എന്നെ സൂപ്പര്‍സ്റ്റാര്‍ എന്ന് ദയവുചെയ്ത് വിളിക്കരുത്: ഒരേയൊരു സൂപ്പര്‍സ്റ്റാറേയുള്ളൂ; വിജയ് സേതുപതി

എന്നെ സൂപ്പര്‍സ്റ്റാര്‍ എന്ന് ദയവുചെയ്ത് വിളിക്കരുത്, തമിഴ്‌നാട്ടില്‍ ഒരേയൊരു സൂപ്പര്‍സ്റ്റാറേയുള്ളൂ, അത് രജനി സാറാണ്. 96 ലെ റാമായി വന്ന് തെന്നിന്ത്യയുടെ യുവ ഹീറോയായി മാറിയ വിജയ് സേതുപതിയുടെ വാക്കുകളാണ് പറയുന്നത്.

അറുപത്തിയെട്ടാമത്തെ വയസിലും ഒരു കഥാപാത്രമായി മാറാന്‍ അദ്ദേഹം എടുക്കുന്ന അധ്വാനവും ശ്രദ്ധയും ആത്മാര്‍ഥതയും എന്നെ അത്ഭുതപ്പെടുത്തിയതാണ്. സൂപ്പര്‍സ്റ്റാര്‍ എന്ന വിശേഷണത്തിന് എന്തുകൊണ്ടും അദ്ദേഹമാണ് അര്‍ഹന്‍. മനോരമ ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് രജനീകാന്തിനെ പ്രകീര്‍ത്തിച്ച് വിജയ് സേതുപതി സംസാരിച്ചത്.

പേട്ട എന്ന സിനിമയുടെ ഓഡിയോ റിലീസിനിടെ വിജയ് സേതുപതിയെ മഹാനടികര്‍ എന്ന് രജനീകാന്ത് വിശേഷിപ്പിച്ചിരുന്നു. ആ നിമിഷം ഭയം തോന്നി. എന്റെ ശരീരം വിറയ്ക്കുന്നത് പോലെ തോന്നി. നാല്‍പ്പതുവര്‍ഷമായി സിനിമയില്‍ നില്‍ക്കുന്നയാളാണ് രജനിസാര്‍. അദ്ദേഹത്തിന്റെ ഹൃദയത്തില്‍ നിന്നും വന്ന ആ വാക്ക് ഏറ്റവും വലിയ അനുഗ്രഹം എന്നേ എനിക്ക് പറയാനുള്ളൂ. ജീവിതത്തില്‍ ഓരോരുത്തര്‍ക്കും അമൂല്യമായ ഓരോ നിമിഷമുണ്ട്. അത്തരമൊരു നിമിഷമായിരുന്നു അത്…’ വിജയ് പറയുന്നു.

മക്കള്‍ സെല്‍വന്‍ എന്ന ടൈറ്റില്‍ എനിക്ക് ആദ്യം ഇഷ്ടമല്ലായിരുന്നു. പക്ഷെ ഇപ്പോള്‍ ആ ടൈറ്റില്‍ എനിക്ക് തരുന്നത് വലിയ ഉത്തരവാദിത്തമാണെന്ന് മനസിലായതോടെ മക്കള്‍സെല്‍വന്‍ എന്ന വിളി ഞാനും ആസ്വദിക്കാറുണ്ട്.

അടുത്തവര്‍ഷം മലയാളസിനിമയിലേക്കും മക്കള്‍ സെല്‍വന്‍ അഭിനയിക്കുന്നുണ്ട്. ജയറാമും മഞ്ജുവാര്യരും ഒന്നിക്കുന്ന മര്‍ക്കോണി മത്തായി എന്ന ചിത്രത്തില്‍ അതിഥിവേഷത്തിലാണ് സേതുപതിയെത്തുന്നത്. മലയാളികള്‍ എന്നും എന്നോട് കാണിക്കുന്ന സ്‌നേഹത്തിന് നന്ദി എന്ന വാക്കിനപ്പുറമാണ് എന്റെ ഹൃദയത്തിലുള്ള വികാരം അദ്ദേഹം പറഞ്ഞു.

Exit mobile version