‘എന്താ ചിരി’;മാലിന്യ വണ്ടിയുടെ മുകളില്‍ കയറിയിരുന്ന് കരടിയുടെ യാത്ര, നേരെ പോയത് പോലീസ് സ്‌റ്റേഷനിലേക്ക്

മാലിന്യവണ്ടിയുടെ മുകളില്‍ രാജാവിനെ പോലെ കയറിയിരുന്ന് യാത്ര ചെയ്യുന്ന ഒരു കരടിയുടെ ചിത്രമാണ് ഇന്ന് സോഷ്യല്‍മീഡിയയില്‍ വൈറലാവുന്നത്. പെന്‍സില്‍വാനിയയിലെ കിഡ്ഡര്‍ ടൗണ്‍ഷിപ്പ് പോലീസാണ് കരടിയുടെ ചിത്രങ്ങള്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്.

പ്രദേശത്തെ ചപ്പുചവറുകള്‍ ശേഖരിച്ച് കൊണ്ടു പോകുന്ന വാഹനത്തിന്റെ മുകളിലാണ് കരടി കയറിയിരുന്നത്. മാലിന്യങ്ങളുടെ അളവ് കുറഞ്ഞതിനാല്‍ മറ്റെവിടെയോ കൂടുതല്‍ കിട്ടാനിടയുണ്ടെന്ന് കരുതിയാവണം കരടി വാനില്‍ കയറിയതെന്നും ഈയിടെയായി കരടികളുടെ പരാതി കൂടിയിട്ടുണ്ടെന്നും പോലീസുദ്യോഗസ്ഥനായ വിന്‍സെന്റ് മുറോ പരിഹാസരൂപേണ പറഞ്ഞു.

പ്രദേശത്ത് കരടികളുടെ സാന്നിധ്യം കൂടിയതിനെ സൂചിപ്പിച്ചായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം. കിഡ്ഡര്‍ ടൗണ്‍ഷിപ്പ് പോലീസ് വകുപ്പ് പോസ്റ്റ് ചെയ്ത വാനിന്റെ മുകളില്‍ യാത്ര ചെയ്യുന്ന കരടിയുടെ ചിത്രങ്ങള്‍ വൈറലാവുക മാത്രമല്ല ആയിരക്കണക്കിനാളുകളാണ് പോസ്റ്റിനോട് പ്രതികരിച്ചത്.

‘കാലങ്ങളായുള്ള കാത്തിരിപ്പിന് ശേഷം ആ വാന് തട്ടിയെടുത്ത് പോകുന്നതു പോലെയാണ് ആ ചിരി…’ എന്നാണ് ചിത്രത്തിന് താഴെ ഒരാള്‍ കമന്റ് ചെയ്തത്. പോസ്റ്റ് ചെയ്ത ചിത്രങ്ങളുടെ ഹൈലറ്റ് ചിരിക്കുന്ന പോലെയുള്ള കരടിയുടെ ഭാവമാണ്. കമന്റുകളേറെയും ചിരിയെ കുറിച്ചാണ്. അതാണ് പോസ്റ്റ് വൈറലാവാനുള്ള പ്രധാന കാരണം.

Exit mobile version