ആര്‍ആര്‍ആര്‍: ഇന്റര്‍വെല്‍ സീക്വന്‍സുകള്‍ ചിത്രീകരിച്ചത് 65 രാത്രികള്‍ കൊണ്ട്; ദിവസവും ചെല് 75 ലക്ഷം രൂപ; സമയത്തില്‍ മാറ്റം വന്നാല്‍ ശരിക്കും ദേഷ്യം വരും, രാജമൗലി

‘ബാഹുബലി’ക്ക് ശേഷം രാജമൗലി ഒരുക്കുന്ന ബ്രഹ്‌മാണ്ഡ ചിത്രമാണ് ആര്‍ആര്‍ആര്‍.
ജനുവരി ഏഴിനായിരുന്നു ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍
ഡല്‍ഹി, മുംബൈ തുടങ്ങിയ സ്ഥലങ്ങളില്‍ കോവിഡ് നിയന്ത്രണം ശക്തമാവുകയും തീയേറ്ററുകള്‍ അടച്ചിടാന്‍ തീരുമാനിക്കുകയും ചെയ്തതോടെ ചിത്രത്തിന്റെ റിലീസ് മാറ്റിയിരിക്കുകയാണ്. പുതിയ റിലീസ് തീയതി പിന്നീട് അറിയിക്കും.

400 കോടി രൂപയാണ് ചിത്രത്തിന്റെ ബജറ്റ് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇപ്പോഴിതാ, ചിത്രത്തിന്റെ ഇന്റര്‍വെല്‍ സീക്വന്‍സുകള്‍ക്ക് മാത്രം ചെലവിട്ട തുക വ്യക്തമാക്കുകയാണ് സംവിധായകന്‍.

65 രാത്രികളിലായാണ് ഇന്റര്‍വെല്‍ സീക്വന്‍സുകള്‍ ചിത്രീകരിച്ചത്. ഓരോ ദിവസവും 75 ലക്ഷം രൂപയാണ് ഇതിനായി ചെലവിട്ടത് എന്നാണ് രൗജമൗലി പറയുന്നത്. ദി ക്വിന്റിന് നല്‍കിയ അഭിമുഖത്തിലാണ് സംവിധായകന്‍ സംസാരിച്ചത്.

വലിയ സീക്വന്‍സുകള്‍ ചിത്രീകരിക്കുമ്പോള്‍ കാര്യങ്ങള്‍ സുഗമമായി നടക്കുന്നില്ലെങ്കില്‍… ഉദാഹരണത്തിന്, ഞങ്ങള്‍ 65 രാത്രികളിലായാണ് ആര്‍ആര്‍ആറിന്റെ ഇന്റര്‍വെല്‍ സീക്വന്‍സ് ഷൂട്ട് ചെയ്തത്, കൂടാതെ വിവിധ രാജ്യങ്ങളില്‍ നിന്ന് നൂറുകണക്കിന് അഭിനേതാക്കളും എത്തിയിരുന്നു.

ഒരു രാത്രി ഷൂട്ടിംഗിന് 75 ലക്ഷം രൂപയാണ് ചെലവ്. അതുകൊണ്ട് സമയത്തില്‍ എന്തെങ്കിലും മാറ്റം വന്നാല്‍ ഞാന്‍ ശരിക്കും പിരിമുറുക്കത്തില്‍ ആകുമായിരുന്നു. എനിക്ക് ശരിക്കും ദേഷ്യം വരും. ഞാന്‍ ശരിക്കും അസ്വസ്ഥനാകും. വളരെ ശാന്തനായ എന്റെ നിയന്ത്രണം അപ്പോള്‍ നഷ്ടമാകുമായിരുന്നെന്നും രാജമൗലി പറയുന്നു.

Read Also: ‘റേപ്പ് സീനുകള്‍ക്ക് ഡബ്ബ് ചെയ്യുമ്പോള്‍ തൊണ്ട പൊട്ടി ചോര വന്നിട്ടുണ്ട്, ശബ്ദം മുഴുവനും പോവും’: ഭാഗ്യലക്ഷ്മി

ജൂനിയര്‍ എന്‍ടിആര്‍, രാം ചരണ്‍ എന്നിവര്‍ മുഖ്യകഥാപാത്രങ്ങളാകുന്ന ചിത്രം 1920-കളിലെ അല്ലൂരി സീതാരാമ രാജു, കോമരം ഭീം എന്നീ സ്വാതന്ത്ര്യ സമരസേനാനികളുടെ കഥയാണ് പറയുന്നത്.

അല്ലൂരി സീതാരാമ രാജുവായി രാം ചരണെത്തുമ്പോള്‍ കോമരം ഭീം ആയി എത്തുന്നത് ജൂനിയര്‍ എന്‍ടിആറാണ്. 450 കോടി മുതല്‍ മുടക്കില്‍ ഒരുങ്ങുന്ന ചിത്രത്തിലൂടെ ബോളിവുഡ് താരങ്ങളായ ആലിയ ഭട്ടും അജയ് ദേവ്ഗണും അവരുടെ ആദ്യ ദക്ഷിണേന്ത്യന്‍ ചിത്രത്തിന്റെ ഭാഗമാകുകയാണ്.

ഒലിവിയ മോറിസ്, സമുദ്രക്കനി, അലിസണ്‍ ഡൂഡി, റേ സ്റ്റീവന്‍സണ്‍ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. വി. വിജയേന്ദ്രപ്രസാദാണ് ചിത്രത്തിന്റെ തിരക്കഥ.

Exit mobile version