‘നിന്നെക്കൊണ്ട് അതിനൊന്നും സാധിക്കില്ല ഗുണ്ടുമണീ’, ഉണ്ണിയേട്ടന്റെ വാക്കുകൾ വാശിയായി എടുത്തു; വീണ്ടും രണ്ട് കിലോ കൂടി കുറച്ചെന്ന് അനു സിതാര

anu sithara

മലയാള സിനിമാലോകത്തെ മസിൽ ഹീറോ ഉണ്ണി മുകുന്ദൻ ആണ് തന്റെ ഡയറ്റ് പ്ലാനിന് പിന്നിലെന്ന് വെളിപ്പെടുത്തിയതിന് പിന്നാലെ വീണ്ടും ശരീര ഭാരം കുറഞ്ഞെന്ന് നടി അനു സിത്താര. ഈ ഡയറ്റ് പിന്തുടർന്ന് ഒരുമാസം കൊണ്ട് ആറ് കിലോയിലേറെ ശരീരഭാരം കുറച്ചെന്ന് വെളിപ്പെടുത്തിയതോടെ സോഷ്യൽമീഡിയയിൽ അനു സിത്താര ഇപ്പോൾ താരമാണ്. ശരിയായ ഡയറ്റ് പഠിപ്പിച്ചു തന്ന ഉണ്ണി മുകുന്ദന് നന്ദി പറഞ്ഞുകൊണ്ടായിരുന്നു അനു സിത്താരയുടെ പോസ്റ്റ്. അനുവിന്റെ കൂടുതൽ മെലിഞ്ഞ ലുക്കിലുള്ള ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

ഇത്തരമൊരു മാറ്റം കഥാപാത്രത്തിന് വേണ്ടിയല്ലെന്നും തനിക്ക് തന്നെ വേണ്ടിയാണെന്നും അനു സിത്താര പറയുന്നു. ആറ് കിലോയായിരുന്നു ആദ്യം കുറച്ചതെന്നും എന്നാൽ ഏറ്റവും ഒടുവിൽ നോക്കിയപ്പോൾ ശരീരഭാരം രണ്ട് കിലോകൂടി കുറഞ്ഞെന്നും അനു പറയുന്നു. ഒരു മാസം കൃത്യമായി ഡയറ്റ് തുടർന്നു. ഒപ്പം നൃത്തവും പ്രാക്ടീസ് ചെയ്തു. നേരത്തെ നൃത്തം ചെയ്ത് തുടങ്ങുമ്പോഴേക്ക് കിതപ്പുവരുമായിരുന്നു. എന്നാൽ ഇപ്പോൾ അതൊന്നുമില്ല, അനു പറയുന്നു.

‘ഇത് എനിക്ക് ഒക്കെ ആണെന്നാണ് തോന്നുന്നത്. ഇപ്പോൾ രാമന്റെ ഏദൻതോട്ടം ചെയ്യുന്ന സമയത്തുള്ള ഞാനായി. അധികം ഭാരം കുറയ്ക്കുന്നതിനോട് എനിക്ക് യോജിപ്പില്ല. അത് എനിക്ക് ചേരുകയുമില്ല’, അനു പറയുന്നു.

ഹയർസെക്കന്ററി ക്ലാസിലും ഡിഗ്രി ചെയ്യുമ്പോഴുമെല്ലാം മെലിഞ്ഞ ശരീരപ്രകൃതമായിരുന്നു. എന്നാൽ പിന്നീടങ്ങോട്ട് ശരീരഭാരം കൂടിത്തുടങ്ങി. ഉണ്ണിയേട്ടന് നേരത്തെ പരിചയമുള്ള ഫിറ്റ്‌നെസ് ട്രെയിനറുടെ സഹായം തേടിയായിരുന്നു ആദ്യം ഞാൻ അദ്ദേഹത്തെ വിളിച്ചത്. എന്നാൽ ആദ്യം ഒരു ഡയറ്റ് ഫോളോ ചെയ്യാനും നൃത്തപരിശീലനം തുടരാനുമായിരുന്നു ഉണ്ണിച്ചേട്ടൻ പറഞ്ഞത്. അതിന് ശേഷം എന്ത് മാറ്റം ഉണ്ടാകുമെന്ന് നോക്കാമെന്നും പറഞ്ഞു. അങ്ങനെയാണ് എനിക്ക് ഡയറ്റ് പ്ലാൻ പറഞ്ഞു തന്നത്. നിന്നെക്കൊണ്ട് അതിനൊന്നും സാധിക്കില്ല ഗുണ്ടുമണീ എന്നായിരുന്നു ആദ്യം ഉണ്ണിയേട്ടൻ പറഞ്ഞത്. നീ ഇതൊക്കെ വെറുതെ ചോദിക്കുകയാണെന്നും പറഞ്ഞു. അപ്പോൾ അതൊരു വെല്ലുവിളിയായി ഏറ്റെടുക്കാമെന്ന് ഞാനും കരുതി. അങ്ങനെയാണ് തുടങ്ങിയത്, അനു സിത്താര പറയുന്നു.

കലാമണ്ഡലത്തിൽ പഠിക്കുന്ന കാലത്ത് എല്ലാ ദിവസവും രാവിലെ മെയ് സാധകം എന്നൊരു സെഷൻ ഉണ്ടായിരിക്കും. എന്നാൽ പിന്നീടതൊന്നും ഞാൻ തുടർന്ന് കൊണ്ടുപോയിട്ടില്ല. ശരീരം ശ്രദ്ധിക്കാനും വ്യായാമങ്ങൾ ചെയ്യാനും തനിക്ക് മടിയാണ്. ഇത്രയൊന്നും വണ്ണം കുറയ്ക്കാനാകുമെന്ന് കരുതിയിരുന്നില്ലെന്നും ‘അനു നന്നായി മെലിഞ്ഞല്ലോ’ എന്ന് ആളുകൾ ചോദിക്കുമ്പോൾ അത് വലിയ പ്രചോദനമായെന്നും പിന്നീട് സ്ട്രിക്ട് ആയിട്ടുള്ള ഡയറ്റ് തുടങ്ങിയെന്നും താരം പറയുന്നു.

Exit mobile version