‘ഞാന്‍ ഇനീം എനിക്ക് ഇഷ്ടമുള്ളതുപോലെ പാടും, നിങ്ങള്‍ക്ക് ബുദ്ധിമുട്ടാണെങ്കി നിങ്ങള്‍ കേക്കണ്ടാ’; ഹരീഷ് ശിവരാമകൃഷ്ണന്‍

തനിയ്‌ക്കെതിരെ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്ന വ്യാജവാര്‍ത്തകളോട് പ്രതികരിച്ച് ഗായകന്‍ ഹരീഷ് ശിവരാമകൃഷ്ണന്‍. തൊണ്ടയ്ക്കു സുഖമില്ലാത്തതിനാല്‍ വോയ്‌സ് റെസ്റ്റില്‍ ആണെന്ന് അറിയിച്ചതിനെ തുടര്‍ന്നുണ്ടായ സോഷ്യല്‍ മീഡിയ പ്രചരണങ്ങള്‍ക്കാണ് ഹരീഷിന്റെ മറുപടി.

തനിക്ക് മാറാരോഗമോ പ്രശ്‌നമോ ഇല്ലെന്നും സാധാരണ എല്ലാവര്‍ക്കും വരുന്ന ചെറിയ രോഗാവസ്ഥ മാത്രമേയുള്ളുവെന്നും ഹരീഷ് സമൂഹമാധ്യമങ്ങളില്‍ കുറിച്ചു. ശബ്ദത്തിനു പ്രശ്‌നമുണ്ടെന്ന് അറിഞ്ഞതോടെ ‘നന്നായി ഇവന്‍ ഇനി പാട്ട് പാടില്ലല്ലോ’ എന്നു പ്രതികരിച്ചവര്‍ക്ക് ഹരീഷ് ശക്തമായ ഭാഷയില്‍ മറുപടി നല്‍കുന്നുമുണ്ട്.

‘പ്രിയപ്പെട്ടവരെ, എനിക്ക് അത്ര വലിയ പ്രശ്‌നം/മാറാരോഗം ഒന്നും ഇല്ല എന്നു പറയാന്‍ ആണ് ഈ പോസ്റ്റ്. ത്രോട്ട് ഇന്‍ഫക്ഷന്‍ എന്ന സാധാരണ അസുഖം മാത്രമേ എനിക്കുള്ളൂ. പാടുന്നവര്‍ക്കും അല്ലാത്തവര്‍ക്കും വന്നു പോവുന്ന ഒന്ന്. കലശലായി വന്നതു കൊണ്ട് ശബ്ദം പോയി എന്നതു ശരി ആണ്. 15 ദിവസം കൊണ്ടു ശരിയാവും എന്ന് ഡോക്ടര്‍ പറഞ്ഞിട്ടുമുണ്ട്.

സംഗീത ലോകത്തിനെ നടുക്കി, ആരാധക ഹൃദയങ്ങളെ 165241 കഷണങ്ങളായി നുറുക്കുന്ന അതിദാരുണമായ വാര്‍ത്ത ഒന്നും അല്ല ഇത് എന്നു പറയാന്‍ ആഗ്രഹിക്കുന്നു. (അങ്ങനെ കുറെ വാര്‍ത്ത കണ്ടു പേടിച്ച് എന്നെയും എന്റെ അച്ഛനെയും അമ്മയെയും വരെ ഫോണ്‍ വിളിച്ചിരുന്നു എന്നോട് സ്‌നേഹമുള്ള കുറെ പേര്‍). പിന്നെ മെസ്സേജുകളിലൂടെ എന്റെ സുഖം അന്വേഷിച്ച, എനിക്കു വേണ്ടി സമയം ചിലവഴിച്ച എല്ലാം വേഗം ശരിയാവും എന്ന് ആവര്‍ത്തിച്ചു പറഞ്ഞ ഒരുപാടു പേരുണ്ട്. നിങ്ങളുടെ സ്‌നേഹത്തിനു തിരികെ തരാന്‍ എന്റെ കയ്യില്‍ എന്റെ സംഗീതം മാത്രമേയുള്ളു. അതു തന്നു കൊണ്ടേയിരിക്കും. നിങ്ങളുടെ ഈ സ്‌നേഹവും കരുതലും മാത്രമാണ് എന്റെ മൂലധനം. ഒരുപാടു സ്‌നേഹം, നന്ദി.

പിന്നെ പ്രസ്തുത വാര്‍ത്തയുടെ താഴെ വന്നു ‘നന്നായി, ഇനി അവന്‍ പാടില്ലല്ലോ. ശുദ്ധ സംഗീത പ്രേമികളുടെ ശാപം ആണ്, സംഗീത സംവിധായകരുടെ പ്രാക്കാണ്’ എന്നൊക്കെ മെഴുകിയ ചേട്ടന്മാരെ- 15 ദിവസത്തില്‍ എന്റെ തൊണ്ട ശരിയാകും, ഇല്ലെങ്കില്‍ ഒരു മാസം അല്ലെങ്കില്‍ രണ്ടു മാസം.

എന്നായാലും ഞാന്‍ ഇനീം എനിക്ക് ഇഷ്ടമുള്ളതുപോലെ എനിക്ക് ഇഷ്ടമുള്ള സകല പാട്ടുകളും എന്റെ രീതിയില്‍ തന്നെ പാടും. നിങ്ങള്‍ക്ക് അത് ഒരു ബുദ്ധിമുട്ടാണെങ്കി, നിങ്ങള്‍ കേക്കണ്ടാന്നെ’.

Exit mobile version