വിജയ് സേതുപതി ചിത്രത്തിനെതിരെ പരാതിയുമായി ഇളയരാജ

ചെന്നൈ : വിജയ് സേതുപതി നായകനാകുന്ന ‘കടൈസി വിവസായി’ എന്ന ചിത്രത്തിനെതിരെ പരാതിയുമായി സംഗീത സംവിധായകന്‍ ഇളയരാജ രംഗത്ത്. ചിത്രത്തില്‍ നിന്ന് തന്നെ നീക്കം ചെയ്തത് അറിയിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഇളയരാജ തമിഴ്‌നാട് മ്യൂസിക് യൂണിയനില്‍ പരാതി നല്‍കിയത്.

ചിത്രത്തില്‍ നേരത്തെ സംഗീത സംവിധാനത്തിന് ചുമതലപ്പെടുത്തിയിരുന്നത് ഇളയരാജയെ ആയിരുന്നു. എന്നാല്‍ അദ്ദേഹം ചിട്ടപ്പെടുത്തിയ ഈണത്തില്‍ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ തൃപ്തരാവാതെ വരികയും തുടര്‍ന്ന് സന്തോഷ് നാരായണനെ സംഗീതം ഏല്‍പ്പിക്കുകയും ചെയ്തു.

കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങിയതിനെത്തുടര്‍ന്നാണ് ഇളയരാജ പരാതി നല്‍കിയത്. ക്രെഡിറ്റില്‍ സന്തോഷ് നാരായണന്റെ പേരാണ് രേഖപ്പെടുത്തിയിട്ടുള്ളത്. തന്റെ അറിവോ അനുവാദമോ കൂടാതെയാണ് അണിയറ പ്രവര്‍ത്തകര്‍ മാറ്റങ്ങള്‍ വരുത്തിയതെന്നാണ് ഇളയരാജയുടെ ആരോപണം.

Exit mobile version