍ശനത്തിനെത്തുന്നുണ്ട്. 200കോടി ബഡ്ജറ്റുളള ഒരു സിനിമയായിരിക്കും ഇന്ത്യന്‍-2.

Exit mobile version