ഫഹദ് ഫാസിലും ദര്‍ശനയും വീണ്ടും ഒന്നിക്കുന്നു; ‘ഇരുള്‍’ ടൈറ്റില്‍ പോസ്റ്റര്‍ പങ്കുവെച്ച് മമ്മൂട്ടി

‘സീ യു സൂണി’ന് ശേഷം ഫഹദ് ഫാസിലും ദര്‍ശനയും വീണ്ടും ഒന്നിച്ചെത്തുന്ന ചിത്രമാണ് ‘ഇരുള്‍’. ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ മമ്മൂട്ടി തന്റെ ഫേസ്ബുക്ക് പേജിലൂടെ പുറത്തുവിട്ടു. ഫഹദിനും ദര്‍ശനയ്ക്കുമൊപ്പം സൗബിന്‍ ഷാഹിറും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

നവാഗതനായ നസീഫ് യൂസഫ് ഇസുദ്ദീന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ആന്റോ ജോസഫ് ഫിലിം കമ്പനിയും പ്ലാന്‍ ജെ സ്റ്റുഡിയോയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. കുട്ടിക്കാനമാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍. ജോമോന്‍ ടി ജോണ്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍.

‘സീ യു സൂണ്‍’ ആണ് ഫഹദിന്റെ ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. മഹേഷ് നാരായണന്‍ സംവിധാനം ചെയ്ത എക്‌സ്പിരിമെന്റല്‍ ചിത്രം പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. റോഷന്‍ മാത്യു, ദര്‍ശന രാജേന്ദ്രന്‍, മാലാ പാര്‍വതി, സൈജു കുറുപ്പ് എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന താരങ്ങള്‍. ‘മാലിക്’ ആണ് ഫഹദ് ഫാസില്‍- മഹേഷ് നാരായണന്‍ കൂട്ടുകെട്ടിലൊരുങ്ങുന്ന മറ്റൊരു ചിത്രം. ചിത്രത്തിലെ കഥാപാത്രത്തിനായി ഫഹദ് പതിനഞ്ച് കിലോ ഭാരം കുറച്ചിരുന്നു.

Exit mobile version