അപകീർത്തിപ്പെടുത്തുന്ന യൂട്യൂബ് വീഡിയോ നീക്കം ചെയ്യണം; അയൽവാസിക്ക് എതിരെ കോടതിയെ സമീപിച്ച് സൽമാൻ ഖാൻ

മുംബൈ: അയൽവാസി തനിക്ക് എതിരെ അപകീർത്തികരമായ പ്രസ്താവനകൾ നടത്തുന്നെന്ന് ആരോപിച്ച് നടൻ സൽമാൻ ഖാൻ കോടതിയിൽ. നടന്റ പരാതിയിൽ അയൽവാസിയായ കേതൻ കക്കാഡിനെതിരെ പോലീസ് കേസെടുത്തു. ഭൂമി വിൽപന ഇടപാടുമായി ബന്ധപ്പെട്ട് കേതൻ അപകീർത്തികരമായ പ്രസ്താവനകൾ നടത്തിയെന്നാണ് സൽമാൻ ഖാന്റെ ആരോപണം.

കേതൻ കക്കാഡിനും മറ്റുരണ്ട് പേർക്കെതിരെയും നടന്റെ പരാതിയിൽ കേസെടുത്തിട്ടുണ്ട്. സൽമാന്റെ പൻവേൽ ഫാംഹൗസിന് സമീപം കേതൻ കക്കാഡിന് വസ്തു ഉണ്ട്. ഇതുമായി ബന്ധപ്പെട്ട ഇടപാടുകളാണ് കേസിലേക്ക് നയിച്ചത്. യൂട്യൂബ് അഭിമുഖത്തിലാണ് കേതൻ നടനെതിരെ അപകീർത്തികരമായ പരാമർശം നടത്തിയതെന്ന് സൽമാൻ ഖാന്റെ അഭിഭാഷകൻ ആരോപിച്ചു. അഭിമുഖം നീക്കം ചെയ്യണമെന്ന് നടൻ ആവശ്യപ്പെട്ടതിനാൽ ഗൂഗിൾ, യൂട്യൂബ്, ഫേസ്ബുക്ക്, ട്വിറ്റർ എന്നിവയെയും കേസിൽ കക്ഷിചേർത്തിട്ടുണ്ട്.

Also Read-നടൻ മമ്മൂട്ടിക്ക് കോവിഡ് സ്ഥിരീകരിച്ചു; ആരോഗ്യപരിശോധന നടത്തി

നടനെക്കുറിച്ച് മറ്റ് പരാമർശങ്ങൾ നടത്തുന്നതിൽ നിന്ന് കക്കാഡിനെ തടയണമെന്നാണ് അഭിഭാഷകൻ കോടതിയോട് ആവശ്യപ്പെട്ടത്. എന്നാൽ, ഈ ആവശ്യം നിരസിച്ച മുംബൈ സിറ്റി സിവിൽ കോടതി ഇടക്കാല നിരോധന ഉത്തരവൊന്നും പുറപ്പെടുവിച്ചില്ല. കേസ് ജനുവരി 21 ന് വാദം കേൾക്കാൻ മാറ്റിവെച്ചതായി ജഡ്ജി അനിൽ എച്ച് ലദ്ദാദ് അറിയിച്ചു. അന്ന് കക്കാഡിനോട് കോടതിയിൽ വിശദീകരണം നൽകാൻ ആവശ്യപ്പെട്ടിട്ടുണ്ട്.

Exit mobile version