സൗജന്യ പാസ് കീരവാണിയ്ക്കും ചന്ദ്രബോസിനും മാത്രം: ടിക്കറ്റിന് ഒരാള്‍ക്ക് 20 ലക്ഷം രൂപ; ഓസ്‌കാര്‍ ചടങ്ങിന് രാജമൗലിയും കുടുംബവും എത്തിയത് കോടികള്‍ പൊടിച്ച്

മുംബൈ: ആര്‍ആര്‍ആറിലെ ‘നാട്ടു നാട്ടു’ എന്ന ഗാനം ഇന്ത്യയിലേക്ക് ഇത്തവണ ഓസ്‌കാര്‍ എത്തിച്ചിരിക്കുകയാണ്. ഈ ചരിത്ര മുഹൂര്‍ത്തത്തിന് സാക്ഷികളാവാന്‍
സംവിധായകന്‍ എസ്എസ് രാജമൗലി, നായകന്മാരായ രാം ചരണ്‍, ജൂനിയര്‍ എന്‍ടിആര്‍ എന്നിവര്‍ തങ്ങളുടെ കുടുംബത്തോടൊപ്പം ചരിത്ര നിമിഷത്തിന് സാക്ഷ്യം വഹിക്കാന്‍ ലോസ് ഏഞ്ചല്‍സിലെ ഡോള്‍ബി തിയേറ്ററിലെത്തിയിരുന്നു.

എന്നാല്‍ ഓസ്‌കര്‍ അവാര്‍ഡ് ദാന ചടങ്ങിലേക്ക് സൗജന്യ പാസ് ലഭിച്ചത് ആര്‍ആര്‍ആര്‍ സംഗീതസംവിധായകന്‍ എംഎം കീരവാണിയും ഗാനരചയിതാവ് ചന്ദ്രബോസിനും മാത്രമാണെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

സിനിമയുടെ സംവിധായകനും നായകന്മാരും കുടുംബവുമുള്‍പ്പെടെ ബാക്കിയുള്ളവരെല്ലാം ടിക്കറ്റെടുത്താണ് ചടങ്ങില്‍ പങ്കെടുത്തത്. ഒരു ടിക്കറ്റ് 20.6 ലക്ഷം രൂപ രൂപയാണ് ഈടാക്കിയത്. എസ്എസ് രാജമൗലി, നടന്മാരായ രാം ചരണ്‍, ജൂനിയര്‍ എന്‍ടിആര്‍, ഇവരുടെ കുടുംബാഗങ്ങള്‍ എന്നിവരാണ് ഓസ്‌കര്‍ ചടങ്ങ് തത്സമയം കാണാനായി ടിക്കറ്റെടുത്തതെന്നുമാണ് റിപ്പോര്‍ട്ടുകള്‍.

എസ്എസ് രാജമൗലിക്കൊപ്പം ഭാര്യ രമയും മകന്‍ എസ്എസ് കാര്‍ത്തികേയയും മറ്റ് കുടുംബാംഗങ്ങളും ഉണ്ടായിരുന്നു. രാം ചരണിനൊപ്പം ഭാര്യ ഉപാസന കാമിനേനിയും ജൂനിയര്‍ എന്‍ടിആര്‍ തനിച്ചുമാണ് പരിപാടിയില്‍ പങ്കെടുത്തത്. അക്കാദമി അവാര്‍ഡ് ക്രൂ പറയുന്നതനുസരിച്ച്, അവാര്‍ഡ് ജേതാക്കള്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും മാത്രമേ സൗജന്യ പാസിന് അര്‍ഹതയുള്ളൂ. അതേസമയം പരിപാടി തത്സമയം കാണുന്നതിന് മറ്റെല്ലാവരും പണം കൊടുത്ത് ടിക്കറ്റ് എടുക്കേണ്ടി വരും.

അവാര്‍ഡ് പ്രഖ്യാപനത്തിന്റെ സമയത്ത് ആഹ്‌ളാദം പ്രകടിപ്പിക്കുന്ന എസ്എസ് രാജമൗലി ഉള്‍പ്പെടെയുള്ള ആര്‍ആര്‍ആര്‍ ടീം അംഗങ്ങളുടെ വീഡിയോ വ്യാപകമായി പ്രചരിച്ചിരുന്നു. ഹാളിന്റെ അവസാന നിരയിലായിരുന്നു ടീം അംഗങ്ങള്‍ ഉണ്ടായിരുന്നത്. എന്തുകൊണ്ടാണ് രാജമൗലിയും സംഘവും ഏറ്റവും പിറകിലിരിക്കുന്നതെന്നും ചിലര്‍ വീഡിയോയ്ക്ക് താഴെ കമന്റ് ചെയ്തിരുന്നു. ആര്‍ആര്‍ആര്‍ ടീം പിന്നില്‍ ഇരിക്കുന്നത് നാണക്കേടാണ്,’ എന്നായിരുന്നു മറ്റൊരു ആരാധകന്റെ കമന്റ്.

Exit mobile version