ഡാഡ നാട്ടിലെത്തിയ സന്തോഷത്തില്‍ അല്ലി, ഈ തിരിച്ചുവരവിന് സഹായിച്ച എല്ലാ അധികാരികളോടും നന്ദി രേഖപ്പെടുത്തുന്നുവെന്ന് സുപ്രിയ മേനോന്‍

ജോര്‍ദാനില്‍ നിന്ന് പൃഥ്വിരാജ് ഉള്‍പ്പെടെയുള്ള സിനിമാ സംഘം കൊച്ചിയില്‍ തിരിച്ചെത്തിയ സന്തോഷം പങ്കുവെച്ച് പൃഥ്വിരാജിന്റെ ഭാര്യ സുപ്രിയ മേനോന്‍. ഇന്‍സ്റ്റഗ്രാമിലൂടെയാണ് സുപ്രിയ സന്തോഷം പങ്കുവെച്ചത്. ഡാഡ നാട്ടിലെത്തിയ സന്തോഷത്തിലാണ് അല്ലിയെന്നും തിരിച്ചുവരവിന് സഹായിച്ച എല്ലാ അധികാരികളോടും ഞങ്ങള്‍ക്കുള്ള നന്ദി രേഖപ്പെടുത്തുന്നുവെന്നുമാണ് അവര്‍ കുറിച്ചത്.

‘ഏതാണ്ട് മൂന്ന് മാസത്തിന് ശേഷം പൃഥ്വിരാജും ആടുജീവിതം സംഘവും കേരളത്തിലെത്തി. നിര്‍ദേശം അനുസരിച്ചുള്ള ക്വാറന്റൈന്‍ കേന്ദ്രത്തില്‍ അവര്‍ നിരീക്ഷണത്തില്‍ കഴിയും. നീണ്ട കാത്തിരിപ്പായിരുന്നു ഇത്. പക്ഷേ ഓരോരുത്തരോടും ഈ തിരിച്ചുവരവിന് സഹായിച്ച എല്ലാ അധികാരികളോടും ഞങ്ങള്‍ക്കുള്ള നന്ദി രേഖപ്പെടുത്തുന്നു. ഞങ്ങള്‍ക്കായി പ്രാര്‍ത്ഥിച്ച,
ഞങ്ങള്‍ വേര്‍പിരിഞ്ഞിരുന്ന സമയത്ത് ശക്തി പകര്‍ന്ന എല്ലാ ആരാധകരോടും അഭ്യുദയകാംഷികളോടും നന്ദി അറിയിക്കുന്നു. ഡാഡ തിരിച്ചുവന്ന സന്തോഷത്തിലാണ് അല്ലി, രണ്ട് ആഴ്ച്ചയ്ക്ക് ശേഷം കാണാമെന്ന് പ്രതീക്ഷിക്കുന്നു’എന്നാണ് സുപ്രിയ കുറിച്ചത്.

ഇന്ന് രാവിലെ ഒമ്പത് മണിയോടെ എയര്‍ ഇന്ത്യാ വിമാനത്തിലാണ് സംഘം നെടുമ്പാശ്ശേരിയില്‍ എത്തിയത്. ഇന്നലെ രാത്രിയോടെയാണ് ജോര്‍ദാനില്‍ നിന്ന് സംഘം പുറപ്പെട്ടത്. 58 പേരാണ് സിനിമാ സംഘത്തിലുള്ളത്. വിമാനത്താവളത്തില്‍ നിന്ന് ഇവര്‍ നേരെ ഫോര്‍ട്ട് കൊച്ചിയിലെ ക്വാറന്റീന്‍ സെന്ററിലേക്കാണ് പോയത്. 14 ദിവസം ഇവിടെ നിരീക്ഷണത്തില്‍ തുടരും.

Exit mobile version