നിങ്ങളുടെ മനസിലെ മാലിന്യം നിങ്ങളിലേയ്ക്ക് മാത്രം ചുരുക്കൂ; കങ്കണയോട് സ്വര ഭാസ്‌കര്‍

ബോളിവുഡ് ഇന്‍ഡസ്ട്രിക്കെതിരെയുള്ള കങ്കണയുടെ ആരോപണങ്ങളില്‍ പ്രതികരിച്ച ജയബച്ചന് കങ്കണ നല്‍കിയ മറുപടിക്കെതിരെ നടി സ്വര ഭാസ്‌കര്‍ രംഗത്ത്. ജയ ബച്ചനെതിരെയുള്ള കങ്കണയുടെ പരാമര്‍ശങ്ങള്‍ ഓക്കാനം വരുത്തുന്നതാണെന്ന് സ്വര ഭാസ്‌കര്‍ അഭിപ്രായപ്പെട്ടു. നിങ്ങളുടെ മനസിലെ മാലിന്യം നിങ്ങളിലേക്ക് മാത്രം ചുരുക്കൂ എന്നും സ്വര ഭാസ്‌ക്കര്‍ കങ്കണയോട് ആവശ്യപ്പെടുകയും ചെയ്തു.

ബോളിവുഡിനെതിരെ കങ്കണ നടത്തിയ പരാമര്‍ശങ്ങള്‍ സംബന്ധിച്ച് ജയബച്ചന്‍ പാര്‍ലമെന്റില്‍ പ്രതിഷേധം അറിയിച്ചിരുന്നു. നിങ്ങള്‍ ഏത് പാത്രത്തില്‍ നിന്നാണോ കഴിക്കുന്നത്, ആ പാത്രത്തില്‍ തന്നെ ഓട്ട വീഴ്ത്താന്‍ ശ്രമിക്കുന്നു എന്നാണ് ബോളിവുഡിനെതിരായ ആരോപണങ്ങളില്‍ ജയബച്ചന്‍ പാര്‍ലമെന്റില്‍ പ്രതികരിച്ചത്.

എന്നാല്‍ ഏത് പാത്രമാണ് ജയാജീയും അവരുടെ ഇന്‍ഡസ്ട്രിയും തനിക്ക് നല്‍കിയതെന്നും രണ്ട് മിനുട്ടുള്ള റോളും, ഐറ്റം ഡാന്‍സുമല്ലേയെന്നും ഇത് എനിക്ക് സ്വന്തമായ പാത്രമാണെന്നും ജയക്കെതിരെ കങ്കണ പറഞ്ഞിരുന്നു. കങ്കണയുടെ ഈ പരാമര്‍ശത്തിനെതിരെയാണ് സ്വര ഭാസ്‌കര്‍ രംഗത്തെത്തിയത്.

എന്നെ അധിക്ഷേപിക്കണമെങ്കില്‍ ചെയ്തോളൂ, നിങ്ങളുടെ വിഡ്ഢിത്തരങ്ങള്‍ സന്തോഷത്തോടെ കേട്ട് ചെളിക്കുള്ളിലെ ഈ ഗുസ്തിയില്‍ ഞാനും പങ്കാളിയാവാം. ഇന്ത്യന്‍ സംസ്‌കാരത്തില്‍ തന്നെ ആദ്യം പഠിപ്പിക്കുന്ന കാര്യം മൂത്തവരെ ബഹുമാനിക്കുക എന്നതാണ്. നിങ്ങളൊരു സ്വയം പ്രഖ്യാപിത ദേശസ്നേഹിയാണ്, സ്വര ട്വിറ്ററില്‍ കുറിച്ചു.

Exit mobile version