കര്‍ഷകര്‍ മനുഷ്യ നാഗരികതയുടെ സ്ഥാപകര്‍; കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രതിഷേധിക്കുന്ന കര്‍ഷകര്‍ക്ക് പിന്തുണയുമായി ബോളിവുഡ് താരം സോനം കപൂറും

ന്യൂഡല്‍ഹി: കര്‍ഷകര്‍ക്ക് പിന്തുണയുമായി കൂടുതല്‍ ബോളിവുഡ് താരങ്ങള്‍ രംഗത്ത്. പ്രിയങ്ക ചോപ്രയ്ക്കും ഋതേഷ് ദേശ്മുഖിനും പിന്നാലെ സോനം കപൂറും കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രതിഷേധിക്കുന്ന കര്‍ഷകര്‍ക്ക് പിന്തുണ അറിയിച്ച് രംഗത്തെത്തി.

കര്‍ഷകരുടെ പ്രതിഷേധത്തിന്റെ ചിത്രങ്ങളും ഡാനിയല്‍ വെബ്സ്റ്ററിന്റെ ഉദ്ധരണിയും ചേര്‍ത്തായിരുന്നു സോനം കപൂറിന്റെ പ്രതികരണം. ‘കൃഷി ആരംഭിക്കുമ്പോള്‍ മറ്റ് കലകള്‍ അതിനെ പിന്തുടരുന്നു. അതിനാല്‍ കര്‍ഷകരാണ് മനുഷ്യ നാഗരികതയുടെ സ്ഥാപകര്‍. ‘ എന്ന് സോനം ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

ആശങ്ക അകറ്റണമെന്നും കര്‍ഷകര്‍ ഇന്ത്യയിലെ ഭക്ഷ്യ സൈനികരണെന്നുമായിരുന്നു പിന്തുണ അറിയിച്ചുകൊണ്ട് പ്രിയങ്ക സമൂഹമാധ്യമത്തില്‍ കുറിച്ചത്. ‘നമ്മുടെ കൃഷിക്കാര്‍ ഇന്ത്യയിലെ ഭക്ഷ്യ സൈനികരാണ്. അവരുടെ ഭയം ഇല്ലാതാക്കേണ്ടതുണ്ട്. അവരുടെ പ്രതീക്ഷകള്‍ നിറവേറ്റേണ്ടതുണ്ട്. പുരോഗമന ജനാധിപത്യമെന്ന നിലയില്‍, ഈ പ്രതിസന്ധികള്‍ പരിഹരിക്കപ്പെടുമെന്ന് നമ്മള്‍ ഉറപ്പാക്കണം,’ എന്ന് പ്രിയങ്ക ട്വിറ്ററില്‍ കുറിച്ചു.

ഋതേഷ് ദേശ്മുഖ് ചലച്ചിത്ര പ്രവര്‍ത്തകരായ ഹന്‍സല്‍ മേത്ത, അനുഭവ് സിന്‍ഹ എന്നിവരും കര്‍ഷകരുടെ പ്രതിഷേധത്തെ പിന്തുണച്ചിരുന്നു. നേരത്തെ ഡിസംബറിലെ കൊടും തണുപ്പില്‍ പ്രതിഷേധിക്കുന്ന കര്‍ഷകര്‍ക്ക് കമ്പിളി പുതപ്പ് വാങ്ങാന്‍ ഒരുകോടി രൂപ ഗായകനും പഞ്ചാബി നടനുമായ ദില്‍ജിത് ദൊസാന്‍ഝ് സംഭാവന നല്‍കിയിരുന്നു.

ദല്‍ഹി-ഹരിയാന അതിര്‍ത്തിയില്‍ പ്രതിഷേധിക്കുന്ന കര്‍ഷകരെ കാണാന്‍ ദില്‍ജിത് എത്തുകയും ചെയ്തിരുന്നു. പ്രശ്‌നങ്ങളില്‍ നിന്നും കേന്ദ്രം ഒഴിഞ്ഞ് മാറരുതെന്നും ദില്‍ജിത് കര്‍ഷകരെ അഭിസംബോധന ചെയ്ത് സംസാരിക്കവെ പറഞ്ഞു.നിരവധി പേരാണ് കര്‍ഷകര്‍ക്ക് പിന്തുണ അറിയിച്ച് എത്തുന്നത്.

Exit mobile version