ഇവരുടെ മൗനം, അത് നമ്മള്‍ കണ്ട് പഠിക്കേണ്ടതാണ്, എല്ലാത്തിലും കേറി അഭിപ്രായം പറയുന്ന എന്നോടൊക്കെ എനിക്ക് പുച്ഛം തോന്നുന്നു; ഹരീഷ് പേരടി

കൊച്ചി: നടന്‍ ഇടവേള ബാബുവിന്റെ പരാമര്‍ശവും താരസംഘടനയായ അമ്മയില്‍ നിന്നുള്ള നടി പാര്‍വതി തിരുവോത്തിന്റെ രാജിയുമാണ് കഴിഞ്ഞ കുറച്ചുദിവസങ്ങളായി കേരളക്കരയുടെ ചര്‍ച്ചാവിഷയം. പ്രമുഖരടക്കം നിരവധി പേരാണ് സംഭവത്തില്‍ പ്രതികരിച്ച് ഇതിനോടകം രംഗത്തെത്തിയത്.

അതേസമയം, വിഷയത്തില്‍ മലയാളത്തിലെ സൂപ്പര്‍സ്റ്റാറുകളായ മോഹന്‍ലാലും മമ്മൂട്ടിയും ഇതുവരെ പ്രതികരിച്ചിട്ടില്ല. ഇരുവരെയും വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടന്‍ ഹരീഷ് പേരടി. .ഏതൊരു പ്രശനത്തിലും സംഘര്‍ഷം ഒഴിവാക്കാന്‍ വേണ്ടി ഇവര്‍ സ്വീകരിക്കുന്ന മൗനം,അത് നമ്മള്‍ കണ്ട് പഠിക്കേണ്ടതാണെന്ന് ഹരീഷ് പേരടി പറയുന്നു.

ഇവര്‍ രണ്ടു പേരോടുമുള്ള എന്റെ ആരാധന ദിവസവും കൂടിക്കൂടി വരികയാണ്. മഹാനടനാവാനുള്ള അടിസ്ഥാന യോഗ്യത ശരിക്കും ഇത്തരം മഹാമൗനങ്ങളാണെന്ന് ഞാന്‍ തിരിച്ചറിയുന്നുവെന്നും എല്ലാത്തിലും കേറി അഭിപ്രായം പറയുന്ന എന്നോടൊക്കെ എനിക്ക് പുച്ഛം തോന്നുന്നുവെന്നും ഹരീഷ് ഫേസ്ബുക്കിലൂടെ പറഞ്ഞു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

ഇവര്‍ രണ്ടു പേരോടുമുള്ള എന്റെ ആരാധന ദിവസവും കൂടിക്കൂടി വരികയാണ്…ഏതൊരു പ്രശനത്തിലും സംഘര്‍ഷം ഒഴിവാക്കാന്‍ വേണ്ടി ഇവര്‍ സ്വീകരിക്കുന്ന മൗനം..അത് നമ്മള്‍ കണ്ടൂ പഠിക്കേണ്ടതാണ്…മഹാനടനാവാനുള്ള അടിസ്ഥാന യോഗ്യത ശരിക്കും ഇത്തരം മഹാമൗനങ്ങളാണെന്ന് ഞാന്‍ തിരിച്ചറിയുന്നു…എല്ലാത്തിലും കേറി അഭിപ്രായം പറയുന്ന എന്നോടൊക്കെ എനിക്ക് പുച്ഛം തോന്നുന്നു…പുതുതായി തുടങ്ങിയ ശ്രീനാരയാണ സര്‍വകലാശാലയില്‍ മൗനം ഒരു പാഠ്യ വിഷയമായി മാറ്റുകയും അവിടെ ഇവര്‍ രണ്ടുപേരും അതിഥി അധ്യാപകരായി എത്തുകയും ചെയ്യതാല്‍ സംഘര്‍ഷങ്ങളും കൊലപാതകങ്ങളും ഒന്നുമില്ലാത്ത ഒരു പുതിയ കേരളത്തെ നമുക്ക് നിഷ്പ്രയാസം വാര്‍ത്തെടുക്കാന്‍ പറ്റും…

Exit mobile version