‘വിഷാദരോഗം തന്നെയും വേട്ടയാടിയിരുന്നു, ജീവിതം തിരികെ തന്നത് ഇസ്ലാം മതം’; തുറന്നുപറഞ്ഞ് യുവന്‍ ശങ്കര്‍ രാജ

നടന്‍ സുശാന്ത് സിങ് രജ്പുതിന്റെ മരണം സിനിമാലോകത്തെയും ആരാധകരെയും ഒന്നടങ്കം വേദനലാഴ്ത്തിയിരുന്നു. പലര്‍ക്കും ഇന്നും സുശാന്തിന്റെ വിയോഗം വിശ്വസിക്കാന്‍ കഴിയുന്നില്ല. വിഷാദരോഗമാണ് സുശാന്തിന്റെ മരണകാരണമെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. സുശാന്തിന്റെ മരണത്തിന് പിന്നാലെ സിനിമാതാരങ്ങളിലെ വിഷാദ രോഗം വലിയ ചര്‍ച്ചയായി മാറി.

വിഷാദ രോഗത്തെ മറികടന്ന് ജീവിതത്തിലേക്ക് തിരിച്ചുവന്നതിന്റെ അനുഭവങ്ങള്‍ തുറന്നുപറഞ്ഞ് പലരും രംഗത്തെത്തി. ഇപ്പോഴിതാ തന്നെയും വിഷാദ രോഗം വേട്ടയാടിയിരുന്നുവെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് തെന്നിന്ത്യന്‍ സംഗീതസംവിധായകരില്‍ ശ്രദ്ധേയനും സംഗീതചക്രവര്‍ത്തി ഇളയരാജയുടെ മകനുമായ യുവന്‍ ശങ്കര്‍ രാജ.

വിഷാദരോഗം തന്നെ വേട്ടയാടിയിരുന്ന സമയങ്ങളില്‍ ജീവിതം അവസാനിപ്പിക്കണമെന്ന് തന്നെയായിരുന്നു ചിന്ത, അതായിരുന്നു ഞാന്‍ നേരിട്ട ഏറ്റവും വലിയ പ്രശ്‌നം. എന്നാല്‍ ഇസ്ലാം മതം സ്വീകരിച്ചതിനു ശേഷം അങ്ങനെ ഉണ്ടായിട്ടില്ലെന്ന് യുവന്‍ ശങ്കര്‍ രാജ പറയുന്നു.

എന്തിനെക്കുറിച്ചാണ് ഭയം തോന്നിയിരുന്നതെന്നും അതിനെ അതിജീവിക്കാന്‍ എന്താണു ചെയ്തതെന്നും സമൂഹമാധ്യമത്തിലൂടെ ഒരു ആരാധകന്‍ ചോദിച്ചിരുന്നു. ഇതിന് പിന്നാലെയാണ് താന്‍ നേരിട്ട വിഷാദ രോഗത്തെക്കുറിച്ച് യുവന്റെ ഈ തുറന്നു പറച്ചില്‍.

‘വിഷാദ രോഗം വല്ലാതെ ബാധിച്ചിരുന്നു. എന്നാല്‍ ഇസ്ലാം മതം സ്വീകരിച്ചതിനു ശേഷം ജീവിതം അവസാനിപ്പിക്കണമെന്ന ചിന്ത അങ്ങനെ ഉണ്ടായിട്ടില്ല. എന്നെ അത്തരം ചിന്തകളില്‍ നിന്നു രക്ഷിക്കാന്‍ ഇസ്ലാം വളരെയധികം സഹായിച്ചിട്ടുണ്ട്’- യുവന്‍ ശങ്കര്‍ രാജ പറഞ്ഞു.

2014ലാണ് ഇസ്ലാം മതം സ്വീകരിച്ചതായി യുവന്‍ വെളിപ്പെടുത്തിയത്. ഇസ്ലാം മതത്തിലേക്കു മാറിയെന്നും അബ്ദുള്‍ ഖാലിക് എന്ന പേര് സ്വീകരിച്ചുവെന്നുമായിരുന്നു യുവന്റെ തുറന്നു പറച്ചില്‍. ആദ്യം അതു കഠിനമായി അനുഭവപ്പെട്ടെങ്കിലും പിന്നീട് അതിനെ ഇഷ്ടപ്പെട്ടുവെന്നു അദ്ദേഹം പറഞ്ഞിരുന്നു.

എന്നാല്‍ പ്രണയിനി സാഫ്‌റൂണ്‍ നിസാമിനെ വിവാഹം ചെയ്യാനായിരുന്നു യുവന്‍ മതപരിവര്‍ത്തനം നടത്തിയതെന്ന് ആരോപണങ്ങളുയര്‍ന്നിരുന്നു. യുവനെ മതപരിവര്‍ത്തനത്തിനു നിര്‍ബന്ധിച്ചിട്ടില്ലെന്നും തന്നെ വിവാഹം ചെയ്യുന്നതിന് മുന്‍പു തന്നെ യുവന്‍ ഇസ്ലാം മതം സ്വീകരിച്ചിരുന്നുവെന്നും സാഫ്‌റൂണ്‍ അടുത്ത കാലത്ത് വ്യക്തമാക്കി.

Exit mobile version