16ാമത്തെ വയസ്സില്‍ പ്രേംനസീറിന്റെ നായികയാവാന്‍ ക്ഷണിച്ചിരുന്നു, വേണ്ടെന്നുവെച്ചു, ഇന്ന് ഖേദിക്കുന്നുവെന്ന് കോഴിക്കോട് മേയര്‍

കോഴിക്കോട്: മലയാളത്തിലെ അതുല്യനടന്‍ പ്രേംനസീറിന്റെ നായികയായി തന്നെ ക്ഷണിച്ചിരുന്നെന്ന് കോഴിക്കോട് കോര്‍പ്പറേഷന്‍ മേയര്‍ ഡോ: ബീനാ ഫിലിപ്പ്. പ്രേംനസീറിന്റെ വനദേവത എന്ന സിനിമയില്‍ നായികയായി അഭിനയിക്കാനാണ് തനിക്ക് ക്ഷണം ലഭിച്ചതെന്ന് മേയര്‍ പറഞ്ഞു.

16 ാം വയസിലാണ് വനദേവത എന്ന സിനിമയില്‍ നായികയാവാന്‍ തന്നെ യൂസഫലി കേച്ചേരി ക്ഷണിച്ചത്. എന്നാല്‍ അന്ന് അത് ഒഴിവാക്കുകയായിരുന്നുവെന്നും മേയര്‍ കൂട്ടിച്ചേര്‍ത്തു. കോഴിക്കോട്ടെ പ്രേംനസീര്‍ സാംസ്‌കാരിക സമിതി നടത്തിയ പ്രേംനസീര്‍ അനുസ്മരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു മേയര്‍.

താന്‍ യൂണിവേഴ്സിറ്റി കലോത്സവത്തില്‍ നാടകത്തില്‍ മികച്ചനടിയായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. അന്ന് നാടകം കണ്ടാണ് യൂസഫലി കേച്ചേരി വീട്ടുകാരെ വന്നുകൊണ്ട് സംസാരിച്ചത്. എന്നാല്‍ ആ കാലത്ത് സിനിമയെകുറിച്ച് ഒന്നും അറിയില്ലായിരുന്നു.

എന്തോ മോശം കാര്യം ആണെന്നായിരുന്നു ധാരണ. അതിനാല്‍ അത് വേണ്ടെന്ന് വെച്ചു. പക്ഷെ ഇന്നതില്‍ ഖേദിക്കുന്നു. കലാകാരന്മാര്‍ എക്കാലത്തും ജനമനസില്‍ ജീവിക്കുന്നവരാണെന്നും ബീനാ ഫിലിപ്പ് പറഞ്ഞു. കോഴിക്കോട് നടക്കാവ് ഗേള്‍സ് വൊക്കോഷണല്‍ ഹയര്‍സെക്കണ്ടറി സ്‌ക്കൂള്‍, ആഴ്ചവട്ടം ഗവ. ഹയര്‍സെക്കണ്ടറി സ്‌ക്കൂള്‍ എന്നിവിടങ്ങളില്‍ പ്രിന്‍സിപ്പല്‍ ആയിരുന്നു ബിന ഫിലിപ്പ്.

29 പൊറ്റമ്മല്‍ ഡിവിഷനില്‍ നിന്നും സിപിഐഎം സ്ഥാനാര്‍ത്ഥിയായി നമത്സരിച്ച് ബിനാഫിലിപ്പ് 652 വോട്ടിന്റെ ഭൂരിപക്ഷത്തിനാലാണ് തെരഞ്ഞെടുക്കപ്പെട്ടത്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായിരുന്നു ലിജീന സജ്ഞീവിനെയാണ് പരാജയപ്പെടുത്തിയത്. കോഴിക്കോടിന്റെ നാലാമത്തെ സ്ഥാനാര്‍ത്ഥിയായിരുന്നു ബിനാ ഫിലിപ്പ്.

Exit mobile version