ഞങ്ങൾ എല്ലാവരും സുഖമായിരിക്കുന്നു; അപകടത്തിൽ ആശങ്കപ്പെടാനില്ല; പ്രശ്‌നങ്ങളൊന്നുമില്ലെന്ന് ദ കേരള സ്റ്റോറി നായികയും സംവിധായകനും

ഏറെ ചർച്ചയായ ചിത്രം ‘ദി കേരള സ്റ്റോറി’യിലെ നായികയും സിനിമയുടെ സംവിദായകനും ടീമും സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടെന്ന വാർത്ത വലിയ ആശങ്ക സൃഷ്ടിച്ചിരുന്നു. എന്നാൽ ഇപ്പോൾ കാര്യമായ പരിക്കുകളോ പ്രശ്‌നങ്ങളാ ഇല്ലെന്ന് ട്വീറ്റ് ചെയ്തിരിക്കുകയാണ് നായിക ആദ ശർമ്മയും സംവിധായകൻ സുദീപ്‌തോ സെന്നും.

മുംബൈയിൽ സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുക്കാൻ പോകവെയാണ് അപകടമുണ്ടായത്. കുഴപ്പമൊന്നുമില്ലെന്നും ഇരുവരും സുരക്ഷിതരായി ഇരിക്കുന്നുവെന്നും റിപ്പോർട്ടുകളും സൂചിപ്പിക്കുന്നു. കരിംനഗറിൽ സംഘടിപ്പിച്ച ഹിന്ദു ഏക്താ യാത്ര എന്ന പരിപാടിയിൽ പങ്കെടുക്കാനുള്ള യാത്രയ്ക്കിടയിലാണ് ഇരുവർക്കും അപകടമുണ്ടായത്.

”ഇന്ന് കരിംനഗറിൽ യുവജനസംഗമത്തിൽ പങ്കെടുക്കാൻ പോകുന്നത് ഞങ്ങളുടെ സിനിമയെക്കുറിച്ച് സംസാരിക്കാനായിരുന്നു. നിർഭാഗ്യവശാൽ ചില ആരോഗ്യപ്രശ്‌നങ്ങൾ കാരണം യാത്ര ചെയ്യാൻ കഴിഞ്ഞില്ല. കരിംനഗറിലെ ജനങ്ങളോട് ഹൃദയം നിറഞ്ഞ മാപ്പ്. ഞങ്ങളുടെ പെൺമക്കളെ രക്ഷിക്കാനാണ് ഞങ്ങൾ സിനിമ ചെയ്തത്”.- സുദീപ്‌തോ സെൻ ട്വീറ്റ് ചെയ്തു.

”എനിക്ക് സുഖമാണ് സുഹൃത്തുക്കളെ. ഞങ്ങളുടെ അപകടത്തെക്കുറിച്ച് പ്രചരിക്കുന്ന വാർത്തകൾ കാരണം ധാരാളം സന്ദേശങ്ങൾ ലഭിക്കുന്നുണ്ട്. ടീം മുഴുവനും, ഞങ്ങൾ എല്ലാവരും സുഖമായിരിക്കുന്നു. ഗൗരവമായി ഒന്നുമില്ല. വലിയ പ്രശ്‌നങ്ങൾ ഒന്നുമില്ല. ഉത്കണ്ഠകൾക്ക് നന്ദി.”- ആദാ ശർമ ട്വീറ്റ് ചെയ്തു.

മേയ് അഞ്ചിന് റിലീസ് ചെയ്ത ചിത്രത്തിന് യുപി, മധ്യപ്രദേശ് സർക്കാരുകൾ നികുതിയിളവ് പ്രഖ്യാപിച്ചിരുന്നു. ബംഗാൾ സിനിമയ്ക്ക് വിലക്ക് ഏർപ്പെടുത്തുകയും ചെയ്തു. സിനിമയുടെ പ്രദർശനങ്ങൾ തമിഴ്‌നാട്ടിൽ നിർത്തിവെച്ചിരിക്കുകയാണ്.

Exit mobile version