പ്രണയത്തകര്‍ച്ചയുടെ വേദന അറിഞ്ഞിട്ടുണ്ട്; ജീവിതത്തിലേക്ക് ഒപ്പം കൂട്ടുക സുഹൃത്തുക്കളില്‍ നിന്നൊരാളെ

കൊച്ചി: ഡയമണ്ട് നെക്ലേസിലൂടെ മലയാളികളുടെ ഹൃദയത്തില്‍ കൂടുകൂട്ടിയയാളാണ് നടി അനുശ്രീ. ജീവിതത്തോടു ചേര്‍ന്നുനില്‍ക്കുന്ന കഥാപാത്രങ്ങളിലൂടെ പ്രേക്ഷക കൈയ്യടികള്‍ നേടി. വ്യത്യസ്ത കഥാപാത്രങ്ങളിലൂടെ അല്‍പക്കത്തെ വീട്ടിലെ കുട്ടിയായി മലയാളത്തിന്റെ പ്രിയങ്കരിയാണ് അനുശ്രീ.

സിനിമകള്‍ക്കൊപ്പം തന്നെ തന്റെ സംസാരംകൊണ്ടും ശ്രദ്ധേയയായ താരമാണ് അനുശ്രീ. വിമര്‍ശനങ്ങള്‍ക്കും കളിയാക്കലുകള്‍ക്കുമെല്ലാം നടി നല്‍കാറുളള മറുപടി വാര്‍ത്തകളില്‍ ഇടംപിടിക്കാറുണ്ട്. അഭിനയ തിരക്കുകള്‍ക്കിടെയിലും സോഷ്യല്‍ മീഡിയയിലും ആക്ടീവാകാറുണ്ട് താരം.

ഇപ്പോള്‍ പ്രണയത്തെ കുറിച്ച് മനസ്സു തുറക്കുകയാണ് താരം. പ്രേമത്തില്‍ ആണും പെണ്ണും നല്ല സുഹൃത്തുക്കളായിരിക്കണം. ഏത് കുസൃതിയും കാട്ടാന്‍ കൂടെനില്‍ക്കാന്‍ ഒരാള്‍. ഞാന്‍ അങ്ങനെയായിരിക്കും. തിരിച്ച് എന്നോടും അങ്ങനെത്തന്നെയാവണം എന്നൊരു ആഗ്രഹമുണ്ട്.

പ്രണയം തകര്‍ന്നതിന്റെ വേദനകളൊക്കെ അറിഞ്ഞിട്ടുണ്ടെന്നും അതില്‍ നിന്ന് പുറത്തുകടക്കാന്‍ സമയമെടുത്തുവെന്നും അനുശ്രീ പറയുന്നു. അന്നനുഭവിച്ച വിഷമത്തെപ്പറ്റിയൊക്കെ ഇന്നോര്‍ക്കുമ്പോള്‍ ചമ്മല്‍ തോന്നുന്നുവെന്നും താരം പറയുന്നു.

സ്‌കൂളില്‍ പഠിക്കുമ്പോള്‍ പ്രേമലേഖനമൊക്കെ കിട്ടിയിട്ടുണ്ട്. പ്രേമം നല്ലൊരു വികാരം തന്നെയാണ്. പ്രേമമായാലും ഏത് ബന്ധമായാലും നമ്മളെ ഭരിക്കാനുള്ള അവകാശം മറ്റാര്‍ക്കും നല്‍കേണ്ടതില്ലെന്നാണ് അനുശ്രീയുടെ അഭിപ്രായം. പരസ്പര ധാരണയുടെ പുറത്തേ പ്രണയം നിലനില്‍ക്കൂ എന്നും അനുശ്രീ പറയുന്നു.

സുഹൃത്തുക്കളില്‍ നിന്നൊരാളെയാവും ജീവിതത്തിലേക്ക് ഒപ്പം കൂട്ടുകയെന്നാണ് അനുശ്രീ ആഗ്രഹം പങ്കുവെയ്ക്കുന്നത്. എന്നാല്‍ അതാരാണെന്നൊന്നും പറയാറായിട്ടില്ലെന്നും അനുശ്രീ പറയുന്നു. ഗൃഹലക്ഷ്മിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അനുശ്രീ വ്യക്തിപരമായ കാര്യങ്ങള്‍ പങ്കുവെച്ചത്.

പരിധി കടന്നുള്ള ചോദ്യങ്ങള്‍ ആരുടെ ഭാഗത്തുനിന്നായാലും ബുദ്ധിമുട്ടുണ്ടാക്കും. മറ്റൊരാളെ പറഞ്ഞു ബോധ്യപ്പെടുത്തി അവരുടെ സ്നേഹം നിലനിര്‍ത്തേണ്ട കാര്യം ഇല്ലാല്ലോ. ഒരു പരിധിയില്‍ കൂടുതല്‍ വരിഞ്ഞുമുറുക്കാന്‍ വന്നാല്‍ അതിന് നിന്നുകൊടുക്കുന്ന ആളല്ല ഞാന്‍. പരസ്പര ധാരണയുടെ പുറത്തേ പ്രണയം നിലനില്‍ക്കൂ.

Exit mobile version