സുപ്രീംകോടതിയുടെ പ്രവർത്തനത്തിൽ താൻ നിരാശൻ: വിമർശിച്ച് ജസ്റ്റിസ് ലോകുർ

സുപ്രീംകോടതിയുടെ പ്രവർത്തനത്തിൽ താൻ നിരാശൻ; മൗലികാവകാശങ്ങൾക്ക് പ്രാധാന്യമില്ലെന്ന ചീഫ്ജസ്റ്റിസിന്റെ നിലപാട് തെറ്റ്; അർണബിന്റെ കേസിന് പ്രാധാന്യം കൊടുത്തതിനേയും വിമർശിച്ച് ജസ്റ്റിസ് ലോകുർ

ന്യൂഡൽഹി: സുപ്രീംകോടതിയുടെ പ്രവർത്തനത്തിൽ താൻ നിരാശനാണെന്നും ഭരണഘടനാപരമായ ഉത്തരവാദിത്തം സുപ്രീംകോടതി വേണ്ട രീതിയിൽ നിറവേറ്റുന്നില്ലെന്നും മുൻ സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് മദൻ ലോകുർ വിമർശിച്ചു. സുപ്രീം കോടതി ആത്മപരിശോധന നടത്തണമെന്നും നന്നായി പ്രവർത്തിക്കാൻ കഴിവുള്ള സുപ്രീംകോടതി നന്നായിരുന്ന് ചിന്തിച്ച് എങ്ങനെ ഇനി മുന്നോട്ടുപോവണമെന്ന് തിട്ടപ്പെടുത്തണമെന്നും അദ്ദേഹം നിർദേശിച്ചു. കോടതി തീർച്ചയായും ഇപ്പോഴുള്ളതിനേക്കാൾ കൂടുതൽ സജീവമായിരിക്കണമെന്നും ദി വൈറിനു വേണ്ടി കരൺ ഥാപ്പർ നടത്തിയ അഭിമുഖത്തിൽ ലോകുർ അഭിപ്രായപ്പെട്ടു.

കുടിയേറ്റ തൊഴിലാളികളുടെ ജീവിക്കാനുള്ള അവകാശത്തെക്കുറിച്ചുള്ള ഒരു ഹർജി തീർപ്പാക്കാൻ കോടതി മൂന്ന് ആഴ്ച എടുത്തതിനെ ജസ്റ്റിസ് ലോകുർ വിമർശിച്ചു. കുടിയേറ്റ തൊഴിലാളികളെ കോടതി നിരാശരാക്കിയെന്നു അദ്ദേഹം അഭിപ്രായപ്പെട്ടു.

അവകാശങ്ങൾക്ക് മുൻഗണന കൊടുക്കേണ്ട ഒരു സമയമല്ലിതെന്ന് രണ്ട് ദിവസം മുമ്പ് ദി ഹിന്ദുവിന് നൽകിയ അഭിമുഖത്തിൽ ബോബ്‌ഡെ പറഞ്ഞിരുന്നു. എന്നാൽ നിലവിലുള്ള സാഹചര്യം കാരണം മൗലികാവകാശങ്ങൾ അത്ര പ്രധാനമല്ലെന്ന് പറയുന്നത് തന്നെ തെറ്റായ കാഴ്ച്ചപ്പാടാണെന്നായിരുന്നു ലോകുറിന്റെ പരാമർശം. ജീവിക്കാനുള്ള അവകാശത്തെ കുറിച്ച് ഈ സമയം നമുക്ക് മറക്കാമെന്ന് നിങ്ങൾക്ക് പറയാനാവില്ല. അടിയന്താരാവസ്ഥ കാലത്ത് നിങ്ങളത് മറന്നില്ലെങ്കിൽ ഇന്നും നിങ്ങളത് മറക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.

കുടിയേറ്റ തൊഴിലാളികളുടെ അവകാശങ്ങളുമായി ബന്ധപ്പെട്ട കേസുകൾ നീട്ടിവെക്കുകയും മാധ്യമപ്രവർത്തകനായ അർണബ് ഗോസ്വാമിയുടെ ഹർജി 15 മണിക്കൂറിനുള്ളിൽ കേൾക്കുകയും ചെയ്ത നടപടിയെയും ലോകുർ വിമർശിച്ചു. അടിയന്തിര പ്രാധാന്യമുള്ളതല്ലാത്ത കേസായിട്ടും സുപ്രീം കോടതി ആ ഹർജി പരിഗണിച്ചത് തെറ്റായിപ്പോയെന്ന് ലോകുർ പറഞ്ഞു. കുടിയേറ്റക്കാരുടെ അവകാശം, അവരുടെ പാർപ്പിടം, ഭക്ഷണം, വേതനം എന്നിവയേക്കാൾ പ്രാധാന്യമുള്ള മറ്റൊരു കേസുമില്ല. അതീവ പ്രാധാന്യമർഹിക്കുന്ന വിഷയമായിരുന്നു അത്. അതിന് പകരം 10 എഫ്ആർ ഫയൽ ചെയ്ത ഒരു കേസാണ് നിങ്ങൾ പരിഗണിച്ചത്. എന്ത് അടിയന്തിര പ്രാധാന്യമാണതിനുള്ളത്. അറസ്റ്റിനുള്ള സാധ്യതയും കുറവായിരുന്നു. കുടിയേറ്റക്കാരുടെ ദുരവസ്ഥയെയും ദരിദ്രരുടെ അവസ്ഥയെയും ഇതുമായി താരതമ്യം ചെയ്യാൻ പോലുമാവില്ല. അടിയന്തിര പ്രാധാന്യമില്ലാത്ത അർണബിന്റെ കേസെടുത്തത് സുപ്രീം കോടതി ചെയ്ത വലിയ തെറ്റാണെന്നും ലോകുർ അഭിപ്രായപ്പെട്ടു.

പല ഹേബിയസ് കോർപസ് പെറ്റീഷനുകൾ കോടതി കേൾക്കാനെടുക്കുന്ന കാലതാമസത്തെ വിമർശിച്ച ലോകുർ കോടതിയുടെ നടപടികൾ നിരാശപ്പെടുത്തുന്നുവെന്നും താൻ നിരാശനാണെന്നും വെളിപ്പെടുത്തി.

Exit mobile version