ദിലീപ് വീണ്ടും സംഘടനകളുടെ തലപ്പത്തേക്ക്; ഫിലിം ചേംബറും തീയ്യേറ്റർ ഉടമകളും തമ്മിലുള്ള പ്രശ്‌നം പരിഹരിക്കാൻ ചർച്ചയ്‌ക്കെത്തി

നടിയെ ആക്രമിച്ച കേസിൽ പ്രതിയായതിന് പിന്നാലെ സംഘടനാ ഭാരവാഹിത്വങ്ങളിൽ നിന്നും മാറി നിന്ന നടൻ ദിലീപ് വീണ്ടും സിനിമാ സംഘടനാ ചുമതലകളിൽ സജീവമാകുന്നു. ഇന്നലെ കൊച്ചിയിൽ നടന്ന ഫിലിം ചേംബറും തീയ്യേറ്റർ ഉടമകളും തമ്മിലുള്ള ചർച്ചയിൽ ഫിലിം ചേംബറിനെ പ്രതിനിധീകരിച്ചെത്തിയത് താരമായിരുന്നു. തീയ്യേറ്റർ ഉടമകളുടെ സംഘടനയായ ഫിയോക്കിനായി ചെയർമാൻ ദിലീപ് തന്നെയെത്തിയത് ശ്രദ്ധേയമായി.

സിനിമാസംഘടനകൾ തമ്മിൽ നടന്ന ചർച്ച അലസി പിരിഞ്ഞതോടെയാണ് അനുരഞ്ജന ശ്രമവുമായി നടൻ ദിലീപ് തന്നെ നേരിട്ട് രംഗത്തെത്തിയത്. സിനിമകൾ കൊടുക്കില്ലെന്ന് നിർമ്മാതാക്കളും വിതരണക്കാരും തീയ്യേറ്റർ തുറക്കുമെന്ന് സംയുക്ത തീയറ്റർ ഉടമകളുടെ സംഘടന ആവർത്തിച്ചതോടെയാണ് ദിലീപ് ചർച്ചയ്ക്ക് മുൻകൈയ്യെടുത്തത്.

കോവിഡ് പശ്ചാത്തലത്തിൽ സിനിമ മേഖലയ്ക്ക് പ്രത്യേക പാക്കേജ് നടപ്പാക്കാതെ സംസ്ഥാനത്ത് തീയ്യേറ്ററുകൾ തുറക്കില്ലെന്ന് ഫിലിം ചേംബർ നിലപാടെടുത്തു. തീയ്യേറ്ററുടമകളും നിർമ്മാതാക്കളും വിതരണക്കാരുമായി നിലനിൽക്കുന്ന പ്രശ്‌നങ്ങൾ തീയ്യേറ്റർ തുറക്കാതിരിക്കാൻ ഒരു കാരണമല്ലെന്നും ചേംബർ വ്യക്തമാക്കി.

അമ്പതു ശതമാനം സീറ്റിൽ മാത്രം പ്രവേശനം നടത്തി സിനിമ പ്രദർശിപ്പിക്കാനാകില്ല. സർക്കാരിനോടുള്ള പ്രതിഷേധ സൂചകമായിട്ടാണ് തീയ്യേറ്ററുകൾ തുറക്കാത്തത് എന്ന് കരുതേണ്ടെന്നും ചേംബർ വ്യക്തമാക്കി. നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് ദിലീപിനെ താരസംഘടനയായ ‘അമ്മ’യിൽ നിന്ന് പുറത്താക്കിയിരുന്നെങ്കിലും ഫിയോക്കിന്റെ ചെയർമാൻ സ്ഥാനത്ത് ദിലീപ് തുടരുകയാണ്.

Exit mobile version