‘വിളിച്ചാൽ എടുക്കില്ല, മെസേജ് പോലും വായിക്കാതെയായി; ആമിർ ഖാൻ വാക്ക് പാലിച്ചിരുന്നെങ്കിൽ എന്റെ സഹോദരൻ ജീവിച്ചിരുന്നേനെ’; കണ്ണീരോടെ അനുപം ശ്യാമിന്റെ സഹോദരൻ

ന്യൂഡൽഹി: നടൻ ആമിർ ഖാൻ കാരണം തന്റെ സഹോദരൻ വളരെ ഹൃദയം നൊന്താണ് മരിച്ചതെന്നും അവസാനമായി അമ്മയെ കാണാൻ പോലും സാധിച്ചിരുന്നില്ലെന്നും ആരോപിച്ച് അന്തരിച്ച നടൻ അനുപം ശ്യാമിന്റെ സഹോദരൻ രംഗത്ത്. ലഗാൻ, മംഗൾ പാണ്ഡേ എന്നീ ചിത്രങ്ങളിൽ ആമിർ ഖാനൊപ്പം അഭിനയിച്ച അനുപം ശ്യാം തിങ്കളാഴ്ച അണുബാധയെ തുടർന്നാണ് അന്തരിച്ചത്.

വൃക്ക അണുബാധയെ തുടർന്ന് ചികിത്സയിൽ കഴിയുകയായിരുന്ന അദ്ദേഹത്തിന്റെ ഒന്നിലധികം അവയവങ്ങൾ പ്രവർത്തന രഹിതമാവുകയും മരണം സംഭവിക്കുകയുമാണ് ചെയ്തത്. ബോളിവുഡ് സൂപ്പർസ്റ്റാർ ആമിർ ഖാൻ തന്റെ വാക്കുപാലിച്ചിരുന്നെങ്കിൽ സഹോദരൻ ഇന്നും ജീവനോടെ ഉണ്ടാകുമായിരുന്നുവെന്നാണ് അനൂപമിന്റെ സഹോദരൻ അനുരാഗ് പറയുന്നത്.

അനുപമിന് ആമിർ ഖാൻ വായ്പ നൽകാമെന്ന് വാഗ്ദാനം ചെയ്തിരുന്നതായും എന്നാൽ പിന്നീട് നടൻ വിളിച്ചാൽ എടുക്കാതെയായതായും പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ അനുരാഗ് കുറ്റപ്പെടുത്തി.

‘ഞങ്ങളുടെ മാതാവ് ഉത്തർപ്രദേശിലെ പ്രതാപ്ഗഢിലുള്ള ഗ്രാമത്തിലാണ് കഴിയുന്നത്. അമ്മയുടെ അടുത്ത് പോയി താമസിക്കാൻ സഹോദരന് താൽപര്യമുണ്ടായിരുന്നു. ഗ്രാമത്തിൽ ഡയാലിസിസ് കേന്ദ്രമില്ലാത്തതിനാൽ സഹോദരന് അവിടേക്ക് പോകാൻ സാധിക്കുമായിരുന്നില്ല. ഇതോടെ നാല് മെഷീനുകൾ സ്ഥാപിച്ച് ഗ്രാമത്തിൽ ഡയാലിസിസ് കേന്ദ്രം തുടങ്ങാനായി ആമിർ ഖാനോട് സാമ്പത്തിക സഹായം ആവശ്യപ്പെട്ടിരുന്നു. നിങ്ങൾക്ക് നാലല്ല അഞ്ച് മെഷീൻ വാങ്ങാമെന്ന് ഉറപ്പ് നൽകിയ ആമിർ സെക്രട്ടറിയുമായി സംസാരിച്ച ശേഷം വിവരമറിയിക്കാമെന്നും പറഞ്ഞു.’

‘പക്ഷെ, പിന്നീട് ഒന്നും സംഭവിച്ചില്ല. സഹോദരന്റെ കോളുകൾ എടുക്കാത്ത ആമിർ മെസേജുകൾ വായിക്കാതെയുമായി. അതോടെ അമ്മയെ അവസാനമായി കാണാനുള്ള ചേട്ടന്റെ ആഗ്രഹം നടന്നില്ല. അമ്മ മരിച്ചപ്പോൾ അന്ത്യകർമങ്ങൾ ചെയ്യാൻ പോലും സഹോദരന് സാധിച്ചില്ല. ഇപ്പോൾ ചേട്ടനും വിടവാങ്ങിയിരിക്കുകയാണ്’-അനുരാഗ് പറയുന്നു.

Exit mobile version