തലയും നയന്‍സും ഒന്നിക്കുന്ന ‘വിശ്വാസം’ അടുത്ത മാസമെത്തും; ആദ്യഗാനം സൂപ്പര്‍ഹിറ്റ്

അട്ച്ചി തൂക്ക് എന്ന് തുടങ്ങുന്ന ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ പുറത്തു വന്ന് നിമിഷങ്ങള്‍ക്കകം തന്നെ യൂട്യൂബില്‍ ട്രെന്‍ഡിങായി

തല അജിത്തും ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താരയും ഒന്നിക്കുന്ന വിശ്വാസം അടുത്ത മാസമെത്തും. പൊങ്കല്‍ റിലീസിന് തയ്യാറെടുക്കുന്ന ചിത്രത്തിലെ ആദ്യ ഗാനം ഡിസംബര്‍ 10നാണ് അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടത്.

അട്ച്ചി തൂക്ക് എന്ന് തുടങ്ങുന്ന ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ പുറത്തു വന്ന് നിമിഷങ്ങള്‍ക്കകം തന്നെ യൂട്യൂബില്‍ ട്രെന്‍ഡിങായി. ഗാനം റിലീസായി 20 മണിക്കൂര്‍ തികയും മുമ്പേ 40 ലക്ഷത്തിലധികം പേരാണ് ഇത് കണ്ടു കഴിഞ്ഞിരിക്കുന്നത്. യൂട്യൂബ് ട്രെന്‍ഡിങില്‍ ഒമ്പതാം സ്ഥാനത്താണ് ഈ ഗാനം.

ഈ ഗാനം ആലപിച്ചിരിക്കുന്നത് ഡി. ഇമ്മന്‍, ആദിത്യ ഗാധവി, നാരായണന്‍ എന്നിവര്‍ ചേര്‍ന്നാണ്. വിവേകിന്റെ വരികള്‍ക്ക് ഡി. ഇമ്മന്‍ തന്നെയാണ് സംഗീതം നല്‍കിയിരിക്കുന്നതും.
കൂടാതെ റെക്കോര്‍ഡ് തുകയ്ക്കാണ് വിശ്വാസത്തിന്റെ സാറ്റലൈറ്റ് ടി വി പ്രക്ഷേപണ അവകാശം സണ്‍ ടി വി വാങ്ങിയിരിക്കുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്. സത്യജ്യോതി ഫിലിംസ് ആണ് വിശ്വാസത്തിന്റെ നിര്‍മ്മാതാക്കള്‍.

വീരം, വേഗം, വേതാളം എന്നീ ചിത്രങ്ങള്‍ക്ക് ശേഷം തല അജിത്തിന്റെ നായകനാക്കി ശിവ സംവിധാനം ചെയ്യുന്ന ചിത്രമാണ് വിശ്വാസം. കഴിഞ്ഞ മൂന്നു ചിത്രങ്ങളും ബോക്‌സ് ഓഫീസില്‍ തരംഗം സൃഷ്ടിച്ചതിനാല്‍ ഏറെ പ്രതീക്ഷയോടെയാണ് ആരാധകര്‍ പുതിയ ചിത്രത്തിനായി കാത്തിരിക്കുന്നത്. അജിത്ത് ഇരട്ടവേഷത്തിലെത്തുന്ന ചിത്രത്തില്‍ അജിത്തിന്റെ ഭാര്യയായാണ് നയന്‍താര എത്തുന്നത്.

ബില്ല, ആരംഭം, അയേഗന്‍ എന്നീ ചിത്രങ്ങള്‍ക്കു ശേഷം അജിത്തും നയന്‍താരയും ഒന്നിക്കുന്ന ചിത്രം കൂടിയാണ് വിശ്വാസം. ഈ ചിത്രത്തിനായി നയന്‍താര മറ്റു ചിത്രങ്ങളുടെ ഡേറ്റുകള്‍ വരെ അഡ്ജസ്റ്റ് ചെയ്തിരുന്നുവെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. അജിത്തിനോടുള്ള ബഹുമാനംകൊണ്ട് കഥ പോലും കേള്‍ക്കാതെയാണ് നയന്‍താര സിനിമ ചെയ്യാന്‍ തയ്യാറായത് എന്നും വാര്‍ത്തകള്‍ ഉണ്ടായിരുന്നു.

ഇരുവര്‍ക്കും പുറമെ റോബോ ശങ്കര്‍, തമ്പി രാമയ്യ, ബോസ് വെങ്കട്ട്, യോഗി ബാബു എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
മലയാളി ബാല താരമായ അനിഘ, അജിത്തിന്റെ മകളായി ഈ ചിത്രത്തില്‍ വേഷമിടുന്നുണ്ട്. ഗൗതം മേനോന്‍ ചിത്രമായ എന്നെയ് അറിന്താലിലും അജിത്തിന്റെ മകളായി അനിഘ അഭിനയിച്ചിട്ടുണ്ട്. ഇതിലെ ഉണക്കെന്ന വേണം സൊല്ല് എന്ന ഗാനം സൂപ്പര്‍ ഹിറ്റായിരുന്നു. തമിഴില്‍ അനിഘയുടെ നാലാമത്തെ ചിത്രമാണിത്.

Exit mobile version