ലോക്ക് ഡൗണില്‍ ലോക്കായി വിഷു ചിത്രങ്ങളും; മലയാള സിനിമകള്‍ ഓണ്‍ലൈനായി റിലീസ് ചെയ്യാന്‍ ആലോചന…? പുതിയ റിപ്പോര്‍ട്ട്

കൊറോണ വൈറസ് വ്യാപനത്തിന്റെ അടിസ്ഥാനത്തില്‍ പ്രഖ്യാപിച്ച ലോക്ക് ഡൗണില്‍ ലോക്കായത് ജനങ്ങള്‍ മാത്രമല്ല, സിനിമാ ചിത്രങ്ങളുമാണ്. ഈ സാഹചര്യത്തില്‍ ചിത്രങ്ങള്‍ ഓണ്‍ലൈനായി റിലീസ് ചെയ്യാനുള്ള സാധ്യത തേടുകയാണ് മലയാള സിനിമാ നിര്‍മ്മാതാക്കള്‍. വിഷു, റംസാന്‍ സീസണില്‍ റിലീസിനായി ഒരുക്കിയ ചിത്രങ്ങളാണ് ഓണ്‍ലൈനായി ചെയ്യാന്‍ തീരുമാനം എടുത്തതെന്നാണ് വിവരം.

ഏകദേശം 600 കോടി രൂപയുടെ നഷ്ടം ലോക്ക് ഡൗണ്‍ മൂലം സിനിമാ വ്യവസായത്തിന് സംഭവിച്ചെന്നാണ് പ്രാഥമിക കണക്ക്. ജ്യോതിക നായികയായ പൊന്‍മകള്‍ വന്താല്‍ എന്ന തമിഴ് സിനിമയുടെ ഓണ്‍ലൈന്‍ റിലീസാണ് ഈ തലത്തിലേക്ക് മാറി ചിന്തിക്കാന്‍ നിര്‍മ്മാതാക്കളെ പ്രേരിപ്പിച്ചത്. പൊന്‍മകള്‍ വന്താല്‍ സിനിമ ആമസോണ്‍ പ്രൈമിലൂടെയാണ് റിലീസ് ചെയ്യുന്നത്. ഈ സാധ്യത മലയാളത്തിലും സ്വീകരിക്കാനാവുമോ എന്ന സാധ്യതയാണ് തേടുന്നത്.

മോഹന്‍ലാലിന്റെ കുഞ്ഞാലിമരിക്കാര്‍, മമ്മൂട്ടിയുടെ വണ്‍, ടൊവീനോയുടെ കിലോമീറ്റേഴ്‌സ് ആന്റ് കിലോമീറ്റേഴ്‌സ്, ആസിഫിന്റെ കുഞ്ഞെല്‍ദോ തുടങ്ങിയ വിഷു സിനിമകള്‍ റിലീസ് തടസപ്പെട്ടിരിക്കുകയാണ്. റംസാന്‍ റിലീസും അനിശിചിതത്വത്തിലായി. ഏകദേശം 600 കോടി രൂപയുടെ നഷ്ടമാണ് മലയാളത്തില്‍ മാത്രം സിനിമാ മേഖലയില്‍ ഉണ്ടായിരിക്കുന്നത്. ഇതെല്ലാം കണക്കിലെടുത്താണ് തീരുമാനം.

നെറ്റ്ഫ്‌ളിക്‌സ് , ആമസോണ്‍ തുടങ്ങിയ ഓണ്‍ലൈന്‍ കമ്പനികളുമായി ചില നിര്‍മാതാക്കള്‍ അനൗദ്യോഗിക ചര്‍ച്ചകളും തുടങ്ങി. എന്നാല്‍ ഇവരുടെ ഭാഗത്ത് നിന്ന് നിര്‍മ്മാതാക്കള്‍ക്ക് ലഭിച്ച പ്രതികരണം ആശാവഹമല്ല. തമിഴ് ,തെലുങ്ക് ,ഹിന്ദി സിനിമകളെ അപേക്ഷിച്ച് മലയാള സിനിമക്ക് വലിയ വിപണന സാധ്യതകളില്ല എന്നതാണ് പ്രധാന പ്രശ്‌നം. അതുകൊണ്ട് വളരെ കുറഞ്ഞ നിരക്കാണ് വാഗ്ദാനം ലഭിച്ചിരിക്കുന്നത്. ഔദ്യോഗിക ചര്‍ച്ചകള്‍ നടന്നിട്ടില്ലെന്ന് പ്രൊഡ്യൂസേര്‍സ് അസോസിയേഷന്‍ പ്രസിഡന്റ് എം രഞ്ജിത് പറയുന്നത്.

Exit mobile version