സുശാന്ത് സിങ് നവംബറിൽ വിവാഹിതനാകാൻ പദ്ധതിയിട്ടു; അച്ഛനെയും വിളിച്ച് അറിയിച്ചു; പെൺകുട്ടിയുമായി അഭിപ്രായ വ്യത്യാസമെന്ന് സുഹൃത്തുക്കൾ

ന്യൂഡൽഹി: ഞായറാഴ്ച താമസ സ്ഥലത്ത് മരിച്ചനിലയിൽ കണ്ടെത്തിയ ബോളിവുഡ് താരം സുശാന്ത് സിങ് രാജ്പുത് നവംബറിൽ വിവാഹം കഴിക്കാൻ പദ്ധതിയിട്ടിരുന്നതായി റിപ്പോർട്ട്. ഇതുസംബന്ധിച്ച് പിതാവ് കെകെ സിങ്ങിനോട് സംസാരിച്ചിരുന്നതായും അദ്ദേഹം ഇക്കാര്യം സമ്മതിച്ചിരുന്നുവെന്നും ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

എന്നാൽ, സുശാന്ത് വിവാഹം കഴിക്കാൻ തീരുമാനിച്ചിരുന്ന പെൺകുട്ടിയുമായി അടുത്ത നാളുകളിലായി അഭിപ്രായ ഭിന്നത ഉണ്ടായിരുന്നതായാണ് സുഹൃത്തുക്കൾ പോലീസിന് നൽകിയിരിക്കുന്ന മൊഴി. അതേസമയം, താരം വിവാഹം കഴിക്കാൻ തീരുമാനിച്ചിരുന്ന പെൺകുട്ടിയുടെ പേര് വെളിപ്പെടുത്തിയിട്ടില്ല. വിവാഹത്തിന്റെ തയാറെടുപ്പുകൾക്കായി കുടുംബം ലോക്ക്ഡൗണിനു ശേഷം മുംബൈയിലേക്കു വരാനിരിക്കുകയായിരുന്നുവെന്നാണ് സുശാന്തിന്റെ ബന്ധു വെളിപ്പെടുത്തിയിരിക്കുന്നത്.

അടുത്ത ബന്ധുക്കളെ മാത്രം ഉൾപ്പെടുത്തി വിവാഹം നടത്താനായിരുന്നു തീരുമാനം. റിയാ ചക്രവർത്തിയെന്ന നടിയുമായി സുശാന്തിന് അടുപ്പമുണ്ടായിരുന്നതായാണ് വിവരം. ഇവർ ഒരുമിച്ച് ജിമ്മിൽ വർക്കൗട്ട് ചെയ്യുന്ന ചിത്രങ്ങളും പുറത്തുവന്നിരുന്നു. സുശാന്തിന്റെ മൃതദേഹം സൂക്ഷിച്ചിരിക്കുന്ന ആശുപത്രിയിൽ റിയയും കുടുംബവും സന്ദർശനം നടത്തിയതിന്റെ ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്.

ഞായറാഴ്ച രാവിലെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിലാണ് സുശാന്തിന്റെ മൃതദേഹം കണ്ടെത്തിയത്. മാസങ്ങളായി അദ്ദേഹം മാനസിക സമ്മർദം നേരിട്ടിരുന്നുവെന്നാണ് റിപ്പോർട്ട്. ശ്വാസം മുട്ടിയാണ് സുശാന്ത് മരിച്ചതെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നു. മരണത്തിൽ ദുരൂഹതയില്ലെന്നും മയക്കുമരുന്ന് സാന്നിധ്യം ശരീരത്തിലുണ്ടായിരുന്നില്ല എന്നും മുംബൈ പോലീസ് വ്യക്തമാക്കുന്നു.

Exit mobile version