‘മരക്കാര്‍’ ലൊക്കേഷനില്‍ അപ്രതീക്ഷിത അതിഥിയായി അജിത്ത്; വീഡിയോ പങ്കുവച്ച് മോഹന്‍ലാല്‍

കൊച്ചി:ആരാധകര്‍ കാത്തിരിക്കുന്ന മോഹന്‍ലാലിന്റെ ബിഗ്ബജറ്റ് ചിത്രം ‘മരക്കാര്‍ അറബിക്കടലിന്റെ സിംഹം’ എന്ന സിനിമയുടെ റിലീസിന്റെ കാര്യം തീരുമാനമായിട്ടില്ല. ചിത്രം ഒടിടിയിലാണോ തിയേറ്ററിലാണോ ആരാധകരിലേക്കെത്തുക എന്ന കാത്തിരിപ്പിലാണ് എല്ലാവരും. അതേസമയം, ചിത്രീകരണ സമയത്ത് സെറ്റിലേക്ക് അപ്രതീക്ഷിത അതിഥിയായെത്തിയ തമിഴ് നടന്‍ അജിത്തിന്റെ വീഡിയോ വൈറലായിരിക്കുകയാണ്.

സെറ്റില്‍ അജിത്ത് സന്ദര്‍ശനം നടത്തിയ മോഹന്‍ലാല്‍, പ്രിയദര്‍ശന്‍ തുടങ്ങിയവരാണ് വീഡിയോ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. അജിത്ത് സെറ്റിലേക്ക് വരുന്നതും താരങ്ങള്‍ക്കൊപ്പം സമയം പങ്കിടുന്നതുമാണ് വീഡിയോയുടെ ഉള്ളടക്കം. അജിത്ത് മോഹന്‍ലാലിനൊപ്പം ഇരുന്ന് സൗഹൃദ സംഭാഷണം നടത്തുന്നുണ്ട്.

മോഹന്‍ലാലിനെ കേന്ദ്ര കഥാപാത്രമാക്കി പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ചിത്രത്തിന്റെ ബജറ്റ് 100 കോടിയാണ്. തന്റെ ജീവിതത്തിലെ ഏറ്റവും ചിലവേറിയ സിനിമയാണിതെന്ന് സംവിധായകന്‍ പ്രിയദര്‍ശന്‍ പറഞ്ഞിരുന്നു. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍, സന്തോഷ് ടി കുരുവിള, റോയ് സി ജെ എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്.

മലയാളത്തിന് പുറമെ ഹിന്ദി, തമിഴ് തെലുങ്ക്, കന്നട എന്നീ ഭാഷകളിലും ചിത്രം റിലീസ് ചെയ്യും. മഞ്ജു വാര്യര്‍, സുനില്‍ ഷെട്ടി, പ്രഭു, കീര്‍ത്തി സുരേഷ് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങള്‍. അനില്‍ ശശിയും പ്രിയദര്‍ശനും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ നിര്‍വ്വഹിച്ചിരിക്കുന്നത്.

Exit mobile version