പ്രിയഗായകനെ ഒരു നോക്കുകാണാൻ തടിച്ചുകൂടി ആരാധകർ; താമരൈപാക്കത്ത് നാളെ സംസ്‌കാരചടങ്ങുകൾ

കോടമ്പാക്കം: അന്തരിച്ച ഇതിഹാസ സംഗീതജ്ഞൻ എസ്പി ബാലസുബ്രഹ്മണ്യത്തിന് അന്ത്യാഞ്ജലി അർപ്പിക്കാൻ അദ്ദേഹത്തിന്റെ വസതിക്ക് മുന്നിൽ തടിച്ചുകൂടി വൻ ജനാവലി. ചെന്നൈ എംജിഎം ആശുപത്രിയിൽ ഉച്ചയ്ക്ക് ഒരു മണിക്കാണ് എസ്പിബി മരണത്തിന് കീഴടങ്ങിയത്. മരണവാർത്ത എത്തിയതിനു പിന്നാലെ കോടമ്പാക്കം കാംധർ നഗർ ഫസ്റ്റ് സ്ട്രീറ്റിലെ അദ്ദേഹത്തിന്റെ വസതിയിലേക്ക് ആരാധകവലയം ഇരച്ചെത്തുകയായിരുന്നു. വൈകിട്ട് നാല് മണിയോടെയാണ് മൃതദേഹം വസതിയിലെത്തിച്ചത്.

കൊവിഡ് ഭീതിയുടെ പശ്ചാത്തലത്തിൽ ശക്തമായ പോലീസ് സന്നാഹമാണ് പ്രദേശത്ത് ഒരുക്കിയിരിക്കുന്നത്. ആരോഗ്യപ്രവർത്തകരുടെ സഹായത്തോടെ പോലീസ് പ്രദേശം അണുവിമുക്തമാക്കുന്നുമുണ്ട്. കൊവിഡ് ഭീതിയെ പോലും അവഗണിച്ചാണ് സാധാരണക്കാരും സംഗീതവിദ്യാർത്ഥികളും സിനിമയിലെ സഹപ്രവർത്തകരുമെല്ലാം കോടമ്പാക്കത്തേക്ക് എത്തിക്കൊണ്ടിരിക്കുന്നത്.

നാളെ രാവിലെ തിരുവള്ളൂർ ജില്ലയിലെ താമരൈപക്കത്തുള്ള എസ്പിബിയുടെ കൃഷിസ്ഥലത്താണ് സംസ്‌കാര ചടങ്ങുകൾ നടക്കുക. നാളെ രാവിലെ ഒമ്പത് മണിയോടെ മൃതദേഹം കോടമ്പാക്കത്തെ വീട്ടിൽ നിന്നും താമരൈപക്കത്തേക്ക് കൊണ്ടുപോകും. 11 മണിയോടെ സംസ്‌കാരം നടക്കും. ഓഗസ്റ്റ് അഞ്ചിന് കൊവിഡ് സ്ഥിരീകരിച്ചതിനു പിന്നാലെയാണ് എസ്പിബിയെ ചെന്നൈയിലെ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചത്.തുടക്കത്തിൽ കാര്യമായ ആരോഗ്യപ്രശ്‌നങ്ങളില്‌ലായിരുന്നെങ്കിലും ന്യൂമോണിയ കൂടി ബാധിച്ചതോടെ നിലവഷളാവുകയായിരുന്നു.

തുടർന്ന് ഓഗസ്റ്റ് 14ന് വെൻറിലേറ്ററിലേക്കും മാറ്റിയിരുന്നു. ഈ മാസം നാലിന് നടത്തിയ കൊവിഡ് പരിശോധന നെഗറ്റീവ് ആയിരുന്നുവെങ്കിലും വെന്റിലേറ്ററിൽ നിന്ന് മാറ്റേണ്ട അവസ്ഥയിലേക്ക് ആരോഗ്യനില എത്തിയിരുന്നില്ല. എങ്കിലും എസ്പിബി തിരിച്ചുവരുമെന്ന് തന്നെയാണ് എല്ലാവരും പ്രതീക്ഷിച്ചത്. ഒടുവിൽ എല്ലാവരേയും നിരാശരാക്കിക്കൊണ്ട് അദ്ദേഹത്തിന്റെ നിലഅതീവ ഗുരുതരമാണെന്ന് അറിയിച്ചുകൊണ്ട് ഇന്നലെ വൈകിട്ട് ആശുപത്രിയുടെ പുതിയ മെഡിക്കൽ ബുള്ളറ്റിൻ പുറത്തെത്തുകയായിരുന്നു.

കഴിഞ്ഞ 24 മണിക്കൂറിനിടെ ആരോഗ്യനില കൂടുതൽ വഷളായെന്നും പരമാവധി ജീവൻരക്ഷാ ഉപകരണങ്ങളുടെ സഹായത്താലാണ് കഴിയുന്നതെന്നുമായിരുന്നു ബുള്ളറ്റിനിൽ. സ്ഥിതി വീണ്ടും വഷളാക്കി ഇന്ന് രാവിലെ അദ്ദേഹത്തിന് ഹൃദയാഘാതവും സംഭവിച്ചിരുന്നു. ഉച്ചയ്ക്ക് ഒരു മണിക്ക് ശേഷമാണ് മരണം.

Exit mobile version