പ്രധാനമന്ത്രിയെയും മുഖ്യമന്ത്രിയെയും ട്രോളാമെങ്കിൽ എന്നെയും ട്രോളാം; ജീവിതത്തിൽ ആരേയും വേദനിപ്പിച്ചിട്ടില്ല; ട്രോളന്മാരെ മോശമായി വിമർശിച്ചിട്ടില്ല: ടിനി ടോം

സോഷ്യൽമീഡിയയിൽ തനിക്ക് എതിരെ ട്രോളുകൾ നിറയുന്നതിനിടെ പ്രതികരിച്ച് നടൻ ടിനി ടോം. മോശം കമന്റ് ഇടുന്ന ആളുകളെക്കുറിച്ച് പറഞ്ഞത് ഒരഭിമുഖത്തിൽ തെറ്റായി വ്യാഖ്യാനിച്ചതാണെന്നും എല്ലാവർക്കും വിമർശിക്കാനുള്ള അവകാശമുണ്ടെന്നും ടിനി ടോം പ്രതികരിച്ചു.

”ട്രോളന്മാരായി എനിക്ക് ഒരുപാട് സുഹൃത്തുക്കളുണ്ട്. പ്രധാനമന്ത്രിയെയും മുഖ്യമന്ത്രിയെയും ട്രോളാമെങ്കിൽ എന്നെ ട്രോളാൻ പാടില്ലെന്ന് പറയാൻ പാടില്ല. മിമിക്രി എന്നു പറയുന്നത് തന്നെ ട്രോളാണ്. ഞാനും അതിന്റെ ഭാഗമാണ്. ഏറ്റവും ഗംഭീരമായും സെൻസിബിളായും കമന്റ് ചെയ്യുന്ന ആളുകൾ ട്രോളന്മാരാണ്.’- ടിനി പറയുന്നു.

also read- ജഡ്ജി ഹണി വർഗീസ് കേസ് പരിഗണിച്ചാൽ നീതി ലഭിക്കില്ല; വീണ്ടും വിചാരണ കോടതി ജഡ്ജിക്ക് എതിരെ അതിജീവിത

ജീവിതത്തിൽ ഒരാളെപ്പോലും വേദനിപ്പിക്കാത്ത മനുഷ്യനാണ് ഞാൻ. ഒരുപാട് പേരെ സഹായിക്കാൻ ശ്രമിക്കാറുണ്ട്. നമ്മൾ അറിയപ്പെടുന്ന ഒരാളായതുകൊണ്ടാണ് ട്രോൾ വരുന്നതും അത് ശ്രദ്ധിക്കപ്പെടുന്നതുമെന്നും ടിനി ടോം പറഞ്ഞു.

നമ്മൾ മൂലം അവർക്ക് എന്തെങ്കിലും വരുമാനം കിട്ടുന്നുണ്ടെങ്കിൽ നല്ല കാര്യം. നമ്മൾ കാരണം ഒരുകിലോ അരിയെങ്കിലും അവർക്ക് മേടിക്കാൻ പറ്റുന്നുണ്ടെങ്കിൽ സന്തോഷമേ ഒള്ളൂ. ജനങ്ങളിൽനിന്നും വന്നൊരു കലാകാരനാണ് ഞാൻ. അവരുടെ കയ്യടി കിട്ടിയാണ് ഞാൻ ഇവിടെ വരെ എത്തിയത്. ഒരിക്കലും ട്രോളന്മാരെക്കുറിച്ച് മോശമായി സംസാരിച്ചിട്ടില്ലെന്നും ടിനി ടോം പറഞ്ഞു.

Exit mobile version