അഡ്വാൻസ് വാങ്ങി അഭിനയിക്കാൻ ചെന്നപ്പോൾ നായിക ദിവ്യ ഉണ്ണി; അടുത്ത ചിത്രം തട്ടിയെടുത്തത് കാവ്യ; പിആർ വർക്ക് ചെയ്യാനാളില്ലാതെ നഷ്ടമായ അവസരങ്ങളെ കുറിച്ച് കാവേരി

ബാലതാരമായി എത്തി മലയാളി സിനിമാപ്രേക്ഷകരുടെ ഇഷ്ടതാരമായി മാറിയ നടിയാണ് കാവേരി. ഇടക്കാലത്ത് മലയാളം വിട്ട് മറ്റ് തെന്നിന്ത്യൻ ഭാഷകളിലേക്ക് കാവേരി ചേക്കേറുകയും ചെയ്തു. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ സിനിമകളിൽ അഭിനയിച്ച് പുരസ്‌കാരങ്ങൾ വാങ്ങിക്കൂട്ടി താരത്തിന് പക്ഷെ മലയാളത്തിൽ വേണ്ടത്ര പ്രശസ്തി ലഭിച്ചോ എന്ന കാര്യത്തിൽ സംശയമാണ്.

അതേസമയം, തന്നെ തേടി മലയാളത്തിൽ നിന്നും നിരവധി വേഷങ്ങൾ എത്തിയെങ്കിലും തനിക്ക് അത് കൈയ്യെത്തും ദൂരത്ത് വെച്ച് നഷ്ടപ്പെടുകയായിരുന്നു എന്ന് വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് താരം. അക്കാലത്ത് തിളങ്ങിയ പല നടിമാരും തന്നെ തേടിയെത്തിയ വേഷങ്ങൾ തട്ടിയെടുത്താണ് പ്രശസ്തരായതെന്നും കാവേരി വെളിപ്പെടുത്തുന്നു. മുമ്പും കാവേരി ഇക്കാര്യത്തെ കുറിച്ച് തുറന്ന് പറഞ്ഞിട്ടുണ്ടെങ്കിലും ഈയടുത്ത് ഈ വിഷയങ്ങൾ വീണ്ടും സോഷ്യൽമീഡിയ ചർച്ച ചെയ്യുകയാണ്.

കാവേരിയുടെ വാക്കുകൾ ഇങ്ങനെ: ഉദ്യാനപാലകൻ എന്ന ചിത്രത്തിലൂടെ നായികയായി അരങ്ങേറ്റം കുറിച്ച തന്നെ രാജസേനൻ സാർ വിളിച്ച് ഒരു ഗംഭീര കഥ പറഞ്ഞു. അമ്മയും താനും ആ കഥ കേട്ട് കരഞ്ഞു പോയി. ജയറാം നായകനായി എത്തിയ കഥാനായകനായിരുന്നു അത്. ചിത്രം ചെയ്യാമെന്നേറ്റ് അഡ്വാൻസ് തുകയും വാങ്ങി. എന്നാൽ അഭിനയിക്കാൻ ചെന്നപ്പോൾ ആ വേഷം ദിവ്യാ ഉണ്ണിക്കാണെന്ന് പറഞ്ഞു. അന്ന് വിഷമം സഹിക്കാനാകാതെ ഞാൻ കരഞ്ഞു.

അതിനുശേഷം വർണ്ണപകിട്ട് എന്ന ചിത്രവും തനിക്കുവന്നു. എന്നാൽ അതിലും നായികാ സ്ഥാനത്തേക്ക് ദിവ്യ ഉണ്ണിയെത്തി. കൂടാതെ ദിലീപ് നായകാനായി എത്തിയ സൂപ്പർ ഹിറ്റ് ചിത്രം ചന്ദ്രനുദിക്കുന്ന ദിക്കിൽ എന്ന ചിത്രവും തനിക്കു വന്നിരുന്നെന്നും എന്നാൽ അതും കൈയ്യിൽ വന്നുപോയി എന്നും അങ്ങനെ നിരവധി വേഷങ്ങൾ തനിക്ക് നഷ്ടമായെന്ന് കാവേരി പറയുന്നു.

അന്നത്തെ നായികമാർക്കെല്ലാം പിആർഒ വർക്ക് ചെയ്യാൻ ആളുണ്ടായിരുന്നുവെന്നും എന്നാൽ എനിക്കതില്ലാത്തതു കൊണ്ടാകാം അങ്ങനെയെല്ലാം സംഭവിച്ചതെന്നും തനിക്ക് ആരോടും പരാതിയില്ലെന്നും താരം പറയുന്നു.

മലയാളത്തിൽ തിളങ്ങാനായില്ലെങ്കിലും കാവേരി പിന്നീട് തെലുങ്കിൽ മുൻനിര നടിയായി പേരെടുത്തു. അവുനു വല്ലിടാരു ഇസ്ട പടാരു (2002) എന്ന ചിത്രത്തിന് മികച്ച നടിക്കുള്ള നന്ദി അവാർഡും നേടിയിട്ടുണ്ട് കാവേരി. സത്യം, ധന 51 എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുള്ള തെലുങ്കിലെ പ്രമുഖ സംവിധായകൻ സൂര്യകിരണാണ് കാവേരിയുടെ ഭർത്താവ്. തെലുങ്ക് നടൻ ചേതൻ ചീനു നായകനായി എത്തുന്ന കെ.2.കെ പ്രൊഡക്ഷൻസ് നിർമിക്കുന്ന രണ്ട് ഭാഷകളിലായി ഒരുങ്ങുന്ന ഒരു റൊമാന്റിക് സൈക്കോളജിക്കൽ ത്രില്ലർ ചിത്രം സംവിധാനം ചെയ്ത് സിനിമാലോകത്തേക്ക് തിരിച്ചെത്താനിരിക്കുകയാണ് കാവേരി. ചിത്രത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

Exit mobile version