കൂടെ പിറന്നിട്ടില്ല എന്നേയുള്ളൂ, ഇച്ചാക്ക എനിക്ക് വല്ല്യേട്ടനാകുന്നത്, അങ്ങനെയാണ്; മമ്മൂട്ടിക്ക് പിറന്നാൾ ആശംസകൾ നേർന്ന് മോഹൻലാൽ

മലയാളത്തിന്റെ മെഗാതാരം മമ്മൂട്ടി എഴുപത്തിയൊന്നാം പിറന്നാൾ ആഘോഷിക്കുകയാണ്. ഇപ്പോൾ തന്റെ ഇച്ചാക്കക്ക് ആശംസകൾ നേർന്ന് വീഡിയോ പങ്കുവെച്ചിരിക്കുകയാണ് മലയാളത്തിന്റെ സൂപ്പർതാരം മോഹൻലാൽ. ഹാപ്പി ബർത്ത്ഡേ ഡിയർ ഇച്ചാക്ക എന്ന ക്യാപ്ഷനോടെയാണ് മോഹൻലാൽ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

‘മനുഷ്യർ തമ്മിൽ ജന്മബന്ധവും കർമബന്ധവും ഉണ്ടെന്നാണല്ലോ നമ്മുടെ ഫിലോസഫി. രക്തബന്ധത്തേക്കാൾ വലുതാണ് ചിലപ്പോൾ കർമബന്ധം. അത്യാവശ്യ സമയത്തെ കരുതൽ കൊണ്ടും ജീവിതം മാതൃകയാക്കിക്കൊണ്ടുമൊക്കെ ഒരാൾക്ക് മറ്റൊരാളുമായി ദൃഢമായ കർമബന്ധമുണ്ടാക്കാം. കൂടെ പിറന്നിട്ടില്ല എന്നേയുള്ളൂ. എന്നിട്ടും മമ്മൂട്ടിക്ക, ഇച്ചാക്ക എനിക്ക് വല്ല്യേട്ടനാകുന്നത്, ജ്യേഷ്ഠനാകുന്നത് അങ്ങനെയാണ്. എനിക്ക് ജ്യേഷ്ഠനെ പോലെയല്ല, ജ്യേഷ്ഠൻ തന്നെയാണ് അദ്ദേഹം.’

‘ഒരേ കാലത്താണ് സിനിമയിലെത്തിയതെങ്കിലും പ്രായം കൊണ്ടും സ്നേഹം കൊണ്ടും ജ്യേഷ്ഠൻ, വ്യക്തി ജീവിതത്തിലും അഭിനയ ജീവിതത്തിലും പ്രചോദിപ്പിച്ച ഒരാൾ, ശരീരം കൊണ്ടും അഭിനയം കൊണ്ടും ശബ്ദം കൊണ്ടുമൊക്കെ ഇച്ചാക്കയുടെ യുവത്വം നിത്യഹരിതമായി നാലഞ്ച് തലമുറകളുടെ വല്ല്യേട്ടനായി ഇങ്ങനെ നിലനിൽക്കുക എന്നത് നിസാര കാര്യമല്ല.’

ALSO READ- ബൈക്ക് വാങ്ങാനുള്ള പണം കണ്ടെത്താനായി വിദ്യാർത്ഥികളെ തട്ടിക്കൊണ്ട് പോയി കൊലപ്പെടുത്തി; പ്രതിയുടെ വീട് അടിച്ചു തകർത്ത് അക്രമാസക്തരായ നാട്ടുകാർ

‘ഈ ജന്മനാളിൽ എന്റെ പ്രിയപ്പെട്ട ഇച്ചാക്കക്ക് എല്ലാവിധ ആയുരാരോഗ്യ സൗഖ്യങ്ങളും ആശംസിക്കുന്നു. ഒപ്പം ഇനിയുമിനിയും മികച്ച കഥാപാത്രങ്ങൾക്ക് ജീവൻ നൽകാനുള്ള സൗഭാഗ്യം അദ്ദേഹത്തിനുണ്ടാകട്ടെ എന്ന് ജഗദീശ്വരനോട് പ്രാർത്ഥിക്കുകയും ചെയ്യുന്നു.’

‘ഹാപ്പി ബർത്ത്ഡേ ഇച്ചാക്ക. ലോട്ട്സ് ഓഫ് ലവ് ആൻഡ് പ്രയേഴ്സ്’, എന്ന് മോഹൻലാൽ വീഡിയോ സന്ദേശത്തിൽ പറയുന്നു.

കഴിഞ്ഞ വർഷങ്ങളിലും മോഹൻലാൽ മമ്മൂട്ടിക്ക് ജന്മദിന ആശംസകൾ നേർന്നുകൊണ്ട് വീഡിയോ പങ്കുവെച്ചിരുന്നു. മമ്മൂട്ടിയും മോഹൻലാലിന്റെ പിറന്നാൾ ദിനത്തിൽ വീഡിയോ സന്ദേശത്തിലൂടെയാണ് ആശംസകൾ നേരാറുള്ളത്.

Exit mobile version