ചെന്നൈയിലെ ഒരു ചേരിയിലാണ് ജനിച്ച് വളര്‍ന്നത്, ബസിലും അടുത്തുള്ള വീടുകളിലുമെല്ലാം സാരി വിറ്റാണ് അമ്മ ഞങ്ങളെ വളര്‍ത്തിയത്, നിങ്ങളെപ്പോലെയുള്ളവരെ നായികയാക്കാന്‍ പറ്റില്ലെന്ന് ഒരു സംവിധായകന്‍ മുഖത്ത് നോക്കി പറഞ്ഞിട്ടുണ്ട്; ജീവിതം തുറന്ന് പറഞ്ഞ് നടി ഐശ്വര്യ രാജേഷ്

ചെന്നൈയിലെ ഒരു ചേരിയിലാണ് താന്‍ ജനിച്ചുവളര്‍ന്നതെന്ന് തുറന്ന് പറഞ്ഞ് തമിഴ് മലയാള സിനിമ താരം ഐശ്വര്യ രാജേഷ്. സന്തോഷവും സങ്കടവും വേദനയും കൊച്ചു വിജയങ്ങളും നിറഞ്ഞതായിരുന്നു തന്റെ ജീവിതയാത്രയെന്നും താന്‍ ഒരു നടിയാവണമെന്ന് ഏറെ ആഗ്രഹിച്ചത് അമ്മയായിരുന്നെന്നും ഐശ്വര്യ പറയുന്നു.

ടെഡ് ടോക്ക്സിലൂടെയാണ് താരം തന്റെ ജീവിത കഥ ആരാധകരുമായി പങ്കുവെച്ചത്. അച്ഛനും അമ്മയും മൂന്ന് മുതിര്‍ന്ന സഹോദരങ്ങളും ഞാനും ഉള്‍പ്പെട്ട ഒരു ചെറിയ വലിയ കുടുംബമായിരുന്നു എന്റേത്. എട്ടു വയസ്സുള്ളപ്പോഴാണ് അച്ഛന്‍ മരിക്കുന്നത്. പിന്നീട് അമ്മയാണ് ഞങ്ങളുടെ എല്ലാ കാര്യങ്ങളും നോക്കിയിരുന്നത്. അച്ഛനില്ലാത്ത കുറവ് വരുത്താതെ അമ്മ ഞങ്ങളെ വളര്‍ത്തി. പഠിപ്പിച്ചു.

എന്റെ ജീവിതത്തില്‍ ഞാന്‍ കണ്ട യഥാര്‍ത്ഥ പോരാളിയായിരുന്നു എന്റെ അമ്മ. വിദ്യാഭ്യാസമില്ലാത്ത, ഒരു ഇംഗ്ലീഷ് വാക്കു പോലും അറിയാത്ത തെലുങ്ക് മാത്രം അറിയാവുന്ന ഒരാളായിരുന്നു എന്റെ അമ്മ. എന്റെ മാതൃഭാഷ തെലുങ്കാണ്. ബോംബെയില്‍ പോയി വില കൂടിയതും അല്ലാത്തതുമായ സാരികള്‍ വാങ്ങി ചെന്നൈയില്‍ കൊണ്ടു വന്നു ബസിലും അടുത്തുള്ള വീടുകളിലും പരിചയക്കാരുടെ അടുത്തെല്ലാം വില്‍ക്കുമായിരുന്നു അമ്മ.

എല്‍ഐസി ഏജന്റായും അമ്മ ജോലി ചെയ്തിട്ടുണ്ട്. അന്ന് ഇന്നത്തെ പോലെ അത്ര ശമ്പളമൊന്നും ഉണ്ടായിരുന്നില്ല. ഞങ്ങളെ വളര്‍ത്താന്‍ അമ്മ ചെയ്യാത്ത ജോലികളുണ്ടായിരുന്നില്ല. നല്ല വിദ്യാഭ്യാസത്തിനായി ഞങ്ങളെ നല്ല സ്‌കൂളുകളില്‍ ചേര്‍ത്തു. കഷ്ടപ്പാടുകള്‍ അനുഭവിച്ച് ജീവിതം മുന്നോട്ട് പോകുന്നതിനിടെയായിരുന്നു മൂത്ത ചേട്ടന്‍ രാഘവേന്ദ്രന്റെ മരണം.

ചേട്ടന്‍ ഒരു പെണ്‍കുട്ടിയുമായി പ്രണയത്തിലായിരുന്നു. ചേട്ടന്‍ ആത്മഹത്യ ചെയ്യുകയായിരുന്നു. എന്നാല്‍ ആത്മഹത്യയുടെ കാരണം ഇന്നും അറിയില്ല. വര്‍ഷങ്ങള്‍ കടന്നു പോയി. രണ്ടാമത്തെ സഹോദരന്‍ ചെന്നൈ എസ്.ആര്‍.എം കോളേജില്‍ ഹോട്ടല്‍ മാനേജ്മെന്റ് പഠനം പൂര്‍ത്തിയാക്കി. പഠിച്ചിറങ്ങിയ ഉടനെ ഉയര്‍ന്ന ശമ്പളമുള്ള ജോലി കിട്ടി. അന്ന് അമ്മ ഒരുപാട് സന്തോഷിച്ചു. എന്നാല്‍ ഒരു വാഹനാപകടത്തില്‍ ചേട്ടനും മരിച്ചു.

രണ്ടു മക്കളെയും നഷ്ടപ്പെട്ട അമ്മയും സഹോദരങ്ങളെ നഷ്ടപ്പെട്ട ഞാനും ആകെ തളര്‍ന്നു. ഞാനും എന്റെ സഹോദരനും അമ്മയും മാത്രമായി. മകളെന്ന നിലയില്‍ കുടുംബത്തെ സംരക്ഷിക്കണമെന്ന് ഞാനും ആഗ്രഹിച്ചു. അന്ന് ഞാന്‍ പതിനൊന്നാം ക്ലാസിലാണ്.

ചെന്നൈ ബസന്ത് നഗറില്‍ ഒരു സൂപ്പര്‍മാര്‍ക്കറ്റിനു മുന്നില്‍ നിന്നുകൊണ്ട് കാഡ്ബറീസ് ചോക്ലേറ്റ് സോസിന്റെ പ്രൊമോഷന്‍ ചെയ്തിട്ടുണ്ട്. അന്നെനിക്ക് 225 രൂപ കൂലി കിട്ടി. ബര്‍ത്ത്ഡേ പാര്‍ട്ടികളില്‍ ആങ്കറായി ചെന്നും പണമുണ്ടാക്കി. അഞ്ഞൂറും ആയിരവും സമ്പാദിച്ചുകൊണ്ടിരുന്നു. അങ്ങനെ അയ്യായിരം രൂപ വരെ ഒരു മാസം ഞാന്‍ സമ്പാദിക്കാന്‍ തുടങ്ങി. എന്നാല്‍ ഒരു കുടുംബം പോറ്റാന്‍ അതു മതിയാകില്ലല്ലോ. അങ്ങനെ അഭിനയത്തിലേക്കിറങ്ങാന്‍ തീരുമാനിച്ചു.

ആദ്യം സീരിയലുകളില്‍ അവസരം കിട്ടുമോയെന്ന് നോക്കി. ആയിടക്കാണ് ഒരു നൃത്ത റിയാലിറ്റി ഷോയില്‍ പങ്കെടുത്തത്. അതിലൂടെ ശ്രദ്ധിക്കപ്പെട്ടു. അങ്ങനെ സിനിമ ഒരു ലക്ഷ്യമാക്കി അതിന് വേണ്ടിയുള്ള ശ്രമങ്ങളായി. ‘അവര്‍കളും ഇവര്‍കളും’ ആയിരുന്നു ആദ്യചിത്രം. അത് സാമ്പത്തികമായി പരാജയപ്പെട്ടു. പിന്നെയും ശ്രമിച്ചുകൊണ്ടിരുന്നു. തമിഴ് സംസാരിക്കുന്ന പെണ്‍കുട്ടിയെന്ന നിലയിലും എന്റെ ഇരുണ്ടനിറം കാരണവും പലയിടത്തും പല അവസരങ്ങളും നഷ്ടപ്പെട്ടു.

ഒരു സംവിധായകന്‍ ഒരിക്കല്‍ എന്നോടു നേരിട്ടു പറഞ്ഞു. നിങ്ങളെപ്പോലെയുള്ളവരെ നായികയാക്കാന്‍ പറ്റില്ല. നായികയുടെ സുഹൃത്ത് അങ്ങനെയുള്ള ചെറിയ റോളുകള്‍ നിങ്ങള്‍ക്കു പറ്റും. ഒരിക്കല്‍ വളരെ പ്രശസ്തനായ ഒരു സംവിധായകന്‍ എന്നോടു പറഞ്ഞു. കോമഡി കൈകാര്യം ചെയ്യുന്ന നടനൊപ്പം ഒരു റോള്‍ തരാം.

എന്നാല്‍ ഞാന്‍ താത്പര്യമില്ലെന്ന് പറഞ്ഞു. രണ്ടുമൂന്നു വര്‍ഷം അവസരമൊന്നും ലഭിച്ചില്ല. പിന്നീട് അഭിനയിച്ച അട്ടക്കതിയിലെ അമുദ എന്ന കഥാപാത്രം ശ്രദ്ധിക്കപ്പെട്ടതോടെയാണ് പനിയേറും പദ്മിനിയും, റമ്മി, തിരുടന്‍ പൊലീസ് അങ്ങനെ ലീഡ് റോളുകള്‍ ചെയ്യാന്‍ തുടങ്ങി. രണ്ടു കുട്ടികളുടെ അമ്മയായി അഭിനയിച്ച കാക്കമുട്ടയും ശ്രദ്ധിക്കപ്പെട്ടു.

ക്രിക്കറ്റ് താരമായി അഭിനയിച്ച കനാ എന്റെ ജീവിതം മാറ്റിമറിച്ചു. നിരവധി പുരസ്‌കാരങ്ങള്‍ കിട്ടി. നിരവധി വലിയ കാര്യങ്ങള്‍ എന്റെ ജീവിതത്തില്‍ സംഭവിച്ചു. ആരും എന്നെ പിന്തുണക്കാനുണ്ടായിരുന്നില്ല. ഞാനാണ് എന്നെ തന്നെ സപ്പോര്‍ട്ട് ചെയ്തത്-ഐശ്വര്യ പറയുന്നു.

Exit mobile version