എന്തിന് നിവിന്റെ ചിത്രത്തില്‍ അഭിനയിക്കണമെന്ന് ചോദ്യം; ഇത്തിക്കര പക്കിയാകാന്‍ പല സൂപ്പര്‍താരങ്ങളും വിസമ്മതിച്ചു; ഒടുവില്‍ സമ്മതമറിയിച്ചത് മോഹന്‍ലാല്‍: റോഷന്‍ ആന്‍ഡ്രൂസ്

തീയ്യേറ്ററുകളെ പൂരപ്പറമ്പാക്കി കായംകുളം കൊച്ചുണ്ണി വിജയയാത്ര തുടരുന്നതിനിടെ അമ്പരപ്പിക്കുന്ന വെളിപ്പെടുത്തലുകളുമായി സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ് രംഗത്ത്. ചിത്രത്തില്‍ ഏറെ കൈയ്യടി നേടിയ വേഷമായിരുന്നു മോഹന്‍ലാല്‍ അവതരിപ്പിച്ച ഇത്തിക്കര പക്കിയുടെത്. എന്നാല്‍ ഈ റോളിന് മോഹന്‍ലാലിനെ സമീപിക്കുന്നതിന് മുമ്പ് മറ്റ് പലരെയും സമീപിച്ചിരുന്നെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ചിത്രത്തിന്റെ സംവിധായകന്‍.

ഫ്ളവേഴ്സ് ചാനലിലെ കോമഡി ഉത്സവത്തില്‍ അതിഥിയായി എത്തിയപ്പോഴായിരുന്നു റോഷന്റെ വെളിപ്പെടുത്തല്‍. പല സൂപ്പര്‍സ്റ്റാര്‍സിനോടും താന്‍ കഥ പറഞ്ഞിരുന്നെന്നും എന്നാല്‍ യുവതാരമായ നിവിന്റെ സിനിമയില്‍ എന്തിനാണ് തങ്ങള്‍ അഭിനയിക്കേണ്ടത് എന്നായിരുന്നു ഇവരുടെ ചോദ്യമെന്നായിരുന്നു റോഷന്‍ പറയുന്നത്.

എന്നാല്‍ സിനിമയെക്കുറിച്ച് പറഞ്ഞപ്പോള്‍ തന്നെ മോഹന്‍ലാല്‍ വേഷം ഏറ്റെടുക്കാന്‍ തയ്യാറായെന്നും അദ്ദേഹം വെളിപ്പെടുത്തി. ഒരു പ്രമുഖ നടനോട് കഥ പറയാന്‍ പോയ വഴിക്ക് തിരിച്ചുവന്നതാണെന്നും റോഷന്‍ പറയുന്നു. എന്നാല്‍ അവരുടെ പേരുകള്‍ താന്‍ പുറത്തുപറയില്ലെന്നും റോഷന്‍ പറഞ്ഞു. സിനിമയില്‍ ലാലേട്ടന് മികച്ച രംഗങ്ങള്‍ കൊടുക്കണമെന്ന് നിര്‍ദ്ദേശിച്ചത് നിവിന്‍ പോളി തന്നെയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Exit mobile version