കമന്റുകള്‍ കണ്ട അച്ഛന്‍ പറഞ്ഞു, അടുത്ത തവണ കുറച്ചുകൂടി ഇറക്കം കുറഞ്ഞ ഡ്രസ് വാങ്ങി തരാം; സൈബര്‍ ആക്രമണത്തില്‍ തുറന്നടിച്ച് അനശ്വര

ഒരു ചിത്രം പങ്കുവെച്ചതിനെ തുടര്‍ന്നുണ്ടായ സൈബര്‍ ആക്രമണത്തില്‍ പ്രതികരണവുമായി യുവതാരം അനശ്വര രാജന്‍. ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് താരം തന്റെ നിലപാട് വ്യക്തമാക്കിയത്. കമന്റുകള്‍ കണ്ട അച്ഛന്‍ പറഞ്ഞത്, അടുത്ത തവണ കുറച്ചുകൂടി ഇറക്കം കുറഞ്ഞ ഡ്രസ് വാങ്ങി തരാമെന്നാണെന്നും താരം തുറന്നടിച്ചു.

സൈബര്‍ ആക്രമണത്തില്‍ അനശ്വരയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് മറ്റ് നടിമാരും രംഗത്തെത്തിയിരുന്നു. റിമ കല്ലിങ്കല്‍, അഹാന, കനി കുസൃതി, അനാര്‍ക്കലി മരിക്കാര്‍ തുടങ്ങി നിരവധി പേരാണ് രംഗത്തെത്തിയത്. ഇതിന് പിന്നാലെയാണ് നിലപാട് വ്യക്തമാക്കി അനശ്വര രംഗത്തെത്തിയത്.

അനശ്വരയുടെ വാക്കുകള്‍;

ഫോട്ടോഗ്രാഫര്‍ ചിത്രങ്ങള്‍ അയച്ചു തന്നപ്പോള്‍ തനിക്ക് അത് ഒത്തിരി ഇഷ്ടപ്പെട്ടെന്നും അതിനാലാണ് സോഷ്യല്‍ മീഡിയയില്‍ അത് പങ്ക് വെച്ചത്. തുടര്‍ന്ന് കുറച്ചു കമന്റുകള്‍ വായിച്ചപ്പോള്‍ അവരുടെ മാനസികാവസ്ഥ എനിക്ക് മനസിലായിരുന്നു. ആദ്യം അവഗണിക്കാന്‍ തീരുമാനിച്ചു എന്നാല്‍ പിന്നീട് കാര്യങ്ങള്‍ കൈവിട്ടുപോകുമെന്ന് മനസ്സിലായപ്പോഴാണ് ഞാന്‍ പ്രതികരിക്കുവാന്‍ തീരുമാനിച്ചത് അത് വളരെ ആവശ്യമാണെന്ന് തോന്നി.

ഇത് എന്നെ വൈകാരികമായി ബാധിച്ചില്ല, പക്ഷേ നമ്മള്‍ ഇപ്പോഴും ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും പുരോഗമന കേരളത്തിലാണോ എന്ന് ആലോചിച്ചുപോയി നെഗറ്റീവ് അഭിപ്രായങ്ങളുണ്ടാകുമെന്ന് തനിക്ക് അറിയാം, എന്നാല്‍ ഇത്രയ്ക്ക് പ്രതീക്ഷിച്ചിരുന്നില്ല. എന്റെ ഫോട്ടോകളില്‍ അഭിപ്രായമിട്ടവരുടെ സഹോദരിമാരെയും അയല്‍വാസികളെയും കുറിച്ച് ഞാന്‍ ചിന്തിച്ചു. അവര്‍ ഇഷ്ടപ്പെടുന്ന വസ്ത്രങ്ങള്‍ ധരിക്കാന്‍ അവര്‍ ആഗ്രഹിക്കുന്നില്ലേ? സംസ്‌കാരത്തിന്റെയും ധാര്‍മ്മികതയുടെയും പേരില്‍ ഈ ആളുകള്‍ അവരെ അടിച്ചമര്‍ത്തില്ലേ?’ എന്നെപ്പോലുള്ള എല്ലാ പെണ്‍കുട്ടികള്‍ക്കും വേണ്ടിയാണ് ഞാന്‍ മറുപടി നല്‍കിയത്.

മോശം കമന്റിട്ടവരുടെ കണ്ണിന്റെ കുഴപ്പമാണിത്. അവരെയാണ് ബോധവത്കരിക്കേണ്ടത്. എന്റ മാതാപിതാക്കള്‍, കുടുംബം, അയല്‍ക്കാര്‍, സഹപാഠികള്‍ ഇതില്‍ യാതൊരു പ്രശ്‌നവുമില്ല. ചില കമന്റുകള്‍ ഞാന്‍ അച്ഛനെ വായിച്ചു കേള്‍പ്പിച്ചു. അടുത്ത തവണ കുറച്ചു കൂടി ഇറക്കം കുറഞ്ഞ ഡ്രസ്സ് വാങ്ങി തരാമെന്നാണ് അച്ഛന്‍ പറഞ്ഞത്. നമുക്ക് നല്ലതെന്ന് തോന്നുന്നതാണ് നമ്മള്‍ ധരിക്കുന്നത്. അല്ലാതെ ഇത്തരത്തില്‍ കമന്റ് ചെയ്യുന്നവരുടെ സംസ്‌കാരം എന്താണ്? ഞങ്ങള്‍ ധരിക്കുന്നത് ഞങ്ങള്‍ക്ക് നല്ലതെന്ന് തോന്നുന്നത് അടിസ്ഥാനമാക്കിയുള്ളതാണ്, അല്ലാതെ കമന്റ് ചെയ്യുന്നവരുടെ ഇഷ്ടം നോക്കിയല്ല.

Exit mobile version