തരിശുനിലങ്ങൾക്ക് ജീവൻ നൽകാൻ പ്രകൃതി സൗഹാർദ്ദ പദ്ധതിയുമായി മാധവൻ

R Madhavan | India news

ചെന്നൈ: ശ്രദ്ധേയമായ ഒരുപിടി നല്ല സിനിമകളിലൂടെ നമ്മുടെയെല്ലാം മനംകവർന്ന നടനാണ് മാധവൻ. നിഷ്‌കളങ്കമായ പുഞ്ചിരിയും പ്രസരിപ്പുള്ള കണ്ണുകളുമൊക്കെ കൊണ്ട് ചുരുങ്ങിയ കാലത്തിനുള്ളിൽത്തന്നെ വൻ ആരാധനാവലയം സൃഷ്ടിച്ച മാധവൻ ഒരിക്കൽ ഇന്ത്യൻ സിനിമയുടെ തന്നെ അവിഭാജ്യഘടകമായിരുന്നു.
മറ്റുള്ള നടന്മാരെ അപേക്ഷിച്ച് വിരലിലെണ്ണാവുന്ന സിനിമകളേ ചെയ്തിട്ടുള്ളുവെങ്കിലും ആളുകൾക്ക് എന്തോ വലിയ ഇഷ്ടമാണ് മാധവനെ.

ഇപ്പോഴിതാ ആ ഇഷ്ടം പതിന്മടങ്ങ് വർധിപ്പിക്കുന്ന ഒരു കാര്യമാണ് മാധവൻ ചെയ്തിരിക്കുന്നത്.സഹോദരൻ ശുഭയോഗന്റെ ഒപ്പം ചേർന്ന് തമിഴ്‌നാട്ടിലെ പളനിയിലുള്ള തരിശുനിലങ്ങൾ കൃഷിക്കനുയോജ്യമാക്കിയിരിക്കുകയാണ് മാധവൻ. ആധുനികവും എന്നാൽ പ്രകൃതിക്ക് ദോഷം ചെയ്യാത്തതുമായ രീതിയിലുള്ള കൃഷിരീതിയാണ് താരം പിന്തുടർന്നത്. ഇതുപോലെയുള്ള തരിശുനിലങ്ങൾ കൃഷിക്കനുയോജ്യമാക്കുന്ന എക്കോഫ്രണ്ട്‌ലി പ്രോക്ടുമായി മുന്നോട്ട് പോകാനാണ് മാധവന്റെ തീരുമാനം.

വർഷങ്ങളായി തരിശുനിലമായിരുന്ന സ്ഥലം നിരന്തരപ്രയത്‌നം കൊണ്ടാണ് ഇവർ ഉപയോഗ്യമാക്കിയെടുത്തത്. സ്ഥലത്തിപ്പോൾ ഹരിത നാളികേരകൃഷിയുണ്ട്. മണ്ണിൽ വേരോട്ടം ഉണ്ടായതോടെ പക്ഷികളും മറ്റും വിരുന്നെത്തുന്നതിന്റെ സന്തോഷത്തിലാണ് മാധവൻ.

”സ്ഥലം കൃഷിക്കനുയോജ്യമാക്കാൻ സാധിച്ചത് വളരെയധികം സന്തോഷവും അതിലുപരി സംതൃപ്തിയും തരുന്നുണ്ട്. കൃഷിയ്ക്കായി മണ്ണിൽ കമ്പോസ്റ്റ്, വൈക്കോൽ തുടങ്ങിയവ നിറയ്ക്കുന്നത് മുതൽ കുളത്തിൽ മീൻ ഇടുന്നത് വരെ ഓരോ ഘട്ടവും ആസ്വദിച്ചാണ് ചെയ്തത്. ഇതൊരു വലിയ അനുഭവമായിരുന്നു. പ്രകൃതിയെ ഒരുപാട് അടുത്തറിയാൻ ഈ പ്രയത്‌നത്തിലൂടെ സാധിച്ചു. ഇതുപോലെ എത്രയൊക്കെ തരിശുനിലങ്ങളുണ്ടോ അവിടെയൊക്കെ വിത്ത് വിതയ്ക്കണമെന്നാണ് ആഗ്രഹം.” മാധവൻ പറയുന്നു.

വരണ്ടുണങ്ങിക്കിടക്കുന്ന തരിശുഭൂമികൾ വിളനിലമാക്കാനുള്ള താരത്തിന്റെ തീരുമാനം വൻ പ്രശംസ പിടിച്ചുപറ്റിക്കൊണ്ടിരിക്കുകയാണ് .

Exit mobile version