‘കഥാപാത്രങ്ങളുടെ മനസ്സ് പിടിക്കാന്‍ എന്തു സാഹസവും ചെയ്യും, സംഘട്ടന രംഗങ്ങളില്‍ അത് അങ്ങേയറ്റമാണ്’; ടൊവീനോയുടെ സാഹസികതയെക്കുറിച്ച് ഹരീഷ് പേരടി

കഴിഞ്ഞ ദിവസമാണ് നടന്‍ ടൊവീനോ തോമസിനെ ഷൂട്ടിംഗിനിടെ പരിക്കേറ്റതിനെ തുടര്‍ന്ന് ആുപത്രിയില്‍ പ്രവേശിപ്പിച്ചത്. രോഹിത്ത് വിഎസ് സംവിധാനം ചെയ്യുന്ന ‘കള’ എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടെയാണ് താരത്തിന് പരിക്കേറ്റത്. പരിശോധനയില്‍ ആന്തരിക രക്തസ്രാവം കണ്ടെത്തിയതിനെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെ തീവ്ര പരിചരണവിഭാഗത്തില്‍ ചികിത്സയിലാണ് അദ്ദേഹമിപ്പോള്‍. സംഘട്ടന രംഗത്തിനിടെ വയറിനു ചവിട്ടേറ്റതാണ് പരിക്കിന് കാരണം.

ഇപ്പോഴിതാ സംഘട്ടനരംഗങ്ങളില്‍ താരം കാട്ടാറുള്ള ആത്മാര്‍ഥമായ സമീപനത്തെക്കുറിച്ച് പറയുകയാണ് നടന്‍ ഹരീഷ് പേരടി. കഥാപാത്രങ്ങളുടെ മനസ്സ് പിടിക്കാന്‍ എന്തു സാഹസവും ചെയ്യുമെന്നും സംഘട്ടന രംഗങ്ങളില്‍ അത് അങ്ങേയറ്റമാണെന്നുമാണ് ഹരീഷ് പേരടി ഫേസ്ബുക്കില്‍ കുറിച്ചത്. ഗോദയില്‍ താനത് നേരിട്ട് കണ്ടിട്ടുള്ളതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


ഹരീഷ് പേരടിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം,

വലിയ സങ്കടമുള്ള ദിവസമാണിന്ന്.മനുഷ്യത്വമുള്ള നമ്മുടെ ചങ്കാണ്.കഥാപാത്രങ്ങളുടെ മനസ്സ് പിടിക്കാന്‍ എന്തു സാഹസവും ചെയ്യും.സംഘട്ടന രംഗളില്‍ അത് അങ്ങേയറ്റമാണ്.ഗോദയില്‍ ഞാന്‍ നേരിട്ട് കണ്ടതാണ്.കട്ട് ചെയ്യാത്ത അഞ്ച് മിനിട്ടോളം നീണ്ട് നില്‍ക്കുന്ന ഒറ്റ ഷോട്ടില്‍ പോവുന്ന ഒരു ഗുസ്തിയുടെ ചിത്രികരണം.എന്നോട് ആവേശത്തോടെ പറഞ്ഞിട്ടുണ്ട് +2 വിന് പഠിക്കുമ്പോള്‍ കാക്കശങ്കരന്റെ സംഘട്ടനങ്ങള്‍ കാണാന്‍ ടിവിയുടെ മുന്നില്‍ കാത്തിരിക്കുന്നത്.എന്റെ ടോവിമുത്ത് ഇനിയും സിനിമകളില്‍ പൂര്‍വ്വാധികം ശകതിയോടെ വന്ന് തകര്‍ക്കും എന്നെനിക്കുറപ്പാണ്.കാരണം അത്രയും ഇച്ഛാശക്തിയുള്ള നടനാണ്.മനുഷ്യനാണ്.നിങ്ങളുടെ പ്രാര്‍ത്ഥനകളില്‍ .നന്‍മകളില്‍ ഇന്ന് അവനേയും ഉള്‍പ്പെടുത്തുക.

Exit mobile version