നടന്‍ പ്രഭു കോവിഡ് ബാധിച്ച് ചികിത്സയിലെന്ന് വാര്‍ത്ത; സത്യാവസ്ഥ വ്യക്തമാക്കി നടന്‍

ചെന്നൈ: കോവിഡ് ബാധിച്ച് തമിഴ് നടന്‍ പ്രഭു ആശുപത്രിയിലാണെന്നും ആരോഗ്യനില മോശമാണെന്നുമുള്ള വാര്‍ത്തകള്‍ കഴിഞ്ഞദിവസം വ്യാപമായി പ്രചരിച്ചിരുന്നു. എന്നാല്‍ ഇത്തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ ശരിയല്ല എന്ന് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് പ്രഭു. താന്‍ കോവിഡ് രോഗബാധിതനല്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

കഴിഞ്ഞ ഒന്നാം തിയ്യതി ഇതിഹാസ നടന്‍ ശിവാജി ഗണേശന്റെ തൊണ്ണൂറ്റിരണ്ടാമത് ജന്മവാര്‍ഷികമായിരുന്നു. ഒട്ടേറെ പ്രമുഖര്‍ അദ്ദേഹത്തെ അനുസ്മരിച്ചു. അദ്ദേഹത്തോടുള്ള ആദര സൂചകമായി വീട്ടില്‍ ഒരു ചടങ്ങും സംഘടിപ്പിച്ചു. തമിഴ്‌നാട് ഉപമുഖ്യമന്ത്രി പനീര്‍ശെല്‍വ്വം അടക്കമുള്ള പ്രമുഖരും എത്തി.

എന്നാല്‍ പ്രഭു എത്തിയിരുന്നില്ല. ചടങ്ങില്‍ പ്രഭുവിന്റെ അസാന്നിദ്ധ്യം ആണ് പ്രചരിച്ച വ്യാജ വാര്‍ത്തകള്‍ക്ക് കാരണം. പ്രമുഖരായ അഭിനേതാക്കള്‍ ഒക്കെ എത്തിയപ്പോള്‍ പ്രഭുവിനെ അവിടെ കാണാതിരുന്നത് ആരാധകര്‍ ചര്‍ച്ചയാക്കി. പ്രഭുവിന് കൊവിഡ് ബാധിച്ചെന്നും വാര്‍ത്തകള്‍ വന്നു.

പ്രഭുവിന്റെ മകന്‍ വിക്രം പ്രഭുവും ചടങ്ങിന് എത്താതിരുന്നതിനാല്‍ ഇവര്‍ ഹോം ക്വാറന്റൈനിലാണ് എന്നായിരുന്നു അഭ്യൂഹങ്ങള്‍. വ്യാജവര്‍ത്തകള്‍ ശ്രദ്ധയില്‍പ്പെട്ടതോടെയാണ് പ്രതികരിച്ച് നടന്‍ പ്രഭു തന്നെ രംഗത്തെത്തിയിരിക്കുന്നത്.

തനിക്ക് കോവിഡ് ഇല്ലെന്നും തന്റെ ആരോഗ്യനിലയില്‍ പ്രശ്‌നങ്ങളൊന്നും ഇല്ലെന്നും പ്രഭു പറഞ്ഞു. നനഞ്ഞ തറയിലൂടെ നടക്കുമ്പോള്‍ കണങ്കാലിന് പരുക്കേറ്റതാണ് ചടങ്ങില്‍ നിന്ന് വിട്ടുനില്ക്കാന്‍ കാരണമെന്നാണ് പ്രഭു പറയുന്നത്. ഇത്തരത്തിലുള്ള വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്നും നടന്‍ ആവശ്യപ്പെട്ടു.

Exit mobile version