‘അര്‍ഹിക്കുന്ന വില കിട്ടുന്നില്ല, ഇനി മലയാള സിനിമയില്‍ പാടില്ല’; കടുത്ത തീരുമാനവുമായി വിജയ് യേശുദാസ്

മധുരമായ ശബ്ദം കൊണ്ട് മലയാളികള്‍ക്ക് ഏറെ നല്ല പാട്ടുകള്‍ സമ്മാനിച്ച ഗായകനാണ് വിജയ് യേശുദാസ്. നേട്ടങ്ങളുടെയും പ്രശസ്തിയുടേയും കൊടുമുടിയില്‍ നില്‍ക്കേ ആരാധകരെ നിരാശരാക്കി തന്റെ ഒരു തീരുമാനം തുറന്നുപറഞ്ഞിരിക്കുകയാണ് പ്രിയ ഗായകന്‍.

‘ഇനി മലയാള സിനിമയില്‍ പാടില്ലെന്നാ’ണ് വിജയ് യേശുദാസിന്റെ തീരുമാനം. ‘വനിത’യ്ക്ക് നല്‍കിയ അഭിമുഖത്തിലൂടെയാണ് അദ്ദേഹം ഇക്കാര്യം തുറന്നു പറഞ്ഞത്. ‘മലയാളത്തില്‍ സംഗീത സംവിധായകര്‍ക്കും പിന്നണി ഗായകര്‍ക്കുമൊന്നും അര്‍ഹിക്കുന്ന വില കിട്ടുന്നില്ല’- എന്ന് വിജയ് യേശുദാസ് പറയുന്നു.

‘തമിഴിലും തെലുങ്കിലുമൊന്നും ഈ പ്രശ്‌നമില്ല. ആ അവഗണന മടുത്തിട്ടാണ് ഇങ്ങനെയൊരു തീരുമാനം എടുത്തത്.- വിജയ് വ്യക്തമാക്കി. പിതാവ് യേശുദാസിനടക്കം സംഗീത ലോകത്ത് നേരിട്ട ദുരനുഭവങ്ങളും അദ്ദേഹം അഭിമുഖത്തില്‍ വെളിപ്പെടുത്തുന്നു.

മലയാള പിന്നണി ഗാനരംഗത്ത് എത്തി 20 വര്‍ഷം തികയുമ്പോഴാണ് വിജയിയുടെ പുതിയ പ്രഖ്യാപനം. അച്ഛന്റെ പാത പിന്തുടര്‍ന്ന് മലയാള സംഗീത ലോകത്തേക്ക് പിച്ചവച്ച വിജയ് തൊട്ടതെല്ലാം പൊന്നായിരുന്നു. സ്വന്തം പ്രതിഭ കൊണ്ട് ഉയരങ്ങളിലേക്ക് ചേക്കേറിയ വിജയ്യെ തേടി ചുരുങ്ങിയ കാലം കൊണ്ട് മികച്ച അവസരങ്ങളും അംഗീകാരങ്ങളും എത്തി.

ഹൃദ്യമായ ആ സംഗീതയാത്ര മലയാളത്തിനും തമിഴും തെലുങ്കും പോലുള്ള അന്യദേശങ്ങള്‍ക്കും പ്രിയങ്കരമായി. ‘പൂമുത്തോളെ’ എന്ന ഗാനത്തിലൂടെ കഴിഞ്ഞ വര്‍ഷത്തെ മികച്ച ഗായകനുള്ള സംസ്ഥാന അവാര്‍ഡ് വിജയ് നേടിയിരുന്നു. ഇതടക്കം മൂന്ന് സംസ്ഥാന അവാര്‍ഡുകളാണ് വിജിയിയുടെ കരിയറിലുള്ളത്.

Exit mobile version