റിലീസ് ചെയ്തപ്പോള്‍ തിയേറ്റര്‍ കത്തിക്കുമെന്ന് ഭീഷണി: നേട്ടത്തിന് പിന്നാലെ, ഇന്ത്യയുടെ അഭിമാനം; ബിജെപി എംപിയുടെ അഭിനന്ദനം വിവാദത്തില്‍

ഹൈദരാബാദ്: 80-ാമത് ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരത്തില്‍ ലോകത്തിന് മുന്നില്‍ ഇന്ത്യയുടെ അഭിമാനം ഉയര്‍ത്തിയിരിക്കുകയാണ് ആര്‍ആര്‍ആര്‍. സോഷ്യല്‍ മീഡിയയിലടക്കം നിരവധി പ്രമുഖരാണ് ടീമിന് അഭിനന്ദനങ്ങളുമായി എത്തുന്നത്.

പുരസ്‌കാര നേട്ടത്തില്‍ ചിത്രത്തെ അഭിനന്ദിച്ച് കൊണ്ടുള്ള തെലങ്കാന ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ ബന്ദി സഞ്ജയ് കുമാര്‍ എംപിയുടെ വാക്കുകളാണ് വിവാദമാകുന്നത്.

സിനിമ റിലീസിന് മുമ്പ് ബന്ദി സഞ്ജയ് അന്ന് നടത്തിയ ഒരു പ്രസ്താവനയാണ് വിമര്‍ശനത്തിനിടയാക്കിയത്. ആര്‍ആര്‍ആര്‍ ചിത്രം പ്രദര്‍ശിപ്പിക്കുന്ന തിയേറ്ററുകള്‍ കത്തിക്കുമെന്നായിരുന്നു ബിജെപി എംപി അന്ന് നടത്തിയ പ്രസ്താവന. സിനിമയില്‍ ഗോത്രവര്‍ഗ വിഭാഗ നേതാവ് കൊമരം ഭീമിന്റെ കഥാപാത്രം അവതരിപ്പിച്ച ജുനിയര്‍ എന്‍ടിആര്‍ മുസ്ലീം വേഷവിധാനം ധരിച്ചെത്തുന്ന ഭാഗമാണ് ബന്ദി സഞ്ജയ് കുമാറിനെ ചൊടിപ്പിച്ചത്.

എന്നാല്‍, പുരസ്‌കാര നേട്ടത്തിന് ശേഷം ആര്‍ആര്‍ആര്‍ ലോകവേദിയില്‍ ഇന്ത്യയെ അഭിമാനം കൊള്ളിപ്പിച്ചു എന്നായിരുന്നു ബിജെപി എംപിയുടെ അഭിനന്ദനം. ആര്‍ആര്‍ആറില്‍ ജൂനിയര്‍ എന്‍ടിആറിനെ കൊമരം ഭീം എന്ന് പരിചയപ്പെടുത്തുന്ന വീഡിയോ പുറത്തിറങ്ങിയപ്പോള്‍, അദ്ദേഹത്തെ ഒരു മുസ്ലീം പുരുഷന്റെ വേഷത്തില്‍ കാണിച്ചതാണ് അന്ന് വിവാദത്തിന് കാരണമായത്.

ഇന്നത്തെ തെലങ്കാനയിലെ അദിലാബാദ് മേഖലയില്‍ നിന്നുള്ള വിപ്ലവകാരികളായ അല്ലൂരി സീതാരാമ രാജുവിനെയും കൊമരം ഭീമിനെയും കുറിച്ചുള്ള ഒരു സാങ്കല്‍പ്പിക കഥയാണ് ആര്‍ആര്‍ആര്‍. കൊമരം ഭീമിനെ മുസ്ലീമായി ചിത്രീകരിക്കുന്നത് ആദിവാസികള്‍ക്ക് അപമാനമാണെന്ന് അന്ന് ബന്ദി സഞ്ജയ് അവകാശപ്പെട്ടിരുന്നു.

ആര്‍ആര്‍ആറിന്റെ നിര്‍മ്മാതാക്കള്‍ക്കെതിരെ അക്രമം നടത്തുമെന്ന് ഭീഷണിപ്പെടുത്തിയ അദ്ദേഹം, ആദിവാസികളുടെ വികാരം വ്രണപ്പെടുത്തിയാല്‍ ചിത്രം പ്രദര്‍ശിപ്പിക്കുന്ന തിയേറ്ററുകള്‍ കത്തിക്കുമെന്നും പറഞ്ഞിരുന്നു. ആഗോളതലത്തില്‍ ചിത്രം വന്‍വിജയം നേടിയതിന് ശേഷം രണ്ട് വര്‍ഷത്തിന് ശേഷം പുരസ്‌കാര നേട്ടത്തില്‍ ചിത്രത്തിന്റെ ടീമിനെ അഭിനന്ദിച്ചതിന് നിരവധി ആളുകളാണ് അദ്ദേഹത്തെ പരിഹസിച്ച് രംഗത്തെത്തിയത്.

Exit mobile version