അങ്കിളെന്ന് വിളിച്ചു; യുവനടനോടുള്ള ദേഷ്യം സ്വന്തം ഫോണ്‍ വലിച്ചെറിഞ്ഞ് തീര്‍ത്ത് നന്ദമൂരി ബാലകൃഷ്ണ, വൈറലായി വീഡിയോ

യുവനടന്‍ അങ്കിളെന്ന് വിളിച്ചതിന്റെ പേരില്‍ സ്വന്തം ഫോണ്‍ വലിച്ചെറിഞ്ഞ് ദേഷ്യം തീര്‍ത്ത് തെലുങ്ക് സൂപ്പര്‍ താരം നന്ദമൂരി ബാലകൃഷ്ണ. പൊതുചടങ്ങില്‍ രോഷാകുലനായി പെരുമാറുന്ന താരത്തിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ നിറയുകയാണ്.

ഹര്‍ഷ്, സിമ്രാന്‍ ചൗദരി എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി ഗംഗാസാഗര്‍ സംവിധാനം ചെയ്യുന്ന സേഹരി എന്ന ചിത്രത്തിന്റെ പോസ്റ്റര്‍ ലോഞ്ചിനിടെയാണ് സംഭവം. ചടങ്ങിനിടെ ചിത്രത്തിലെ യുവനടന്‍ അദ്ദേഹത്തെ ‘അങ്കിള്‍’ എന്നുവിളിച്ച് അഭിസംബോധന ചെയ്തതാണ് താരത്തിനെ ചൊടിപ്പിച്ചത്.

‘അങ്കിള്‍’ എന്നു കേട്ടപാടെ ബാലകൃഷ്ണയുടെ മുഖഭാവം മാറുകയും ഇത് കണ്ട നടന്‍ ഉടന്‍ തന്നെ ‘സോറി സര്‍, ബാലകൃഷ്ണ’ എന്നു മാറ്റിവിളിക്കുകയും ചെയ്തു. എന്നാല്‍ പിന്നീട് ചടങ്ങിലുടനീളം ബാലകൃഷ്ണ അസ്വസ്ഥനായിരുന്നുവെന്ന് വീഡിയോയില്‍ വ്യക്തമാണ്.

പോസ്റ്റര്‍ ലോഞ്ചിന് മുമ്പായി തനിക്ക് വന്ന ഫോണ്‍ കോള്‍ എടുക്കാതെ ഫോണ്‍ അസിസ്റ്റന്റിന് നേരെ വലിച്ചെറിയുന്നതും വീഡിയോയില്‍ കാണാം, ഇത് കൂടാതെ പോസ്റ്റര്‍ റിലീസ് ചെയ്യുന്നതിനിടെ തനിക്കരികിലായി നിന്ന നടന്റെ കൈ തട്ടിമാറ്റുകയും പോസ്റ്റര്‍ പൊതിഞ്ഞ കവര്‍ വലിച്ചു കീറിയെടുക്കുന്നുണ്ട്.

Exit mobile version